ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വങ്ങള്‍ക്കിടെ രാജ്യത്ത് പൊതുജനങ്ങള്‍ക്ക് വന്‍ പ്രഹരമായി ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് നാലാമത്തെ തവണയാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്.
ഇതോടെ മെയ് 15 ന് ശേഷം മാത്രം പെട്രോള്‍, ഡീസല്‍ വിലയില്‍ ഏകദേശം 7.50 രൂപയോളം വര്‍ധനവുണ്ടായി. പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നതോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില 100 കടന്ന് 102.12 രൂപയിലെത്തി. ഡീസല്‍ വില 95.20 രൂപയായും ഉയര്‍ന്നു.
നിലവിലെ വര്‍ധനയ്ക്ക് ശേഷവും തങ്ങള്‍ വലിയ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് എണ്ണക്കമ്പനികളുടെ വാദം. വരും ദിവസങ്ങളിലും കൃത്യമായ ഇടവേളകളില്‍ നേരിയ തോതില്‍ നിരക്ക് വര്‍ധിപ്പിച്ച് ആകെ എട്ട് രൂപ വരെ കൂട്ടാനാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര വിപണിയിലെ വൈരുദ്ധ്യം പശ്ചിമേഷ്യയില്‍ പ്രത്യേകിച്ച് ഇറാനിലുണ്ടായ സംഘര്‍ഷങ്ങളും ഹോര്‍മുസ് കടലിടുക്കിലെ ഗതാഗത തടസങ്ങളുമാണ് ആഭ്യന്തര വിപണിയിലെ വിലക്കയറ്റത്തിന് കാരണമായി എണ്ണക്കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നത്.
കൂടാതെ രൂപയുടെ മൂല്യത്തകര്‍ച്ചയും ഇറക്കുമതിച്ചെലവ് കൂട്ടിയിട്ടുണ്ട്. എന്നാല്‍ അമേരിക്ക-ഇറാന്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ തിങ്കളാഴ്ച അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 4.71 ഡോളര്‍ (4.55 ശതമാനം) കുറഞ്ഞ് 98.83 ഡോളറിലെത്തി. മെയ് ഏഴിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.
അന്താരാഷ്ട്ര വിപണിയില്‍ വില ഇടിയുമ്പോഴും ആഭ്യന്തര വിപണിയില്‍ വില കൂട്ടുന്ന എണ്ണക്കമ്പനികളുടെ നടപടി ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.തുടര്‍ച്ചയായുണ്ടാകുന്ന ഈ വില വര്‍ധനവ് പൊതുഗതാഗതച്ചെലവ് ഉയര്‍ത്തുന്നതിനും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിലേക്കും നയിക്കുമെന്ന ആശങ്കയിലാണ് പൊതുജനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.