തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പൂര്‍ത്തിയായി. പ്രോ ടേം സ്പീക്കര്‍ ജി. സുധാകരന് മുന്നിലാണ് പുതിയ എംഎല്‍എമാര്‍ ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
നിയമസഭാ മന്ദിരത്തില്‍ അക്ഷരമാലാ ക്രമത്തിലായിരുന്നു അംഗങ്ങളെ സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചത്. ഇന്ന് സത്യപ്രതിജ്ഞ ചെയ്യാത്ത അംഗങ്ങള്‍ക്ക് വരാനിരിക്കുന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ സാധിക്കില്ല.
സത്യപ്രതിജ്ഞാ ചടങ്ങില്‍ തന്റെ ഭാഷാപരമായ പ്രത്യേകത കൊണ്ട് മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷ്റഫ് ശ്രദ്ധേയനായി. കന്നഡ ഭാഷയിലാണ് അദേഹം ഇത്തവണയും സത്യപ്രതിജ്ഞ ചെയ്തത്. കാസര്‍കോഡ് കടമ്പാര്‍ സ്വദേശിയായ അഷ്റഫ്, മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് മികച്ച ഭൂരിപക്ഷത്തോടെയാണ് വീണ്ടും നിയമസഭയിലെത്തുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രനെ 29,252 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് അദേഹം ഈ തകര്‍പ്പന്‍ വിജയം കൊയ്തത്.
തൃത്താല മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട യുവ കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാമിന്റെ സത്യപ്രതിജ്ഞയും ചടങ്ങില്‍ വേറിട്ട് നിന്നു. യുഡിഎഫിലെ ഭൂരിഭാഗം യുവ എംഎല്‍എമാരും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍, വി.ടി ബല്‍റാം 'സഗൗരവമാണ്' സത്യപ്രതിജ്ഞാ വാചകം ചൊല്ലിയത്. സിപിഎം നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം.ബി രാജേഷിനെ 8,385 വോട്ടുകള്‍ക്ക് അട്ടിമറിച്ചാണ് ബല്‍റാം ഇത്തവണ നിയമസഭയിലേക്ക് തിരിച്ചെത്തുന്നത്. വി.ടി ബല്‍റാമിന്റെ മൂന്നാം നിയമസഭാ പ്രവേശനമാണിത്.
അതേസമയം അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഫോട്ടോ പതിച്ച ടിഷര്‍ട്ട് ധരിച്ചാണ് നിയമസഭാ മന്ദിരത്തിലേക്ക് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍ എത്തിയത്. ഇത് സഭയ്ക്ക് പുറത്തും അകത്തും വലിയ ശ്രദ്ധയാകര്‍ഷിച്ചു.
സ്പീക്കറുടെ തിരഞ്ഞെടുപ്പ് നാളെ രാവിലെ ഒന്‍പതിന് നടക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയാണ് സ്പീക്കറായി കോണ്‍ഗ്രസ് നിശ്ചയിച്ചിട്ടുള്ളത്. മത്സര രംഗത്ത് ബിജെപിയും ഉണ്ട്. ചാത്തന്നൂരില്‍ നിന്ന് വിജയിച്ച ബി.ബി ഗോപകുമാറാണ് ബിജെപി സ്ഥാനാര്‍ത്ഥി. 23 മുതല്‍ 28 വരെ സഭ ചേരില്ല. 29 ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂണ്‍ ഒന്ന് മുതല്‍ മൂന്ന് വരെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന ഉപക്ഷേപത്തിന്മേലുള്ള ചര്‍ച്ചയും ജൂണ്‍ മധ്യത്തോടെ ബഡ്ജറ്റും അവതരിപ്പിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.