ആർജവത്തിന്റെ 140 വർഷങ്ങൾ: മലയാളിയുടെ ദീപശിഖ

ആർജവത്തിന്റെ 140 വർഷങ്ങൾ: മലയാളിയുടെ ദീപശിഖ

കൊച്ചി: മലയാള മാധ്യമ ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു വിസ്മയ പ്രയാണത്തിന്റെ നൂറ്റിനാൽപ്പതാം നാഴികക്കല്ലിലാണ് ദീപിക ഇന്ന് എത്തിനിൽക്കുന്നത്. 1887 ഏപ്രിൽ 15 ന് വിദേശാധിപത്യത്തിന്റെയും രാജഭരണത്തിന്റെയും കരിനിഴലുകൾക്കിടയിൽ മാന്നാനം കുന്നിൽ നിന്ന് ഒരു വിഷുക്കണിയായി ഉദയംകൊണ്ട നസ്രാണി ദീപിക കേവലമൊരു പത്രമായിരുന്നില്ല, മറിച്ച് മലയാളിയുടെ സാമൂഹിക നവോത്ഥാനത്തിന്റെ പടവാളായിരുന്നു.

കേരളപ്പിറവിക്ക് ഏഴു പതിറ്റാണ്ടുകൾക്ക് മുൻപ് മലയാളിയുടെ സ്വപ്നങ്ങൾക്ക് അക്ഷരരൂപം നൽകിയ ഈ മഹാപ്രസ്ഥാനം ഇന്ന് ശതോത്തര റൂബി ജൂബിലിയുടെ നിറവിലാണ്.

ദീപികയുടെ കഴിഞ്ഞ 140 വർഷത്തെ യാത്ര ഒരിക്കലും അനായാസമായിരുന്നില്ല. കടന്നുപോയ ഓരോ ദശാസന്ധിയിലും പ്രതിസന്ധികളുടെ വൻതിരമാലകളെ അതിജീവിച്ചത് വായനക്കാർ നൽകിയ വിശ്വാസത്തിന്റെ ആത്മകവചവും, തലമുറകളായി പത്രത്തെ നയിച്ച ജീവനക്കാരുടെ തളരാത്ത കർമശേഷിയുമാണ്.

സ്ഥാപക പിതാക്കന്മാരുടെ ദീർഘവീക്ഷണവും ക്രാന്തദർശിത്വവും തന്നെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഡിജിറ്റൽ യുഗത്തിലും ദീപികയെ ഒളിമങ്ങാതെ കാത്തുസൂക്ഷിക്കുന്നത്. സത്യസന്ധവും നിഷ്പക്ഷവുമായ പത്രധർമ്മം എങ്ങനെയെന്നതിന് ചരിത്രത്തിന്റെ താളുകളിൽ ദീപിക നൽകിയ നിർവചനങ്ങൾ നിരവധിയാണ്.

പത്രത്തിന്റെ ശതോത്തര റൂബി ജൂബിലി ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് കോട്ടയം കെ.സി. മാമ്മൻ മാപ്പിള ഹാളിൽ വെച്ച് നടക്കുമ്പോൾ അത് കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിലെ സുപ്രധാനമായൊരു അധ്യായത്തിന്റെ അടയാളപ്പെടുത്തലാവുകയാണ്. ഭാരതത്തിന്റെ ഉപരാഷ്ട്രപതി ഡോ. സി.പി രാധാകൃഷ്ണൻ ഈ ചരിത്ര മുഹൂർത്തം ഉദ്ഘാടനം ചെയ്യുമ്പോൾ സംസ്ഥാന ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറും മുഖ്യമന്ത്രി വി. ഡി സതീശൻ മുഖ്യപ്രഭാഷണം നടത്തും.

നിരവധി പ്രമുഖർ ഈ പ്രൗഢഗംഭീരമായ ചടങ്ങിൽ സന്നിഹിതരാകും. കേരളക്കരയും ലോകമെമ്പടുമുള്ള മലയാളികളും ഒരേപോലെ ഈ അഭിമാന നിമിഷത്തിൽ പങ്കുചേരുന്നു. വാർത്തകളുടെ അതിപ്രസരത്തിലും തനിമയും വിശ്വാസ്യതയും കൈവിടാതെ അധികാരവർ​ഗത്തോട് വിട്ടുവീഴ്ചയില്ലാത്ത ആർജവം കാണിച്ച് മുന്നേറിയ ദീപികയ്ക്ക് ഈ 140-ാം വർഷത്തിലും വരും ദശകങ്ങളിലും മലയാളിയുടെ ആത്മസ്പന്ദനമായി തുടരാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. പത്രമുത്തശിക്ക് സീന്യൂസ് ലൈവിന്റെ അഭിനന്ദനങ്ങൾ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.