ടെഹ്റാൻ: ഇസ്രയേലിന്റെയും അമേരിക്കയുടെയും ഭാഗത്തു നിന്നുള്ള വധശ്രമങ്ങൾ മുൻകൂട്ടി കണ്ട് ഇറാന്റെ പരമോന്നത നേതാവ് മുജ്താബ ഖൊമേനി അതീവ സുരക്ഷയുള്ള രഹസ്യ സങ്കേതത്തിൽ ഒളിവിൽ കഴിയുന്നതായി റിപ്പോർട്ട്. ചാരസംഘടനകളുടെ നിരീക്ഷണം ഭയന്ന് ടെലിഫോൺ, റേഡിയോ ഉൾപ്പെടെയുള്ള എല്ലാത്തരം ആധുനിക വാർത്താവിനിമയ ഉപകരണങ്ങളും അദേഹം പൂർണമായി ഒഴിവാക്കിയിരിക്കുകയാണ്.
മുൻപ് അൽ ഖ്വയ്ദ തലവൻ ഒസാമ ബിൻ ലാദൻ ഒളിസങ്കേതത്തിൽ സ്വീകരിച്ചിരുന്നതിന് സമാനമായ സുരക്ഷാ മുൻകരുതലുകളാണ് ഖൊമേനിയും പിന്തുടരുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് മുജ്താബയുടെ പിതാവും മുൻ പരമോന്നത നേതാവുമായ ആയത്തുള്ള അലി ഖൊമേനി കൊല്ലപ്പെടുന്നത്. ഈ ആക്രമണത്തിൽ മുജ്താബയ്ക്കും പരിക്കേറ്റിരുന്നു.
പിതാവിന്റെ മരണത്തെ തുടർന്ന് ഇറാന്റെ പരമോന്നത നേതാവായി അവരോധിക്കപ്പെട്ടെങ്കിലും പരിക്കുകളിൽ നിന്നുള്ള ചികിത്സയിലായതിനാലും സുരക്ഷാ ഭീഷണിയുള്ളതിനാലും അദേഹം ഇതുവരെ പൊതുജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. നിലവിൽ ഇറാന്റെ വിശുദ്ധ നഗരമായ ഖോമിലെ അതീവ സുരക്ഷയുള്ള ഭൂഗർഭ ബങ്കറുകളിലൊന്നിലാണ് കഴിയുന്നതെന്നാണ് സൂചന.
ഇലക്ട്രോണിക് സംവിധാനങ്ങൾ പൂർണമായി ഉപേക്ഷിച്ചതോടെ കൈകൊണ്ട് എഴുതിയ കത്തുകൾ വിശ്വസ്തരായ രഹസ്യ ദൂതന്മാർ വഴി കൈമാറുന്ന രീതിയാണ് മുജ്താബ സ്വീകരിച്ചിരിക്കുന്നത്. ഭരണകൂടത്തിലെ ഉന്നതരുമായും സൈനിക മേധാവികളുമായും ഈ രീതിയിലാണ് ആശയ വിനിമയം നടത്തുന്നത്. എന്നാൽ ഈ ഒളിവു ജീവിതം ഇറാനും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകളെയും രാജ്യത്തെ ഭരണപരമായ തീരുമാനങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്.
അമേരിക്കയിൽ നിന്നുള്ള നിർദേശങ്ങളും വിവിധ നയതന്ത്ര കരാറുകളും പരമോന്നത നേതാവിന്റെ പക്കൽ എത്താനും അതിൽ മറുപടി വരാനും ആഴ്ചകളോളം സമയമെടുക്കുന്നു. ഇറാനിലെ ഉന്നത ഉദ്യോഗസ്ഥർക്ക് പോലും മുജ്താബ എവിടെയാണ് കഴിയുന്നതെന്നോ എങ്ങനെ അടിയന്തരമായി ബന്ധപ്പെടണമെന്നോ അറിയില്ല. ചർച്ചകളിൽ പങ്കെടുക്കുന്ന ഇറാന്റെ പ്രതിനിധികൾ പലപ്പോഴും നേതാവിൽ നിന്നുള്ള നിർദേശങ്ങൾക്കായി ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നുണ്ട്.
ഇസ്രയേലിന്റെ ഡ്രോൺ-വ്യോമാക്രമണങ്ങളെ ഭയന്ന് മുജ്താബയ്ക്ക് പുറമെ ഇറാനിലെ പല മുതിർന്ന ഉദ്യോഗസ്ഥരും നിലവിൽ ഭൂഗർഭ കേന്ദ്രങ്ങളിലേക്ക് മാറിയിരിക്കുകയാണ്. ഇറാന്റെ ഔദ്യോഗിക സൈന്യമായ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർപ്സിന്റെ മുതിർന്ന കമാൻഡർമാരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പുതിയ പരമോന്നത നേതാവിന്റെ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.