ശക്തമായ മഴ തുടരുന്നു: ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കാലവര്‍ഷം 26 ന് എത്തിയേക്കും

ശക്തമായ മഴ തുടരുന്നു: ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കാലവര്‍ഷം 26 ന് എത്തിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍-മധ്യ കേരളത്തിലാണ് മഴ മുന്നറിയിപ്പ് ശക്തമാക്കിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇടിമിന്നലും ശക്തമായ കാറ്റും

മഴയോടൊപ്പം തന്നെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. വരും ദിവസങ്ങളിലും കേരളത്തിലും മാഹിയിലും ഇതേ രീതിയിലുള്ള അന്തരീക്ഷ വകഭേദങ്ങള്‍ തുടരാനാണ് സാധ്യത. 

തെക്കുകിഴക്കന്‍ അറബിക്കടലില്‍ നിന്ന് ലക്ഷദ്വീപ്, വടക്കന്‍ കേരളം, കര്‍ണാടകയുടെ തെക്കന്‍ ഉള്‍പ്രദേശങ്ങള്‍, ആന്ധ്രാപ്രദേശ് എന്നിവയ്ക്ക് മുകളിലൂടെ മധ്യ ബംഗാള്‍ ഉള്‍ക്കടല്‍ വരെ നീളുന്ന ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 3.1 കിലോമീറ്റര്‍ മുതല്‍ 4.5 കിലോമീറ്റര്‍ വരെ ഉയരത്തിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇതാണ് സംസ്ഥാനത്ത് ഇപ്പോഴുള്ള മഴ സജീവമായി നിര്‍ത്തുന്നത്. 

കാലവര്‍ഷം നേരത്തെയെത്തും

ഇത്തവണ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം സാധാരണയേക്കാള്‍ നേരത്തെ സംസ്ഥാനത്ത് എത്താന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മെയ് 26 ന് കാലവര്‍ഷം കേരള തീരത്ത് എത്തിയേക്കും. എന്നാല്‍ അന്തരീക്ഷ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇതില്‍ നാല് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ മാറ്റം വരാമെന്നും കാലാവസ്ഥ നിരീക്ഷകര്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.