മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ്.
തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിമാര്‍ക്ക് വസതികള്‍ അനുവദിച്ച് ഉത്തരവിറങ്ങി. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഓഫീസ് നേരിട്ട് ഇടപെട്ടാണ് മന്ത്രിമാര്‍ക്കുള്ള ഔദ്യോഗിക മന്ദിരങ്ങള്‍ അനുവദിച്ച് അന്തിമ ഉത്തരവിറക്കിയത്. പല പ്രമുഖ വസതികള്‍ക്കായും ഒന്നിലധികം മന്ത്രിമാര്‍ അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും ചര്‍ച്ചകള്‍ക്കൊടുവില്‍ ധാരണയിലെത്തുകയായിരുന്നു.
നന്ദന്‍കോട്ടെ ചരിത്ര പ്രസിദ്ധമായ 'ക്ലിഫ് ഹൗസ്' മുഖ്യമന്ത്രി വി.ഡി സതീശന്റെ ഔദ്യോഗിക വസതിയാകും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വ്യക്തിപരമായ താല്‍പര്യം പരിഗണിച്ച് ക്ലിഫ് ഹൗസിന് തൊട്ടടുത്തുള്ള 'പമ്പ' ബംഗ്ലാവ് അദേഹത്തിന് അനുവദിച്ചു.
കഴിഞ്ഞ പിണറായി വിജയന്‍ സര്‍ക്കാരില്‍ പൊതുമരാമത്ത്-ടൂറിസം മന്ത്രിയായിരുന്ന മുഹമ്മദ് റിയാസ് താമസിച്ചിരുന്ന വസതിയാണിത്. ഈ മന്ദിരം തനിക്ക് വേണമെന്ന് ചെന്നിത്തല നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ക്ലിഫ് ഹൗസിന് തൊട്ടടുത്തുള്ള മറ്റൊരു പ്രമുഖ മന്ദിരമായ 'അശോക' സണ്ണി ജോസഫിന് ലഭിച്ചു.
കോണ്‍ഗ്രസ് മന്ത്രിമാരില്‍ കെ. മുരളീധരന് 'സാനഡു' ബംഗ്ലാവും, എ.പി. അനില്‍ കുമാറിന് 'കാവേരി'യും, പി.സി. വിഷ്ണുനാഥിന് 'നിള'യും അനുവദിച്ചു. എം. ലിജുവിന് 'അജന്ത', റോജി എം. ജോണിന് 'ഗ്രേസ്', ടി. സിദ്ധിഖിന് 'ഗംഗ', കെ.എ തുളസിക്ക് 'പ്രശാന്ത്', ബിന്ദു കൃഷ്ണയ്ക്ക് 'തൈക്കാട് ഹൗസ്' എന്നിവയാണ് ലഭിച്ചത്. ഒ.ജെ. ജനീഷിന് 'മന്‍മോഹന്‍ ബംഗ്ലാവ്' ഔദ്യോഗിക വസതിയായി നിശ്ചയിച്ചു.
മുസ്ലിം ലീഗ് മന്ത്രിമാരില്‍ പി.കെ കുഞ്ഞാലിക്കുട്ടിക്ക് 'ലൈന്ത്രസ്റ്റ്' മന്ദിരമാണ് അനുവദിച്ചിട്ടുള്ളത്. എന്‍. ഷംസുദീന് 'നെസ്റ്റ്', കെ.എം. ഷാജിക്ക് 'പൗര്‍ണമി', പി.കെ. ബഷീറിന് 'ഉഷസ്', വി.ഇ. അബ്ദുല്‍ ഗഫൂറിന് 'കവടിയാര്‍ ഹൗസ്' എന്നീ വസതികള്‍ നല്‍കി.
മറ്റ് ഘടകകക്ഷി നേതാക്കളായ മോന്‍സ് ജോസഫിന് 'പെരിയാര്‍', ഷിബു ബേബി ജോണിന് 'എസെന്‍ഡേന്‍', സി.പി. ജോണിന് 'റോസ് ഹൗസ്' എന്നിവയും അനുവദിച്ചു. ഈ പട്ടികയില്‍ പെട്ട നിള, സാനഡു, ഗ്രേസ് എന്നീ മന്ദിരങ്ങള്‍ സ്വന്തമാക്കാന്‍ മന്ത്രിമാര്‍ക്കിടയില്‍ കനത്ത മത്സരമാണ് നടന്നത്.
ലിസ്റ്റില്‍ ഉള്‍പ്പെടാത്ത മന്ത്രി അനൂപ് ജേക്കബിന് താല്‍ക്കാലികമായി നഗര പരിധിക്കുള്ളില്‍ വാടകയ്ക്ക് സ്വകാര്യ കെട്ടിടം കണ്ടെത്താന്‍ ടൂറിസം ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മന്ത്രിയുടെ ഓഫീസുമായി ആലോചിച്ചാകും ഇതില്‍ അന്തിമ തീരുമാനമെടുക്കുക.
മുന്‍ മന്ത്രിമാര്‍ ഒഴിഞ്ഞ പശ്ചാത്തലത്തില്‍ ഈ കെട്ടിടങ്ങളെല്ലാം വലിയ രീതിയിലുള്ള അറ്റകുറ്റപ്പണികള്‍ക്ക് വിധേയമാക്കേണ്ടതുണ്ടെന്നാണ് പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കുന്നത്. ഇതിനായി തയ്യറാക്കിയ 3.96 കോടി രൂപയുടെ പ്രത്യേക എസ്റ്റിമേറ്റിന് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി.
സംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനാല്‍ വസതികളില്‍ ആഡംബര മോടിപിടിപ്പിക്കലുകള്‍ ഒന്നും തന്നെ വേണ്ടെന്ന കര്‍ശന നിലപാടിലാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍.
എന്നാല്‍ പല മന്ദിരങ്ങളും അറ്റകുറ്റപ്പണികള്‍ നടത്തി ഭദ്രമാക്കാതെ മന്ത്രിമാര്‍ക്ക് താമസിക്കാന്‍ യോഗ്യമല്ലെന്നാണ് പൊതുമരാമത്ത് സെക്രട്ടറി സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. നിലവില്‍ വസതികളിലെ പ്രാഥമിക നവീകരണ ജോലികള്‍ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു കഴിഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.