സംസ്ഥാനത്ത് മഴ കനക്കുന്നു: ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തീരദേശങ്ങളില്‍ 'കള്ളക്കടല്‍' ജാഗ്രത

സംസ്ഥാനത്ത് മഴ കനക്കുന്നു: ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തീരദേശങ്ങളില്‍ 'കള്ളക്കടല്‍' ജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ വരും മണിക്കൂറുകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒന്‍പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് എന്നി ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ കാറ്റും കാര്‍മേഘവും കണ്ട് തുടങ്ങുമ്പോള്‍ തന്നെ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറാന്‍ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിക്കുന്നു.

മഴയ്ക്ക് പുറമേ സംസ്ഥാനത്തിന്റെ വടക്കന്‍ തീരങ്ങളില്‍ 'കള്ളക്കടല്‍' പ്രതിഭാസത്തെ തുടര്‍ന്നുള്ള തീരദേശ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തീരങ്ങളില്‍ കടലാക്രമണത്തിന് സാധ്യതയുണ്ട്.

കണ്ണൂരിലെ വളപട്ടണം മുതല്‍ ന്യൂമാഹി വരെയുള്ള ഭാഗങ്ങളിലും, കാസര്‍കോട്ടെ കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെയുള്ള തീരങ്ങളിലുമാണ് പ്രധാനമായും പ്രതിഭാസം ദൃശ്യമാകുക. ഈ പ്രദേശങ്ങളില്‍ 0.9 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ട്. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. മത്സ്യബന്ധന യാനങ്ങള്‍ സുരക്ഷിതമായി കെട്ടിയിടാനും തീരപ്രദേശങ്ങളിലേക്കുള്ള വിനോദസഞ്ചാര യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കാനും നിര്‍ദേശമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.