റോബോട്ടിക് മെഡിക്കല്‍ രംഗത്ത് ചരിത്ര നേട്ടവുമായി ഇന്ത്യയും ചൈനയും; വുഹാനിലിരുന്ന് ഹൈദരാബാദില്‍ ശസ്ത്രക്രിയ നടത്തി ഇന്ത്യന്‍ ഡോക്ടര്‍

റോബോട്ടിക് മെഡിക്കല്‍ രംഗത്ത് ചരിത്ര നേട്ടവുമായി ഇന്ത്യയും ചൈനയും; വുഹാനിലിരുന്ന് ഹൈദരാബാദില്‍ ശസ്ത്രക്രിയ നടത്തി ഇന്ത്യന്‍ ഡോക്ടര്‍

ന്യൂഡല്‍ഹി: അതിര്‍ത്തികള്‍ ഭേദിച്ച് മെഡിക്കല്‍ രംഗത്ത് പുതിയ ചരിത്ര നേട്ടം കുറിച്ച് ചൈനയും ഇന്ത്യയും. ചൈനയിലെ വുഹാനിലിരുന്ന് 3000 കിലോമീറ്ററിലേറെ അകലെ ഇന്ത്യയിലെ ഹൈദരാബാദിലുള്ള രോഗിക്ക് വിജയകരമായി റോബോട്ടിക് ശസ്ത്രക്രിയ നടത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഡോക്ടര്‍. വുഹാനിലെ പ്രശസ്തമായ തോങ്ജി ആശുപത്രിയിലെ യൂറോളജിസ്റ്റായ ഡോ. സയ്യിദ് മുഹമ്മദ് ഗൗസാണ് അതിവേഗ 5ജി കണക്റ്റിവിറ്റിയുടെ സഹായത്തോടെ ഈ അത്യപൂര്‍വ വിദൂര ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.

ചൈന വികസിപ്പിച്ചെടുത്ത അത്യാധുനിക റോബോട്ടിക് സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിച്ചതെന്ന് ചൈന ഡെയ്ലി റിപ്പോര്‍ട്ട് ചെയ്തു. ഹൈദരാബാദിലെ ആശുപത്രിയിലുണ്ടായിരുന്ന രോഗിക്ക് 90 മിനിറ്റോളം നീണ്ട ശസ്ത്രക്രിയയിലൂടെ 'യൂറിറ്ററല്‍ റീഇംപ്ലാന്റേഷന്‍' (മൂത്രനാളി പുനസ്ഥാപിക്കുന്ന ശസ്ത്രക്രിയ) ആണ് ഡോ. ഗൗസ് നിര്‍വഹിച്ചത്. മെഡിക്കല്‍ ലോകത്തെ ഈ സുപ്രധാന ചുവടുവെപ്പ് ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് യു ജിങ് എക്‌സിലൂടെ സ്ഥിരീകരിക്കുകയും ശസ്ത്രക്രിയയുടെ ചിത്രങ്ങള്‍ പങ്കുവെക്കുകയും ചെയ്തു.

'അതിര്‍ത്തികള്‍ ഭേദിച്ച്, ജീവന്‍ രക്ഷിക്കുന്ന കരുതല്‍' എന്നാണ് അവര്‍ ഈ നേട്ടത്തെ വിശേഷിപ്പിച്ചത്.

ഇരു രാജ്യങ്ങളിലെയും മെഡിക്കല്‍ സംഘങ്ങളുടെ കൃത്യമായ ആസൂത്രണത്തോടെയായിരുന്നു ഈ ശസ്ത്രക്രിയയുടെ തുടക്കം. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി വുഹാനിലെയും ഹൈദരാബാദിലെയും ഡോക്ടര്‍മാര്‍ ഓണ്‍ലൈനായി രോഗിയുടെ മെഡിക്കല്‍ രേഖകള്‍ വിശദമായി പരിശോധിച്ച് വിലയിരുത്തുകയും റോബോട്ടിക് കൈകളുടെ സഞ്ചാരപഥം അതീവ ശ്രദ്ധയോടെ മാപ്പ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഹൈദരാബാദിലെ മെഡിക്കല്‍ സംഘം രോഗിക്ക് അനസ്‌തേഷ്യ നല്‍കിയ ശേഷം സൂക്ഷ്മമായ ശസ്ത്രക്രിയാ ഉപകരണങ്ങളും ഹൈ-ഡെഫനിഷന്‍ 3ഡി ക്യാമറകളും അടങ്ങുന്ന റോബോട്ടിക് സംവിധാനം ഓപ്പറേഷന്‍ തിയേറ്ററില്‍ സജ്ജമാക്കി.

വുഹാനിലെ തോങ്ജി ആശുപത്രിയിലെ പ്രത്യേക കണ്‍സോളിലിരുന്ന് ഹൈദരാബാദില്‍ നിന്നുള്ള തത്സമയ 3ഡി ദൃശ്യങ്ങള്‍ കണ്ടുകൊണ്ടാണ് ഡോ. മുഹമ്മദ് ഗൗസ് റോബോട്ടിക് കൈകളെ വിദൂരമായി നിയന്ത്രിച്ചത്. 5ജി സാങ്കേതിക വിദ്യയുടെ കരുത്തില്‍ വെറും 200 മില്ലിസെക്കന്‍ഡ് മാത്രമെടുത്താണ് ഡോക്ടറുടെ കൈകളുടെ ചലനങ്ങള്‍ അതേപടി ഹൈദരാബാദിലെ റോബോട്ടിക് കൈകള്‍ അനുകരിച്ചത്. കൂടാതെ ശസ്ത്രക്രിയ നടന്ന സമയം മുഴുവന്‍ എന്തെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യമുണ്ടായാല്‍ ഉടന്‍ ഇടപെടാന്‍ സജ്ജരായി ഹൈദരാബാദിലെ തിയേറ്ററില്‍ ഇന്ത്യന്‍ ഡോക്ടര്‍മാരുടെ ഒരു വിദഗ്ധ സംഘം നിലയുറപ്പിച്ചിരുന്നു.

ഇന്റര്‍നാഷണല്‍ ഹെപ്പറ്റോ-പാന്‍ക്രിയാറ്റോ-ബിലിയറി അസോസിയേഷന്റെ ചൈനീസ് ചാപ്റ്ററിന്റെ പത്താമത് കോണ്‍ഗ്രസിനോട് അനുബന്ധിച്ച് പ്രദര്‍ശിപ്പിച്ച 26 ശസ്ത്രക്രിയകളില്‍ ഒന്നായിരുന്നു ഇത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, 5ജി-6ജി ആശയവിനിമയ സംവിധാനങ്ങള്‍, റോബോട്ടിക്‌സ് എന്നിവ ആരോഗ്യ മേഖലയില്‍ കൊണ്ടു വരുന്ന വിപ്ലവകരമായ മാറ്റങ്ങളുടെ തെളിവാണ് ഈ നേട്ടമെന്ന് തോങ്ജി ആശുപത്രിയിലെ സര്‍ജറി വിഭാഗം മേധാവി ചെന്‍ സിയാവോ പിങ് അഭിപ്രായപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.