തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിച്ച് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ ദൈവ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തലസ്ഥാനത്തെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ കൂറ്റന്‍ വേദിയില്‍ നടന്ന ഗംഭീര ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
പത്ത് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഐക്യജനാധിപത്യ മുന്നണി കേരളത്തില്‍ വീണ്ടും അധികാരത്തിലെത്തുന്നത്. സ്റ്റേഡിയത്തിനകത്തും പുറത്തുമായി തടിച്ചുകൂടിയ പതിനായിരക്കണക്കിന് പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും സാന്നിധ്യം തലസ്ഥാന നഗരിയെ ഉത്സവ ലഹരിയിലാക്കി.
1982 ലെ കെ. കരുണാകരന്‍ സര്‍ക്കാരിന് ശേഷം കഴിഞ്ഞ ആറ് പതിറ്റാണ്ടുകള്‍ക്കിടയില്‍ ആദ്യമായാണ് യു.ഡി.എഫിന്റെ മുഴുവന്‍ മന്ത്രിമാരും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത് എന്ന പ്രത്യേകതയും ഈ പുതിയ ഭരണസാരഥ്യത്തിനുണ്ട്. മുഖ്യമന്ത്രി അടക്കം 21 അംഗ മന്ത്രിസഭയാണ് ഇന്ന് ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത്. മന്ത്രിമാരുടെ അന്തിമ പട്ടിക ഞായറാഴ്ച തന്നെ വി.ഡി സതീശന്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു. വകുപ്പുകള്‍ സംബന്ധിച്ച ഔദ്യോഗിക പട്ടിക സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ശേഷം മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും.
ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളുടെ സാന്നിധ്യം കൊണ്ട് ചടങ്ങ് ശ്രദ്ധേയമായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുള്‍പ്പെടെയുള്ള ഉന്നത ദേശീയ നേതാക്കള്‍ പുതിയ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ നേരിട്ടെത്തിയിരുന്നു.
വി.ഡി സതീശന്‍ മുഖ്യമന്ത്രി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, പി.കെ കുഞ്ഞാലിക്കുട്ടി, കെ. മുരളീധരന്‍, മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, സി.പി ജോണ്‍, എ.പി അനില്‍കുമാര്‍, എന്‍. ഷംസുദ്ദീന്‍, പി.സി വിഷ്ണുനാഥ്, റോജി എം. ജോണ്‍, ബിന്ദു കൃഷ്ണ, എം. ലിജു, കെ.എം ഷാജി, പി.കെ ബഷീര്‍, വി.ഇ അബ്ദുള്‍ ഗഫൂര്‍, ടി. സിദ്ദിഖ്, കെ.എ തുളസി, ഒ.ജെ ജനീഷ് എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന 21 അംഗ മന്ത്രിസഭയില്‍ ഉള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.