വി.ഡി സതീശന്‍: ജനങ്ങള്‍ ഏറ്റെടുത്ത കോണ്‍ഗ്രസിന്റെ ഒറ്റയാള്‍ പോരാട്ട മുഖം

വി.ഡി സതീശന്‍: ജനങ്ങള്‍ ഏറ്റെടുത്ത കോണ്‍ഗ്രസിന്റെ ഒറ്റയാള്‍ പോരാട്ട മുഖം

കൊച്ചി: ജനകീയതയാണ് മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ വി.ഡി സതീശന് നിര്‍ണായകമായത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം പൊതുജനങ്ങള്‍ക്കിടയിലുമുള്ള സ്വീകാര്യത പറവൂര്‍കാരനായ സതീശനെ അവസാനം മുഖ്യമന്ത്രി സ്ഥാനത്ത് എത്തിച്ചു. സഭയ്ക്കകത്തും പുറത്തും കോണ്‍ഗ്രസിന്റെ ഒറ്റയാള്‍ പോരാട്ട മുഖമായിരുന്നു വി.ഡി സതീശന്‍. ഒരു തവണ പോലും മന്ത്രിയാകാതെയാണ് സതീശന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത് എന്നതും ശ്രദ്ധേയം.

2021 ല്‍ വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കുമ്പോള്‍ സഭയില്‍ കോണ്‍ഗ്രസിന്റെ പ്രാതിനിധ്യം വെറും 21 സീറ്റായിരുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ തന്റെ പാര്‍ട്ടിയുടെ അംഗബലം 63 ആക്കി ഉയര്‍ത്തിയ സതീശന്‍ ഐക്യജനാധിപത്യ മുന്നണിക്ക് ചരിത്ര വിജയവും സമ്മാനിച്ചു. ആദ്യമായി കേരളത്തില്‍ നൂറിലധികം സീറ്റ് നേടുന്ന മുന്നണിയാക്കി യുഡിഎഫിനെ മാറ്റന്നതില്‍ 'സതീശനിസം' വലിയ പങ്കുവഹിച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷവും പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടു വന്ന വിഷയങ്ങളെ കൃത്യമായി ജനങ്ങളിലെത്തിക്കാന്‍ കഠിനാധ്വാനം നടത്തുകയും അതിലൂടെ ഭരണപക്ഷത്തെ മുള്‍മുനയിലാക്കുകയും ചെയ്തിരുന്നത് വി.ഡി സതീശനായിരുന്നു. ഏതു വിഷയവും ആഴത്തില്‍ പഠിച്ച ശേഷം സഭയിലും പുറത്തും അവതരിപ്പിക്കുന്നതായിരുന്നു അദേഹത്തിന്റെ ശൈലി. അത് വലിയ തോതില്‍ ശ്രദ്ധിക്കപ്പെടുകയും പൊതുജന സ്വീകാര്യത നേടിയെടുക്കുകയും ചെയ്തു.

കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ വി.ഡി സതീശന്‍ എറണാകുളം ജില്ലയിലെ നെട്ടൂര്‍ സ്വദേശിയാണ്. വടശേരി ദാമോദര മേനോനാണ് പിതാവ്. മാതാവ് വി. വിലാസിനി. നെട്ടൂര്‍ എസ്.വി യുപി സ്‌കൂളില്‍ പ്രൈമറി വിദ്യാഭ്യാസവും പനങ്ങാടില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. തേവര സേക്രഡ് ഹാര്‍ട് കോളജിലെ ബിരുദ പഠന ശേഷം നിയമ ബിരുദവും നേടി.

എംജി സര്‍വകലാശാല യൂണിയന്‍ കൗണ്‍സിലറും എംജി യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാനുമായിരുന്നു. എന്‍എസ്യു ദേശീയ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് എഐസിസി സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ് പദവികളും വഹിച്ചിട്ടുണ്ട്. 1996 ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ തോറ്റു കൊണ്ടാണ് വി.ഡി സതീശന്റെ രാഷ്ട്രീയ തുടക്കം. 2001 ല്‍ മികച്ച ഭൂരിപക്ഷത്തില്‍ മണ്ഡലം പിടിച്ച സതീശന്‍ പിന്നീടുള്ള അഞ്ച് തിരഞ്ഞെടുപ്പുകളിലും പരാജയം അറിഞ്ഞിട്ടേയില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.