പ്രാർത്ഥനയുടെ ഫലം, വിജയം; പത്ത് നവവൈദികരുമായി അമേരിക്കയിലെ ഷാർലറ്റ് രൂപത
നോർത്ത് കരോളിന: അമേരിക്കയിലെ ഷാർലറ്റ് രൂപതയുടെ ചരിത്രത്തിൽ സുവർണ ലിപികളാൽ കുറിക്കപ്പെടുന്ന ഒരു നിമിഷത്തിന് വേദിയായി നോർത്ത് കരോളിന. രൂപതയുടെ ചരിത്രത്തിൽ ആദ്യമായി പത്ത് ഡീക്കന്മാർക്ക് ഒരേസമയം പൗരോഹിത്യം ലഭിച്ചു. മെയ് 30 ന് ബിഷപ്പ് മൈക്കൽ മാർട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ദിവ്യബലിമധ്യേയാണ് ഈ പത്തുപേരും തിരുപ്പട്ടം സ്വീകരിച്ചത്.
"നമ്മുടെ ഇടയിൽ നടക്കുന്ന ദൈവത്തിന്റെ അത്ഭുതകരമായ പ്രവർത്തനമാണിതെന്ന്" ബിഷപ്പ് മൈക്കൽ മാർട്ടിൻ ഈ തിരുപ്പട്ട സ്വീകരണത്തെ വിശേഷിപ്പിച്ചു. കുടുംബങ്ങളുടെ ആഴമേറിയ വിശ്വാസവും, സജീവമായ ഇടവക സമൂഹങ്ങളുടെ പ്രാർത്ഥനയും യുവജനങ്ങൾക്കിടയിൽ വർഷങ്ങളായി നടത്തിവരുന്ന ദൈവവിളി പ്രോത്സാഹനവുമാണ് ഈ പൗരോഹിത്യ വിളികളുടെ വളർച്ചയ്ക്ക് പിന്നിലെന്ന് രൂപതാ നേതൃത്വം വ്യക്തമാക്കി.
നവവൈദികരിൽ ഭൂരിഭാഗം പേരും രൂപതയുടെ സ്വന്തം സെമിനാരിയായ സെന്റ് ജോസഫ്സ് കോളേജ് സെമിനാരിയിൽ നിന്നാണ് വൈദിക പരിശീലനം പൂർത്തിയാക്കിയത്. 1,600 ലധികം വിശ്വാസികൾ പങ്കെടുത്ത തിരുക്കർമ്മങ്ങൾക്ക് ശേഷമാണ് ഇവർ തങ്ങളുടെ പുതിയ ശുശ്രൂഷാ മേഖലകളിലേക്ക് പ്രവേശിക്കുന്നത്.
ജൂലൈ ഒന്ന് മുതൽ രൂപതയുടെ വിവിധ ഇടവകകളിലും സ്കൂളുകളിലും മറ്റ് സ്ഥാപനങ്ങളിലും ഇവർ തങ്ങളുടെ ശുശ്രൂഷകൾ ആരംഭിക്കും. അഞ്ചേമുക്കാൽ ലക്ഷത്തിലധികം കത്തോലിക്ക വിശ്വാസികൾ അധിവസിക്കുന്ന ഷാർലറ്റ് രൂപതയിൽ നിലവിൽ 145 വൈദികരാണ് സഭയുടെ ശുശ്രൂഷകൾക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.