ടെഹ്‌റാന്‍: യു.എസ്-ഇറാന്‍ സമാധാന കരാര്‍ പ്രഖ്യാപനം അടുത്തു എന്ന സൂചനകള്‍ക്കിടയില്‍, കടുത്ത നിലപാടുകളുമായി ഇറാനിലെ തീവ്ര യാഥാസ്ഥിതിക വിഭാഗം രംഗത്ത്. ഇറാന്‍ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാത്ത ഒരു കരാറും അംഗീകരിക്കില്ലെന്നാണ് പ്രമുഖ ഇറാന്‍ പാര്‍ലമെന്റ് അംഗം മഹമൂദ് നബവിയന്‍ വ്യക്തമാക്കിയിരിക്കുന്നത്. അത്തരം ഒരു ഒത്തുതീര്‍പ്പ് ഇറാന്‍ ജനതയുടെ വിജയത്തെ പരാജയമാക്കി മാറ്റുന്നതിന് തുല്യമായിരിക്കുമെന്നും നബവിയന്‍ മുന്നറിയിപ്പ് നല്‍കി.
ഹോര്‍മുസ് കടലിടുക്കിലെ നാവിക ഉപരോധം നീക്കുന്നതുമായി ബന്ധപ്പെട്ട താല്‍കാലിക ധാരണാ പത്രത്തില്‍ ഒപ്പുവെക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാനും ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് നബവിയന്റെ പ്രതികരണം. മേഖലയിലൂടെ കടന്ന് പോകുന്ന കപ്പലുകളില്‍ നിന്ന് ടോള്‍ ഈടാക്കാനുള്ള അവകാശം ഇറാന് നല്‍കണം എന്നതാണ് എംപിയുടെ പ്രധാന ആവശ്യം. കൂടാതെ ഇറാനെതിരെയുള്ള എല്ലാ സാമ്പത്തിക-വ്യാപാര ഉപരോധങ്ങളും അമേരിക്ക നീക്കണം. വിദേശ ബാങ്കുകളില്‍ മരവിപ്പിച്ച് നിര്‍ത്തിയിരിക്കുന്ന ഇറാന്റെ ഫണ്ടുകള്‍ പൂര്‍ണമായി വിട്ടുനല്‍കണം എന്നതുമാണ് ആവശ്യം.
യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള ഇറാന്റെ അവകാശത്തെ അമേരിക്ക തടസപ്പെടുത്തരുത്. പശ്ചിമേഷ്യയില്‍ നിന്ന് അമേരിക്കന്‍ സൈന്യം പൂര്‍ണമായി പിന്മാറുകയും യുദ്ധ നഷ്ടപരിഹാരം നല്‍കുകയും വേണം. തങ്ങളുടെ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളാത്ത ഒരു കരാര്‍ വന്‍ ദോഷം ചെയ്യും. ശത്രുവുമായുള്ള ചര്‍ച്ചകളില്‍ വിട്ടുവീഴ്ച പാടില്ലെന്നും മഹമൂദ് നബവിയന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഭരണകൂടത്തിനുള്ളിലെ ആഭ്യന്തര ഭിന്നതകള്‍ രൂക്ഷമാകുന്നതിനിടെ, നയതന്ത്ര ചര്‍ച്ചകളിലെ തീരുമാനങ്ങളെ പിന്തുണക്കണമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ജനങ്ങളോടും മാധ്യമങ്ങളോടും ആഹ്വാനം ചെയ്തു. അന്തിമ തീരുമാനങ്ങള്‍ രാജ്യത്തിന്റെ പരമോന്നത നേതാവിന്റെയും സുപ്രീം കൗണ്‍സിലിന്റെയും അംഗീകാരത്തോടെ മാത്രമായിരിക്കുമെന്നും അദേഹം ഓര്‍മ്മിപ്പിച്ചു. കരാറിനെതിരെ ആഭ്യന്തരമായി ഉയരുന്ന കടുത്ത വിയോജിപ്പുകള്‍ക്ക് തടയിടാനാണ് പ്രസിഡന്റിന്റെ ഈ നീക്കമെന്നാണ് വിലയിരുത്തല്‍.
ഭരണതലത്തില്‍ പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ പുറത്തുവരുന്നുണ്ടെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന വാദങ്ങള്‍ ആരും തള്ളിക്കളയുന്നില്ല. അതിനാല്‍ത്തന്നെ പശ്ചിമേഷ്യയില്‍ സമാധാനം പുലരുമെന്ന പ്രതീക്ഷയിലാണ് ലോകരാജ്യങ്ങള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.