തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിലെ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ രമേശ് ചെന്നിത്തല വി.ഡി സതീശന്‍ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയാകും. മുഖ്യമന്ത്രി പ്രഖ്യാപനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഹൈക്കമാന്‍ഡിന്റെയും നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്റെയും അനുനയ നീക്കങ്ങള്‍ക്ക് ചെന്നിത്തല വഴങ്ങുകയായിരുന്നു. ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളത്.
ഞായറാഴ്ച അദേഹം സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. പുതിയ സര്‍ക്കാരില്‍ ആഭ്യന്തരം, വിജിലന്‍സ് എന്നി സുപ്രധാന വകുപ്പുകളാകും രമേശ് ചെന്നിത്തല കൈകാര്യം ചെയ്യുക എന്നാണ് ധാരണയായിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഔദ്യോഗിക ചുമതലയേല്‍ക്കുന്നതിന് മുന്‍പ് തന്നെ അദേഹം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കാണുന്നത്.
സംസ്ഥാന പൊലീസ് മേധാവി ഉള്‍പ്പെടെയുള്ള ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. വകുപ്പ് ഏറ്റെടുക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ ക്രമസമാധാന നിലയും മറ്റ് സുപ്രധാന വിഷയങ്ങളും വിലയിരുത്താനാണ് അതിവേഗ നീക്കം.
രമേശ് ചെന്നിത്തലയെ മന്ത്രിസഭയുടെ ഭാഗമാക്കാന്‍ നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്‍ നേരിട്ട് നടത്തിയ നീക്കങ്ങളാണ് ഫലം കണ്ടത്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും ഇന്ന് ചെന്നിത്തലയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. ഹൈക്കമാന്‍ഡിന്റെ ശക്തമായ ഇടപെടലും ചെന്നിത്തലയെ അനുനയിപ്പിക്കുന്നതില്‍ നിര്‍ണായകമായി.
അതേസമയം രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരാന്‍ സമ്മതിച്ചെങ്കിലും അദേഹം മുന്നോട്ടുവെച്ച മറ്റ് ആവശ്യങ്ങളില്‍ പൂര്‍ണമായ ധാരണയായിട്ടില്ലെന്നാണ് വിവരം. ജ്യോതികുമാര്‍ ചാമക്കാല ഉള്‍പ്പെടെ നാല് പേരുടെ പേരുകള്‍ ചെന്നിത്തല മന്ത്രിസഭയിലേക്ക് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ ഘട്ടത്തില്‍ ഈ പേരുകള്‍ പരിഗണിച്ചിട്ടില്ലെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നുള്ള സൂചന. മറ്റ് മന്ത്രിമാരുടെ പ്രഖ്യാപനത്തോടെ ഇതില്‍ കൂടുതല്‍ വ്യക്തത വരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.