കേരളത്തെ തുറമുഖ നഗരമാക്കും.
ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഏവിയേഷന്‍ ഹബ്ബാക്കും.
ഉന്നത വിദ്യാഭ്യാസ മേഖലയെ പൂര്‍ണമായി ആധുനികവല്‍കരിക്കും.
സഹകരണ പ്രസ്ഥാനത്തെ തിരിച്ചു കൊണ്ടു വരും, വിശ്വാസ്യത വീണ്ടെടുക്കും.
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായി പാലിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. അഞ്ച് ഇന്ദിരാ ഗ്യാരന്റികളും നടപ്പിലാക്കുമെന്ന് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
പുതുയുഗത്തിലേക്ക് ചുവടു വെയ്ക്കുന്ന കേരളത്തെ തുറമുഖ നഗരമാക്കും. രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളെയും ഒരു കണ്ടെയ്നര്‍ ടെര്‍മിനലിനെയും 17 മിനി തുറമുഖങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട് വലിയൊരു പദ്ധതിക്ക് സര്‍ക്കാര്‍ രൂപം കൊടുക്കും. സംസ്ഥാനത്തെ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഏവിയേഷന്‍ ഹബ്ബാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പതിനായിരം ചെറുകിട ഇടത്തരം വ്യവസായ സംരഭങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കും. വ്യവസായങ്ങളെ ആകര്‍ഷിക്കാന്‍ ലാന്റ് ബാങ്ക് സജ്ജമാക്കും. ബജറ്റില്‍ ഇക്കാര്യം പ്രഖ്യാപിക്കും. കേരളത്തിലെ സഹകരണ മേഖല തകര്‍ച്ചയിലാണ്. സഹകരണ പ്രസ്ഥാനത്തെ തിരിച്ചു കൊണ്ടു വരും. വിശ്വാസ്യത വീണ്ടെടുക്കും. ഉന്നത വിദ്യാഭ്യാസ മേഖലയെ പൂര്‍ണമായി ആധുനികവല്‍കരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ലഹരിക്കെതിരേ ശക്തമായ നടപടിയുണ്ടാകും. ലഹരി മാഫിയയെ തകര്‍ക്കുമെന്നും അദേഹം പറഞ്ഞു. പ്രതിപക്ഷം നയരാഹിത്യത്തെക്കുറിച്ച് പറഞ്ഞത് ചൂണ്ടിക്കാട്ടിയപ്പോള്‍ അവരുടെ നയമല്ല ഞങ്ങള്‍ നടപ്പിലാക്കുന്നതെന്നും പുതിയ സര്‍ക്കാരിന്റെ നയമാണെന്നുമായിരുന്നു മറുപടി.
കഴിഞ്ഞ ദിവസം നടന്ന ഇ.ഡി റെയ്ഡില്‍ സംസ്ഥാനത്തിന് റോളില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നേരത്തെയുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഇ.ഡി നടപടികള്‍. കേന്ദ്ര ഏജന്‍സികളെകുറിച്ച് ഞങ്ങള്‍ക്കും പരാതികളുണ്ട്.
ഇഡി റെയ്ഡില്‍ പിണറായി കുറ്റപ്പെടുത്തിയത് രാഹുല്‍ ഗാന്ധിയെ ആണ്. രാഹുല്‍ ഗാന്ധിയാണോ റെയ്ഡിന് ആളെ വിട്ടത്? അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഗുരുതരമായ കുറ്റകൃത്യമാണ്. കോടതി അനുവദിച്ച കേസില്‍ അന്വേഷണം തടയില്ലെന്നും അന്വേഷണം നടത്തിയതിനെ വിമര്‍ശിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മോഡി-വിഡി ഡീലാണ് റെയ്‌ഡെന്ന സിപിഎം ആരോപണത്തെ മുഖ്യമന്ത്രി പരിഹസിച്ചു. താന്‍ പറഞ്ഞത് കൊണ്ടാണ് റെയ്ഡ് നടത്തിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. 12 ഇടങ്ങളില്‍ റെയ്ഡ് നടത്താന്‍ താന്‍ മോഡിയോട് ആവശ്യപ്പെട്ടു.
മോഡി അപ്പോള്‍ തന്നെ ഫോണെടുത്ത് വിളിച്ച് റെയ്ഡിന് നിര്‍ദേശം നല്‍കി. സതീശന്‍ ആദ്യമായൊരു കാര്യം പറഞ്ഞതല്ലേയെന്ന് മോഡി കരുതി. ഇതാണ് മുന്‍മന്ത്രിമാരുള്‍പ്പടെ പ്രചരിപ്പിക്കുന്നത്. ഇതൊക്കെ കേള്‍ക്കുന്ന താന്‍ കരയണോ ചിരിക്കണോ എന്നും വി.ഡി സതീശന്‍ പരിഹസിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.