യുഎസ്-ഇറാന്‍ സമാധാന ചര്‍ച്ച: പാക് ആഭ്യന്തര മന്ത്രി അടിയന്തരമായി ടെഹ്റാനിലേക്ക്

യുഎസ്-ഇറാന്‍ സമാധാന ചര്‍ച്ച: പാക് ആഭ്യന്തര മന്ത്രി അടിയന്തരമായി ടെഹ്റാനിലേക്ക്

ഇസ്ലമാബാദ്: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യങ്ങള്‍ക്ക് അയവ് വരുത്താനും സ്തംഭിച്ച് നില്‍ക്കുന്ന യു.എസ്-ഇറാന്‍ സമാധാന ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കാനുമുള്ള നീക്കങ്ങള്‍ ശക്തമാക്കി പാകിസ്ഥാന്‍. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥത വഹിക്കുന്നതിനായി പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രി മൊഹ്‌സിന്‍ നഖ്വി ബുധനാഴ്ച ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലേക്ക് തിരിച്ചു.

ഒരാഴ്ചയ്ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് പാക് ആഭ്യന്തരമന്ത്രി ഇറാന്‍ സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ മാസം പാക് സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ് നഖ്വിയുടെ ഈ അടിയന്തര നയതന്ത്ര യാത്ര. ചര്‍ച്ചകളില്‍ അന്തിമ ധാരണയായില്ലെങ്കില്‍ ഇറാനെതിരെ ആക്രമണം പുനരാരംഭിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൊവ്വാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനായി ഇറാന് ഏതാനും ദിവസത്തെ സമയപരിധിയും ട്രംപ് നിശ്ചയിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ മൊഹ്‌സിന്‍ നഖ്വിയുടെ ടെഹ്റാന്‍ സന്ദര്‍ശനം ലോക രാഷ്ട്രങ്ങള്‍ ഏറെ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്.

അമേരിക്ക-ഇറാന്‍ സമാധാന ചര്‍ച്ചകളെക്കുറിച്ച് ഇറാനിയന്‍ നേതാക്കളുമായി സംസാരിക്കാനാണ് നഖ്വി ടെഹ്റാനിലേക്ക് പോയതെന്ന് പ്രമുഖ മാധ്യമമായ ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ സ്റ്റേറ്റ് ടെലിവിഷനായ പ്രസ് ടിവിയും ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എയും പാക് മന്ത്രിയുടെ സന്ദര്‍ശനം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം തന്ത്രപ്രധാന മധ്യസ്ഥ ശ്രമങ്ങളില്‍ പാകിസ്ഥാന്‍ പുലര്‍ത്താറുള്ള ഔദ്യോഗിക മൗനം ഈ വിഷയത്തിലും തുടരുകയാണ്.

കഴിഞ്ഞ ആഴ്ച നടത്തിയ സന്ദര്‍ശനത്തില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഘാലിബാഫ്, ആഭ്യന്തര മന്ത്രി എസ്‌കന്ദര്‍ മൊമേനി എന്നിവരുമായി നഖ്വി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇറാനും അമേരിക്കയ്ക്കുമിടയില്‍ നിന്ന് നിലവില്‍ സമ്മിശ്ര സൂചനകളാണ് പുറത്ത് വരുന്നത്. ഇറാന് നേരെയുള്ള ആക്രമണം തല്‍കാലം വൈകിപ്പിക്കാന്‍ ഗള്‍ഫ് അറബ് നേതാക്കള്‍ തന്നോട് ആവശ്യപ്പെട്ടിരുന്നതായി ട്രംപ് ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. ഇറാനുമായുള്ള ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സും അറിയിച്ചിരുന്നു.

എന്നാല്‍ മേഖലയില്‍ വീണ്ടുമൊരു യുദ്ധം ഉണ്ടായാല്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നല്‍കി. ഇറാന് നേരെയുള്ള ഏതൊരു ആക്രമണവും പശ്ചിമേഷ്യയുടെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വ്യാപിക്കുന്ന വന്‍ സംഘര്‍ഷത്തിന് കാരണമാകുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സും യു.എസിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.