ദൈവത്തെത്തേടി യുവതലമുറ; കത്തോലിക്കാ സഭയിലേക്ക് വിശ്വാസികളുടെ വൻ കുത്തൊഴുക്കെന്ന് പഠനം

ദൈവത്തെത്തേടി യുവതലമുറ; കത്തോലിക്കാ സഭയിലേക്ക് വിശ്വാസികളുടെ വൻ കുത്തൊഴുക്കെന്ന് പഠനം

വാഷിങ്ടൺ: ആധുനികതയുടെ തിരക്കുകൾക്കിടയിലും ആത്മീയതയുടെ തീരമണയാൻ യുവതലമുറ വെമ്പുന്നുവെന്ന് വെളിപ്പെടുത്തുന്ന പുതിയ പഠന റിപ്പോർട്ട് പുറത്ത്. സത്യവും ജീവിതത്തിന്റെ അർഥവും തേടി ആയിരക്കണക്കിന് യുവാക്കളാണ് ഇപ്പോൾ കത്തോലിക്കാ വിശ്വാസത്തിന്റെ പടിവാതിൽക്കൽ എത്തിയിരിക്കുന്നത്. അമേരിക്കയിലെ 20 കത്തോലിക്കാ രൂപതകളിൽ നടത്തിയ ദേശീയ പഠനമാണ് സഭയുടെ വളർച്ചയിലേക്ക് വിരൽചൂണ്ടുന്നത്.

ചിക്കാഗോ അതിരൂപതയും മറ്റ് 19 രൂപതകളും ചേർന്ന് പുറത്തുവിട്ട സർവേ റിപ്പോർട്ട് പ്രകാരം മുതിർന്നവരുടെ കത്തോലിക്കാ വിശ്വാസ സ്വീകരണത്തിനായുള്ള പ്രോഗ്രാമുകളിൽ ഇത്തവണ റെക്കോർഡ് പങ്കാളിത്തമാണ് രേഖപ്പെടുത്തിയത്. കത്തോലിക്കാ സഭയുടെ രണ്ടായിരം വർഷത്തെ പാരമ്പര്യവും ആരാധനാക്രമത്തിന്റെ ആഴവും, സത്യത്തെക്കുറിച്ചുള്ള വ്യക്തതയുമാണ് ഇവരെ സഭയിലേക്ക് ആകർഷിക്കുന്നത്.

അത്ഭുതകരമായ മറ്റൊരു വസ്തുത എന്തെന്നാൽ, സർവേയിൽ പങ്കെടുത്തവരിൽ 28 ശതമാനം പേർ നേരത്തെ യാതൊരുവിധ മതവിശ്വാസവും ഇല്ലാത്തവരായിരുന്നു. രാഷ്ട്രീയ-സാമൂഹിക ചിന്തകളല്ല, മറിച്ച് ആത്മീയമായ ദാഹമാണ് ഇവരെ സഭയുടെ കാൽക്കൽ എത്തിച്ചത്.

രാഷ്ട്രീയമോ, സാമൂഹികമോ ആയ കാരണങ്ങളേക്കാൾ ആത്മീയമായ പ്രചോദനങ്ങളാണ് ഇവരെ നയിച്ചതെന്ന് ഗവേഷകർ വെളിപ്പെടുത്തുന്നു. പങ്കെടുത്തവരിൽ 77 ശതമാനം പേർ സൽഗുണങ്ങളിൽ വളരാനുള്ള ആഗ്രഹവും 76 ശതമാനം പേർ സത്യത്തെക്കുറിച്ചുള്ള ആഴമേറിയ ധാരണയും 72 ശതമാനം പേർ കൂടുതൽ ആന്തരിക സമാധാനത്തിനായുള്ള അന്വേഷണവുമാണ് തങ്ങളെ നയിച്ചതെന്ന് വ്യക്തമാക്കി.

ഡിജിറ്റൽ യുഗത്തിൽ വിശ്വാസം എങ്ങനെ പകരാമെന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ പഠനം. പ്രാർഥനയ്ക്കായുള്ള മൊബൈൽ ആപ്പുകൾ, പോഡ്‌കാസ്റ്റുകൾ, ക്രിസ്തീയ വീഡിയോകൾ, സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾ എന്നിവ വിശ്വാസത്തിലേക്കുള്ള യാത്രയിൽ വലിയൊരു പാലമായി പ്രവർത്തിച്ചുവെന്ന് പലരും സാക്ഷ്യപ്പെടുത്തുന്നു. ആധുനിക സാങ്കേതികവിദ്യയിലൂടെ വിശ്വാസത്തിന്റെ സൗന്ദര്യം ലോകമെമ്പാടുമുള്ള യുവാക്കളിലേക്ക് എത്തുന്നുവെന്നതിന്റെ തെളിവാണ് ഈ റിപ്പോർട്ട്.

വിശ്വാസത്തെയും ആത്മീയതയെയും പുതുതലമുറ ഗൗരവത്തോടെ കാണുന്നുവെന്നത് ക്രിസ്തീയ ലോകത്തിന് വലിയ പ്രതീക്ഷയാണ് പകരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.