ന്യൂഡല്‍ഹി: ശത്രുക്കളുടെ വ്യോമാക്രമണ ഭീഷണികള്‍ക്കെതിരെ രാജ്യത്തിന് കാവലൊരുക്കാന്‍ റഷ്യന്‍ നിര്‍മിത എസ്400 സുദര്‍ശന്‍ വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനത്തിന്റെ നാലാമത്തെ സ്‌ക്വാഡ്രണ്‍ ഇന്ത്യയിലെത്തി. കപ്പല്‍ മാര്‍ഗം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയിലെത്തിച്ച ഈ അത്യാധുനിക ദീര്‍ഘദൂര പ്രതിരോധ സംവിധാനം, പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിയോടെ ഉടന്‍ തന്നെ തന്ത്രപ്രധാനമായ പ്രവര്‍ത്തന മേഖലകളില്‍ വിന്യസിക്കും.
ഇതോടെ പാകിസ്ഥാന്‍, ചൈന അതിര്‍ത്തികളില്‍ ഇന്ത്യയുടെ പ്രതിരോധ കോട്ട കൂടുതല്‍ ശക്തമാകും. കഴിഞ്ഞ വര്‍ഷം നടന്ന ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നീക്കത്തില്‍ പാകിസ്ഥാന്‍ വ്യോമ സേനയുടെ കടന്നുകയറ്റ ശ്രമങ്ങളെ തകര്‍ക്കുന്നതില്‍ ഈ സുദര്‍ശന്‍ പ്രതിരോധ സംവിധാനം നിര്‍ണായക പങ്കുവഹിച്ചിരുന്നു. അതിര്‍ത്തിക്ക് പുറത്ത് 300 കിലോമീറ്ററിലധികം അകലെ പറക്കുകയായിരുന്ന പാക് വ്യോമസേനയുടെ അതിവേഗ നിരീക്ഷണ വിമാനത്തെ തകര്‍ത്തുവിട്ടതടക്കമുള്ള സൈനിക നേട്ടങ്ങള്‍ ഇതിന്റെ കരുത്ത് തെളിയിക്കുന്നതാണ്.
അഞ്ച് എസ്400 സ്‌ക്വാഡ്രണുകള്‍ക്കായി 2018 ലാണ് ഇന്ത്യ റഷ്യയുമായി കരാറില്‍ ഏര്‍പ്പെടുന്നത്. ആദ്യത്തെ മൂന്ന് സ്‌ക്വാഡ്രണുകള്‍ രണ്ട് വര്‍ഷം മുന്‍പ് ഇന്ത്യയിലെത്തി വിന്യസിച്ചിരുന്നു. റഷ്യ-ഉക്രെയ്ന്‍ യുദ്ധം കാരണം ശേഷിക്കുന്ന രണ്ട് സ്‌ക്വാഡ്രണുകളുടെ വിതരണം തടസപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ വിതരണം വീണ്ടും കൃത്യമായിട്ടുണ്ട്. കരാറിലെ അഞ്ചാമത്തെയും അവസാനത്തെയും സ്‌ക്വാഡ്രണ്‍ അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വ്യോമ പ്രതിരോധം ഇനിയും ശക്തമാക്കുന്നതിനായി അഞ്ച് എസ്400 സ്‌ക്വാഡ്രണുകള്‍ കൂടി വാങ്ങുന്നതിന് പ്രതിരോധ സംഭരണ സമിതി ഇതിനോടകം തന്നെ പ്രാഥമിക അനുമതി നല്‍കിയിട്ടുണ്ട്. റഷ്യന്‍ സാങ്കേതിക വിദ്യയ്ക്ക് പുറമെ എസ്400 ന് സമാനമായ ദൂരപരിധിയിലുള്ള തദ്ദേശീയ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വികസിപ്പിക്കാനുള്ള അണിയറ നീക്കങ്ങളും ഇന്ത്യ ശക്തമാക്കിയിട്ടുണ്ട്.
പ്രൊജക്റ്റ് കുശ എന്ന പേരില്‍ ഡിആര്‍ഡിഒ(DRDO) വികസിപ്പിക്കുന്ന ഈ പദ്ധതിയില്‍ ഇന്ത്യന്‍ പ്രതിരോധ മേഖലയിലെ പ്രമുഖ സ്ഥാപനമായ സോളാര്‍ ഇന്‍ഡസ്ട്രീസ് വികസന-ഉല്‍പാദന പങ്കാളിയായി സഹകരിക്കുന്നുണ്ട്. ശത്രു രാജ്യങ്ങളുടെ ഡ്രോണുകള്‍, മിസൈലുകള്‍, വിമാനങ്ങള്‍ എന്നിവയെ ദൂരത്ത് തന്നെ വെടിവെച്ചിടാന്‍ ശേഷിയുള്ളതായിരിക്കും ഈ തദേശീയ സംവിധാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.