കാഠ്മണ്ഡു: രാജ്യത്തെ ലൈംഗിക അതിക്രമ നിയമങ്ങളില്‍ നിര്‍ണായക മാറ്റത്തിനൊരുങ്ങി നേപ്പാള്‍ സര്‍ക്കാര്‍. കൗമാര പ്രായക്കാര്‍ക്കിടയിലെ പരസ്പര സമ്മതത്തോടെയുള്ള പ്രണയ ബന്ധങ്ങളെ ക്രിമിനല്‍ കുറ്റ കൃത്യങ്ങളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടുള്ള 'റോമിയോ ആന്‍ഡ് ജൂലിയറ്റ്' വ്യവസ്ഥ നിയമമാക്കാനാണ് നേപ്പാള്‍ ആലോചിക്കുന്നത്.
നിലവിലെ കര്‍ശനമായ ബലാത്സംഗ നിയമങ്ങളില്‍ ഇളവ് വരുത്തിക്കൊണ്ട് നാഷണല്‍ ക്രിമിനല്‍ കോഡില്‍ ഭേദഗതി വരുത്താനാണ് സര്‍ക്കാര്‍ നീക്കം. പുതിയ ഭേദഗതി പ്രകാരം 16 നും 18 നും ഇടയില്‍ പ്രായമുള്ളവര്‍ തമ്മിലുള്ളതും മൂന്ന് വയസില്‍ താഴെ പ്രായ വ്യത്യാസമുള്ളതുമായ പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളെ ലൈംഗിക പീഡനമായി കണക്കാക്കില്ല. നിയമ മന്ത്രാലയം രൂപീകരിച്ച എട്ടംഗ പഠന സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.
നിലവിലെ നേപ്പാള്‍ നിയമ പ്രകാരം 18 വയസില്‍ താഴെയുള്ളവരുമായുള്ള ഏത് ലൈംഗിക ബന്ധവും ഇരുവര്‍ക്കും സമ്മതമാണെങ്കില്‍ പോലും ബലാത്സംഗമായാണ് കണക്കാക്കുന്നത്. കൂടാതെ രാജ്യത്ത് നിയമപരമായ വിവാഹ പ്രായം 20 വയസാണ്. ഈ കര്‍ശന നിയമങ്ങള്‍ കാരണം കൗമാരക്കാരായ നിരവധി യുവാക്കള്‍ വര്‍ഷങ്ങളോളം ജയിലില്‍ കഴിയേണ്ടി വരുന്ന സാഹചര്യം നിലവിലുണ്ടെന്ന് ദി കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മിശ്ര വിവാഹങ്ങളെയും ഒളിച്ചോട്ടങ്ങളെയും എതിര്‍ക്കുന്ന പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങള്‍ ഈ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുന്ന കൗമാരക്കാരായ ആണ്‍കുട്ടികള്‍, പിന്നീട് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ ബലാത്സംഗക്കുറ്റത്തിലോ ബാല വിവാഹക്കേസിലോ കുടുങ്ങി ജയിലിലാകുന്നത് പതിവാണെന്ന് നേപ്പാള്‍ നിയമ സെക്രട്ടറി ഉദയ രാജ് ധുങ്കാന വ്യക്തമാക്കി.
പ്രായത്തിലുള്ള അടുപ്പം, അനാവശ്യമായി കുറ്റവാളിയാക്കപ്പെടുന്നതില്‍ നിന്നുള്ള സംരക്ഷണം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ ശുപാര്‍ശ. പ്രായ വ്യത്യാസം കുറവാണെങ്കില്‍ ബന്ധം പരസ്പര സമ്മതത്തോടെ ഉള്ളതാണെങ്കില്‍ അത്തരം കേസുകള്‍ സ്വയമേവ ബലാത്സംഗമായി കണക്കാക്കരുത്. ബലാത്സംഗ നിയമങ്ങള്‍ ദുര്‍ബലപ്പെടുത്തുകയല്ല, മറിച്ച് യഥാര്‍ത്ഥ ചൂഷണത്തെയും സ്വാഭാവിക കൗമാര ബന്ധങ്ങളെയും വേര്‍തിരിക്കുകയാണ് ഇതിന്റെ ഉദേശമെന്ന്
നേപ്പാള്‍ നിയമ സെക്രട്ടറി ഉദയ രാജ് ധുങ്കാന പറഞ്ഞു.
നിലവിലുള്ള നിയമങ്ങള്‍ കൗമാര ബന്ധങ്ങളുടെ യാഥാര്‍ത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് യുവ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും വാദിക്കുന്നു. ഇതിന് ഉദാഹരണമായി 2022 നവംബറിലെ നേപ്പാള്‍ സുപ്രീം കോടതിയുടെ ഒരു വിധി അവര്‍ ചൂണ്ടിക്കാണിക്കുന്നു. 15 വയസുള്ള അയല്‍ക്കാരിയുമായി ഒളിച്ചോടി വിവാഹം കഴിക്കുകയും ഒരു കുട്ടിയുടെ പിതാവാകുകയും ചെയ്ത 17 കാരനെ ഹൈക്കോടതി ഏഴ് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍ സുപ്രീം കോടതി ഇടപെട്ട് അവനെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നി കുറ്റങ്ങളില്‍ നിന്ന് മോചിപ്പിച്ചു എങ്കിലും ബാല വിവാഹത്തിന് ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു.
പുതിയ നീക്കത്തെ സ്വാഗതം ചെയ്യുന്നവര്‍ ഉണ്ടെങ്കിലും ഇത് രാജ്യത്തെ പെണ്‍കുട്ടികളുടെ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയിലാണ് ശിശുസംരക്ഷണ ഗ്രൂപ്പുകളും വനിതാ അവകാശ പ്രവര്‍ത്തകരും. ബാല വിവാഹവും ലിംഗപരമായ അക്രമങ്ങളും നിലനില്‍ക്കുന്ന നേപ്പാള്‍ പോലുള്ള ഒരു രാജ്യത്ത് ബലാത്സംഗ നിയമങ്ങളില്‍ ഇളവ് വരുത്തുന്നത് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് അവര്‍ വാദിക്കുന്നു.
ലൈംഗിക ചൂഷണവും സ്വമേധയാ ഉള്ള ബന്ധങ്ങളും തമ്മിലുള്ള വേര്‍തിരിവ് വ്യക്തമാക്കാന്‍ ഈ നിയമം സഹായിക്കുമെങ്കിലും സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് വിപുലമായ ചര്‍ച്ചയും ധാരണയും ഉണ്ടായതിന് ശേഷം മാത്രമേ നിയമം മാറ്റാവൂ എന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ അംഗം മോഹ്ന അന്‍സാരി മുന്നറിയിപ്പ് നല്‍കി.
എന്തായാലും കൗമാരക്കാരുടെ അവകാശങ്ങളും അവരുടെ സുരക്ഷിതത്വവും തമ്മില്‍ എങ്ങനെ സന്തുലിതാവസ്ഥ ഉറപ്പാക്കാം എന്ന വലിയ ചര്‍ച്ചയ്ക്കാണ് നേപ്പാളില്‍ തുടക്കമായിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.