കാത്തലിക് ഹെൽത്ത് ഓസ്‌ട്രേലിയക്ക് പുതിയ അമരക്കാരൻ; ടിം ഉഡോറോവിച്ചിനെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി പ്രഖ്യാപിച്ചു

കാത്തലിക് ഹെൽത്ത് ഓസ്‌ട്രേലിയക്ക് പുതിയ അമരക്കാരൻ; ടിം ഉഡോറോവിച്ചിനെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി പ്രഖ്യാപിച്ചു

മെൽബൺ: ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ലാഭരഹിത ആരോഗ്യ-പരിചരണ ശൃംഖലയായ കാത്തലിക് ഹെൽത്ത് ഓസ്‌ട്രേലിയയുടെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ടിം ഉഡോറോവിച്ചിനെ നിയമിച്ചു. ഗവൺമെന്റ് തലത്തിലും കത്തോലിക്കാ വിദ്യാഭ്യാസ മേഖലയിലും വിവിധ കൺസൾട്ടിങ് ഓർഗനൈസേഷനുകളിലും ദീർഘകാലത്തെ നേതൃപരിചയമുള്ള വ്യക്തിയാണ് ടിം ഉഡോറോവിച്ച്.

മെൽബൺ അതിരൂപതയിലെ കാത്തലിക് സ്കൂളുകളുടെ നയരൂപീകരണത്തിനും തന്ത്രപ്രധാനമായ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി വരികയായിരുന്നു അദേഹം. കൂടാതെ ഫെഡറൽ-സ്റ്റേറ്റ് ഗവൺമെന്റുകളിൽ സീനിയർ മിനിസ്റ്റീരിയൽ അഡ്വൈസറായും പ്രമുഖ കൺസൾട്ടിങ് സ്ഥാപനമായ കെപിഎംജി ഓസ്‌ട്രേലിയയിൽ മാനേജ്‌മെന്റ് കൺസൾട്ടന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സ്ട്രാറ്റജി, കോർപ്പറേറ്റ് അഫയേഴ്സ് തുടങ്ങിയ മേഖലകളിലുള്ള ടിമ്മിന്റെ വൈദഗ്ധ്യം സംഘടനയ്ക്ക് വലിയ കരുത്താകുമെന്ന് കാത്തലിക് ഹെൽത്ത് ഓസ്‌ട്രേലിയ ചെയർപേഴ്‌സൺ ജെനി പാർക്കർ വ്യക്തമാക്കി. വരും വർഷങ്ങളിലേക്കുള്ള പുതിയ ത്രീ-ഇയർ സ്ട്രാറ്റജി നടപ്പിലാക്കുന്നതിന് ടിം ഉഡോറോവിച്ച് മുന്നിൽ നിന്ന് നേതൃത്വം നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.

ഓസ്‌ട്രേലിയയിലെ പാർശ്വവൽക്കരിക്കപ്പെട്ടവരും ദുർബലരുമായ ജനവിഭാഗങ്ങൾക്ക് വലിയൊരു ആശ്വാസമാണ് സിഎച്ച്എക്ക് കീഴിലുള്ള ആശുപത്രികളും കെയർ സെന്ററുകളുമെന്ന് നിയുക്ത സിഇഒ ടിം ഉഡോറോവിച്ച് പറഞ്ഞു. കാരുണ്യത്തിലും മനുഷ്യന്റെ അന്തസിലും അധിഷ്ഠിതമായ സേവനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനും സംഘടനയുടെ ശബ്ദം കൂടുതൽ ശക്തമാക്കാനും ബോർഡിനും ജീവനക്കാർക്കുമൊപ്പം ചേർന്ന് പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നതായും അദേഹം വ്യക്തമാക്കി.

നിലവിൽ സംഘടനയുടെ ഇടക്കാല സിഇഒ ആയി സേവനമനുഷ്ഠിക്കുന്ന കാത്തി ഹില്യാർഡിന് ചെയർപേഴ്‌സൺ നന്ദി അറിയിച്ചു. പുതിയ സിഇഒ ജൂലൈ അവസാനത്തോടെ മെൽബൺ ആസ്ഥാനമാക്കി ഔദ്യോഗികമായി ചുമതലയേൽക്കുന്നത് വരെ സിഎച്ച്എ ഡയറക്ടർ ഡോ. കാതറിൻ ബാസെറ്റ് താൽകാലികമായി ചുമതല വഹിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.