കേരളത്തില്‍ ഡോക്ടര്‍മാരുടെ ക്ഷാമത്തിന് സാധ്യത; കുറഞ്ഞ ശമ്പളവും ചൂഷണവും മൂലം യുവ ഡോക്ടര്‍മാര്‍ സംസ്ഥാനം വിടാനൊരുങ്ങുന്നതായി ഐഎംഎ

 കേരളത്തില്‍ ഡോക്ടര്‍മാരുടെ ക്ഷാമത്തിന് സാധ്യത; കുറഞ്ഞ ശമ്പളവും ചൂഷണവും മൂലം യുവ ഡോക്ടര്‍മാര്‍ സംസ്ഥാനം വിടാനൊരുങ്ങുന്നതായി ഐഎംഎ

തിരുവനന്തപുരം: മെച്ചപ്പെട്ട വേതനവും കൃത്യമായ തൊഴില്‍ സുരക്ഷിതത്വവും ഉറപ്പാക്കിയില്ലെങ്കില്‍ വരും വര്‍ഷങ്ങളില്‍ കേരളത്തില്‍ ഡോക്ടര്‍മാരുടെ കടുത്ത ക്ഷാമം ഉണ്ടാകുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് പഠിച്ചിറങ്ങുന്ന യുവ ഡോക്ടര്‍മാരില്‍ 70 ശതമാനവും കേരളം വിടാന്‍ ആഗ്രഹിക്കുന്നതായി ഐഎംഎ നടത്തിയ സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഇഎന്‍ടി കണ്‍സള്‍ട്ടന്റ് ഡോ. സുല്‍ഫി നൂഹുവിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് സംസ്ഥാനത്തെ 4,000 ഡോക്ടര്‍മാര്‍ക്കിടയില്‍ പഠനം നടത്തിയത്. ആരോഗ്യ രംഗത്ത് രാജ്യാന്തര ഖ്യാതിയുള്ള കേരളത്തില്‍, ജൂനിയര്‍ ഡോക്ടര്‍മാരില്‍ പകുതിയോളം പേരും കടുത്ത സാമ്പത്തിക ചൂഷണത്തിന് ഇരയാകുന്നുവെന്നാണ് സര്‍വേയിലെ പ്രധാന കണ്ടെത്തല്‍.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 58.7 ശതമാനം പേര്‍ വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറാന്‍ ആഗ്രഹിക്കുമ്പോള്‍, 7.6 ശതമാനം പേര്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകാന്‍ താല്‍പര്യപ്പെടുന്നു. കേവലം 31.8 ശതമാനം ഡോക്ടര്‍മാര്‍ മാത്രമാണ് കേരളത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നത്. തങ്ങള്‍ക്ക് അര്‍ഹമായ വേതനം ലഭിക്കുന്നില്ലെന്ന് 82 ശതമാനം ഡോക്ടര്‍മാരും സാക്ഷ്യപ്പെടുത്തുന്നു. നിലവിലെ ശമ്പളത്തില്‍ പൂര്‍ണ തൃപ്തര്‍ വെറും 10.3 ശതമാനം മാത്രമാണ്. കഠിനമായ അധ്വാനവും നീണ്ട ജോലി സമയവും ഉണ്ടായിട്ടും ജൂനിയര്‍ ഡോക്ടര്‍മാരുടെ ശരാശരി ശമ്പളം 35,000 മുതല്‍ 40,000 രൂപയില്‍ ഒതുങ്ങുകയാണെന്നും സര്‍വേ വ്യക്തമാക്കുന്നു.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 45 ശതമാനം പേരുടെ പ്രതിമാസ വരുമാനം 50,000 രൂപയില്‍ താഴെയാണ്. 6.7 ശതമാനം പേര്‍ക്ക് ലഭിക്കുന്നത് 30,000 രൂപയില്‍ താഴെ മാത്രമാണ്. പിജി റെസിഡന്റ് ഡോക്ടര്‍മാരില്‍ 30.5 ശതമാനത്തിനും യാതൊരു വിധ സ്റ്റൈപെന്‍ഡും ലഭിക്കുന്നില്ല. 20.3 ശതമാനം പേര്‍ക്ക് പതിനായിരം രൂപയില്‍ താഴെയാണ് ലഭിക്കുന്നത്.

കുറഞ്ഞ ശമ്പളം, കഠിനമായ ജോലി ഭാരം, മോശം തൊഴില്‍ സാഹചര്യം, നിര്‍ബന്ധിത ബോണ്ട് വ്യവസ്ഥകള്‍, കോര്‍പ്പറേറ്റ് ആശുപത്രികളുടെ ഭാഗത്ത് നിന്നുള്ള ചൂഷണം എന്നിവയാണ് യുവ ഡോക്ടര്‍മാരെ സംസ്ഥാനം വിടാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങള്‍.

ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി ചെയ്യുന്ന ഒരു എംബിബിഎസ് ഡോക്ടര്‍ക്ക് കുറഞ്ഞത് 80,000 രൂപ അടിസ്ഥാന ശമ്പളം ഉറപ്പാക്കണമെന്നാണ് ഐഎംഎ മുന്നോട്ടുവെക്കുന്ന നിര്‍ദേശം. വാര്‍ഷിക ശമ്പള വര്‍ധനവ്, സുരക്ഷിതമായ ജോലി സാഹചര്യം, നിശ്ചിത സമയപരിധിക്ക് മുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഓവര്‍ടൈം അലവന്‍സ് എന്നിവ സര്‍ക്കാര്‍ കര്‍ശനമായി നടപ്പാക്കണം. കൂടാതെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇപ്പോഴും തുടരുന്ന 1960 കളിലെ പഴയ സ്റ്റാഫ് പാറ്റേണ്‍ അടിയന്തരമായി പുതുക്കി നിശ്ചയിക്കണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു.

യുവ ഡോക്ടര്‍മാരുടെ ഈ കൂട്ടത്തോടെയുള്ള നാടുവിടല്‍ സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യ മേഖലയെ വരും കാലങ്ങളില്‍ പ്രതിസന്ധിയിലാക്കുമെന്നതിനാല്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ ആവശ്യപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.