കൗഡ (സുഡാൻ): ആഭ്യന്തര യുദ്ധം തകർത്ത സുഡാനിൽ വീണ്ടും വംശീയ ഏറ്റുമുട്ടലുകൾ ചോരപ്പുഴയൊഴുക്കുന്നു. ദക്ഷിണ സുഡാൻ അതിർത്തിയോട് ചേർന്നുള്ള സൗത്ത് കോർഡോഫാൻ മേഖലയിൽ രണ്ടാഴ്ചയായി തുടരുന്ന സംഘർഷത്തിൽ 61 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒൻപത് കുട്ടികളും അഞ്ച് സ്ത്രീകളും ഉൾപ്പെടുന്നുവെന്ന് മെഡിക്കൽ സംഘടനയായ സുഡാൻ ഡോക്ടേഴ്‌സ് നെറ്റ്‌വർക്ക് അറിയിച്ചു.
മേഖലയിലെ കൗഡ നഗരത്തിൽ ഈ മാസം ആദ്യമാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. വിമത ഗ്രൂപ്പായ സുഡാൻ പീപ്പിൾസ് ലിബറേഷൻ മൂവ്‌മെന്റ്-നോർത്തും പ്രാദേശിക ഗോത്രവർഗമായ ‘ഒട്ടോറോ’ വിഭാഗവും തമ്മിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. അബ്ദുൽ അസീസ് അൽ-ഹിലുവിന്റെ നേതൃത്വത്തിലുള്ള സുഡാൻ പീപ്പിൾസ് ലിബറേഷൻ മൂവ്‌മെന്റ്-നോർത്ത് വിഭാഗം സുഡാൻ സൈന്യത്തിനെതിരെ പോരാടുന്ന പാരാമിലിറ്ററി വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സുമായി ചേർന്നാണ് ആക്രമണം നടത്തുന്നത്.
സാധാരണക്കാരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന രീതിയാണ് വിമതർ സ്വീകരിക്കുന്നത്. ജനവാസ കേന്ദ്രങ്ങൾ അഗ്നിക്കിരയാക്കുകയും വീടുകളും കടകളും വ്യാപകമായി കൊള്ളയടിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ജീവൻ രക്ഷിക്കാനായി ആയിരക്കണക്കിന് ആളുകൾ പാലായനം ചെയ്തതായാണ് വിവരം.
ആശയവിനിമയ സംവിധാനങ്ങൾ പൂർണമായും തകരാറിലായതിനാൽ മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് സംഘടനയുടെ വക്താവ് മുഹമ്മദ് അൽഷൈഖ് പറഞ്ഞു. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാനോ ഭക്ഷണവും മരുന്നും എത്തിക്കാനോ കഴിയാത്ത വിധം ഗതാഗത പാതകൾ വിമതരുടെ നിയന്ത്രണത്തിലാണ്. മേഖലയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.