ഫ്രാൻസിൽ സഭ തളരുന്നെന്ന വിലയിരുത്തലുകൾക്ക് യുവത്വത്തിന്റെ മറുപടി; 20,000 യുവജനങ്ങൾ അണിനിരന്ന ഷാർത്ര് തീർത്ഥാടനം

ഫ്രാൻസിൽ സഭ തളരുന്നെന്ന വിലയിരുത്തലുകൾക്ക് യുവത്വത്തിന്റെ മറുപടി; 20,000 യുവജനങ്ങൾ അണിനിരന്ന ഷാർത്ര് തീർത്ഥാടനം

പാരീസ്: ഫ്രാൻസിലെ കത്തോലിക്കാ സഭയ്ക്ക് പുതിയ ആത്മീയ ഉണർവേകി 44ാമത് ‘ഷാർത്ര് പന്തക്കുസ്താ തീർത്ഥാടനം’ സമാപിച്ചു. പാരീസിൽ നിന്നും ഷാർത്ര് കത്തീഡ്രലിലേക്ക് മൂന്ന് ദിവസങ്ങളിലായി നടന്ന 100 കിലോമീറ്റർ നീണ്ട കാൽനട തീർത്ഥാടനത്തിൽ ഇരുപതിനായിരത്തോളം യുവജനങ്ങളാണ് പങ്കെടുത്തത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 22 രാജ്യങ്ങളിൽ നിന്നുള്ള യുവ വിശ്വാസികൾ ഈ ആത്മീയ സംഗമത്തിന്റെ ഭാഗമായി. സ്ഥലപരിമിതി മൂലം ആയിരക്കണക്കിന് അപേക്ഷകരെ സംഘാടകർക്ക് അവസാന നിമിഷം ഒഴിവാക്കേണ്ടി വന്നിരുന്നു.

യൂറോപ്പിൽ ക്രൈസ്തവ വിശ്വാസം ക്ഷയിക്കുന്നു എന്ന വിലയിരുത്തലുകൾക്കിടയിൽ, സഭയുടെ പരമ്പരാഗത വിശ്വാസ വഴികളിലേക്ക് യുവ തലമുറ വൻതോതിൽ തിരിച്ചെത്തുന്നു എന്നതിന്റെ നേർക്കാഴ്ചയായി മാറി ഈ വർഷത്തെ തീർത്ഥാടനം. തീർത്ഥാടനത്തിൽ പങ്കെടുത്ത 4,610 പേരെ ഉൾപ്പെടുത്തി നടത്തിയ ആധികാരിക പഠനത്തിലെ വിവരങ്ങൾ ഫ്രഞ്ച് സമൂഹത്തെപ്പോലും അത്ഭുതപ്പെടുത്തുന്നതാണ്.

പങ്കെടുത്തവരിൽ പകുതിയിലധികം പേരും 25 വയസിന് താഴെയുള്ളവരും മൂന്നിലൊന്ന് പേർ ആദ്യമായി തീർത്ഥാടനത്തിൽ പങ്കാളികളായവരുമാണ്. തീർത്ഥാടകരിൽ 90 ശതമാനത്തിലധികം പേരും കത്തോലിക്കാ സഭ പഠിപ്പിക്കുന്ന അടിസ്ഥാന വിശ്വാസ സത്യങ്ങളായ പരിശുദ്ധ ത്രിത്വം യേശുവിന്റെ ഉത്ഥാനം, വിശുദ്ധ കുർബാനയിലെ ക്രിസ്തുവിന്റെ യഥാർത്ഥ സാന്നിധ്യം എന്നിവയിൽ പൂർണമായി വിശ്വസിക്കുന്നവരും മാസത്തിൽ ഒരിക്കലെങ്കിലും കുമ്പസാരിക്കുന്നവരുമാണ്.

കേവലമൊരു കായികക്ഷമത പ്രകടനത്തിനോ സൗഹൃദക്കൂട്ടായ്മകൾക്കോ അപ്പുറ ക്രിസ്തുവിന്റെ പ്രബോധനങ്ങളിൽ ജീവിതത്തിന്റെ യഥാർത്ഥ അർത്ഥം കണ്ടെത്താൻ ഇന്നത്തെ യുവതലമുറ ആഗ്രഹിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ കണ്ടെത്തലുകൾ.

ഫ്രാൻസിൽ കഴിഞ്ഞ ഈസ്റ്റർ തിരുനാളിനോടനുബന്ധിച്ച് ജ്ഞാനസ്നാനം സ്വീകരിച്ച മുതിർന്നവരുടെ എണ്ണത്തിലും വൻ വർധനവ് രേഖപ്പെടുത്തിയിരുന്നു. തീർത്തും മതേതരമായ ചുറ്റുപാടുകളിൽ നിന്നും അക്രൈസ്തവ പശ്ചാത്തലങ്ങളിൽ നിന്നും കത്തോലിക്കാ വിശ്വാസത്തെ വീണ്ടെടുക്കുന്ന ഫ്രഞ്ച് യുവതയുടെ ആത്മീയ ഉണർവായി ഷാർത്ര് തീർത്ഥാടനം മാറിക്കഴിഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.