മെയ് 29 ന് മധ്യ യൂറോപ്പ് ഉറങ്ങില്ല! രാത്രിയിലും നൂറുകണക്കിന് ദേവാലയങ്ങൾ തുറന്നി‌‌ടും; ലക്ഷക്കണക്കിന് ആളുകൾ ഒഴുകിയെത്തും

മെയ് 29 ന് മധ്യ  യൂറോപ്പ് ഉറങ്ങില്ല! രാത്രിയിലും നൂറുകണക്കിന് ദേവാലയങ്ങൾ തുറന്നി‌‌ടും; ലക്ഷക്കണക്കിന് ആളുകൾ ഒഴുകിയെത്തും

വിയന്ന: ചെക്ക് റിപ്പബ്ലിക്, ഓസ്ട്രിയ ഉൾപ്പെടെയുള്ള മധ്യയൂറോപ്യൻ രാജ്യങ്ങളിലെ നൂറുകണക്കിന് ക്രിസ്ത്യൻ ദേവാലയങ്ങളും ആത്മീയ കേന്ദ്രങ്ങളും മെയ് 29-ാം തീയതി രാത്രിയിൽ പൊതു ജനങ്ങൾക്കായി തുറന്നുനൽകുന്നു. വിവിധ സഭകളുടെ സംയുക്ത ആഭിമുഖ്യത്തിൽ വർഷം തോറും നടത്തിവരാറുള്ള 'നൈറ്റ് ഓഫ് ചർച്ചസ്' എന്ന ആഗോള കൂട്ടായ്മയുടെ ഭാഗമായാണ് ഈ നടപടി. ചെക്ക് റിപ്പബ്ലിക്കിലും ഓസ്ട്രിയയിലുമായി മാത്രം പത്ത് ലക്ഷത്തിനടുത്ത് സന്ദർശകർ ഈ ഒരു രാത്രിയിൽ ദേവാലയങ്ങളിൽ എത്തിച്ചേരുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

വിശ്വാസികൾക്കും അല്ലാത്തവർക്കും ഒരുപോലെ ദേവാലയങ്ങൾ സന്ദർശിക്കാനും അവരുടെ ആത്മീയ-സാംസ്കാരിക പാരമ്പര്യങ്ങൾ മനസിലാക്കാനുമുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. സംഗീതകച്ചേരികൾ, പ്രദർശനങ്ങൾ, പ്രഭാഷണങ്ങൾ, ഗൈഡഡ് ടൂറുകൾ, പ്രാർത്ഥനകൾ എന്നിവയോടെ രാത്രി വൈകുവോളം പരിപാടികൾ നീണ്ടുനിൽക്കും.

സാധാരണയായി പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത പള്ളി ഗോപുരങ്ങൾ, ഭൂഗർഭ അറകൾ തുടങ്ങിയ ചരിത്രപ്രധാനമായ സ്ഥലങ്ങളും ഈ രാത്രിയിൽ തുറന്നുനൽകും. 'ധൈര്യം' എന്നതാണ് ചെക്ക് റിപ്പബ്ലിക്കിലും സ്ലൊവാക്യയിലും ഇത്തവണത്തെ പരിപാടിയുടെ പ്രധാന പ്രമേയം.

ചെക്ക് റിപ്പബ്ലിക്കിൽ ഈ വർഷം പദ്ധതിയുടെ പതിനെട്ടാം പതിപ്പാണ് നടക്കുന്നത്. കഴിഞ്ഞ വർഷം മാത്രം 4,60,000 സന്ദർശകരും 25,000 വളണ്ടിയർമാരും ഇവിടെ പരിപാടിയുടെ ഭാഗമായിരുന്നു. ഓസ്ട്രിയയിൽ കഴിഞ്ഞ രണ്ട് വർഷങ്ങളിലും മൂന്ന് ലക്ഷത്തോളം ആളുകൾ വീതം പങ്കെടുത്തു.

വിയന്നയിൽ മാത്രം ഇത്തവണ ഒരു ലക്ഷത്തിലധികം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. ഒരു പോലീസ് ചാപ്പൽ ഉൾപ്പെടെ 170-ലധികം ദേവാലയങ്ങൾ ഇവിടെ പരിപാടികളിൽ പങ്കാളികളാകുന്നുണ്ട്. കൊറിയൻ ഗായക സംഘത്തിന്റെ സംഗീത പരിപാടികൾ മുതൽ പരമ്പരാഗത പ്രാർത്ഥനകൾ വരെ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.

"ചിലപ്പോഴൊക്കെ ഒരു ദേവാലയത്തിന്റെ പടിവാതിൽ കടക്കാൻ പോലും വലിയ ധൈര്യം ആവശ്യമാണ്" എന്ന് പ്രാഗ് ആർച്ച് ബിഷപ്പ് സ്റ്റാനിസ്ലാവ് പ്രിബിൽ അഭിപ്രായപ്പെട്ടു. മനുഷ്യർക്ക് പരസ്പരം കണ്ടുമുട്ടാനും ദൈവത്തെ കണ്ടെത്താനുമുള്ള ഇടങ്ങളായാണ് ദേവാലയങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുള്ളതെന്നും അദേഹം ഓർമ്മിപ്പിച്ചു. തുറന്നിട്ടിരിക്കുന്ന ദേവാലയങ്ങൾ പ്രാർത്ഥനയുടെയും ദൈവത്തെ തേടലിന്റെയും വലിയ കേന്ദ്രങ്ങളായി മാറുമെന്ന് സ്ലൊവാക്യൻ ബിഷപ്പ് കോൺഫറൻസ് പ്രസിഡന്റ് ആർച്ച്ബിഷപ്പ് ബെർണാഡ് ബോബർ വ്യക്തമാക്കി.

കേവലം ഒരു ആത്മീയ ഒത്തുചേരലിനപ്പുറം വലിയ ചരിത്രപരമായ അനുരഞ്ജനത്തിന്റെ വേദിയായും ഈ കൂട്ടായ്മ മാറാറുണ്ട്. കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് ഖനനത്തിനായി പൂർണമായി തകർക്കപ്പെട്ട വടക്കു പടിഞ്ഞാറൻ ചെക്കോസ്ലോവാക്യയിലെ 'രഡോവെസിസ്' എന്ന ഗ്രാമത്തിലെ മുൻ നിവാസികൾ 2023 ൽ ഇത്തരമൊരു രാത്രിയിൽ ഒത്തുചേർന്നിരുന്നു. ഗ്രാമവും അവിടുത്തെ 'ഓൾ സെയിന്റ്സ്' ദേവാലയവും തകർക്കപ്പെട്ടതിന്റെ 40-ാം വാർഷികത്തിലായിരുന്നു ആ സംഗമം.

അന്ന് തകർന്ന പള്ളിയിൽ നിന്നും സംരക്ഷിച്ചുവെച്ച രേഖകളും വിശുദ്ധരുടെ രൂപങ്ങളും താക്കോലുകളും വച്ചുകൊണ്ട് അവർ പ്രാർത്ഥന നടത്തുകയും മൺമറഞ്ഞുപോയ തങ്ങളുടെ പൂർവ്വികരെ അനുസ്മരിക്കുകയും ചെയ്തു. ആ പഴയ ഓർമ്മകളെ തിരികെപ്പിടിക്കാനുള്ള അടുത്ത വലിയ സംഗമം 2028-ൽ നടത്താനാണ് ഗ്രാമവാസികളുടെ തീരുമാനം.

1995 ൽ ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിലാണ് രാത്രി കാലങ്ങളിൽ ദേവാലയങ്ങൾ തുറന്നിടുക എന്ന ഈ ആശയം ആദ്യമായി ഉദയം കൊണ്ടത്. പിന്നീട് 2005 ൽ ഇത് ഓസ്ട്രിയയിലേക്കും 2009 ൽ ചെക്ക് റിപ്പബ്ലിക്കിലേക്കും വ്യാപിച്ചു. നിലവിൽ സ്ലൊവാക്യ, ഹംഗറി, എസ്തോണിയ, സ്വിറ്റ്സർലാൻഡ്, ഇറ്റലിയിലെ സൗത്ത് ടൈറോൾ ഉൾപ്പെടെ എട്ടോളം യൂറോപ്യൻ രാജ്യങ്ങളിൽ മെയ് മാസത്തിന്റെ അവസാന വാരത്തിൽ 'നൈറ്റ് ഓഫ് ചർച്ചസ്' വലിയ ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ചു വരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.