തിരുവനന്തപുരം: പരമ്പരാഗതമായ ഫയല്‍ നീക്കങ്ങള്‍ക്കും ഓഫീസ് രീതികള്‍ക്കും വിട നല്‍കി മുഖ്യമന്ത്രിയുടെ ഓഫീസില്‍ സമ്പൂര്‍ണ പ്രൊഫഷണലിസം നടപ്പാക്കുന്നു. ഭരണം കൂടുതല്‍ ജനസൗഹൃദവും വേഗത്തിലുമാക്കാന്‍ ലക്ഷ്യമിട്ട് പുതിയ സമയക്രമവും പരിഷ്‌കാരങ്ങളും മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രഖ്യാപിച്ചു.
മുഖ്യമന്ത്രി തലസ്ഥാനത്തുള്ള ദിവസങ്ങളില്‍ രാവിലെ എട്ടിന് തന്നെ ഓഫീസിലെത്തി ഔദ്യോഗിക ചുമതലകളില്‍ ഏര്‍പ്പെടും. ഉച്ചയ്ക്ക് ഒന്നര വരെയുള്ള സമയം ഫയലുകള്‍ തീര്‍പ്പാക്കുന്നത് ഉള്‍പ്പെടെയുള്ള പ്രധാന ഭരണപരമായ കാര്യങ്ങള്‍ക്കായി നീക്കിവെക്കാനാണ് തീരുമാനം. ഓഫീസ് പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത രീതിയില്‍ പൊതുജനങ്ങളുമായുള്ള സമ്പര്‍ക്കത്തിനും പുതിയ സമയക്രമം നിശ്ചയിച്ചിട്ടുണ്ട്.
ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ അഞ്ച് വരെയുള്ള സമയത്തായിരിക്കും പൊതുജനങ്ങള്‍ക്ക് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതികള്‍ ബോധിപ്പിക്കാന്‍ അവസരം ഉണ്ടാവുക. അന്നത്തെ ഫയലുകള്‍ പരമാവധി അതാത് ദിവസം തന്നെ തീര്‍പ്പാക്കിയ ശേഷം മാത്രം ഓഫീസില്‍ നിന്ന് മടങ്ങാനാണ് മുഖ്യമന്ത്രി ലക്ഷ്യമിടുന്നത്. എന്നാല്‍ കൂടുതല്‍ വിശദീകരണമോ ഉന്നതതല ചര്‍ച്ചകളോ ആവശ്യമുള്ള പത്ത് മുതല്‍ പതിനഞ്ച് ശതമാനം വരെയുള്ള ഫയലുകള്‍ മാത്രം തുടര്‍ പരിശോധനകള്‍ക്കായി മാറ്റിവെക്കും.
ഭരണ നിര്‍വഹണം കൂടുതല്‍ ശാസ്ത്രീയമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിദഗ്ധരുടെയും പ്രൊഫഷണലുകളുടെയും സേവനം ഉറപ്പാക്കും. എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലെയും പ്രധാന പദ്ധതികളുടെ പുരോഗതി കൃത്യമായി നിരീക്ഷിക്കുന്നതിനായി ഓഫീസില്‍ ഒരു പ്രത്യേക ഡിജിറ്റല്‍ ഡാഷ് ബോര്‍ഡ് സംവിധാനം നിലവില്‍ വരും. സംസ്ഥാനത്തെ എല്ലാ പ്രധാന വകുപ്പുകളെയും ഈ ഡാഷ് ബോര്‍ഡുമായി നേരിട്ട് ലിങ്ക് ചെയ്യുന്നതോടെ പദ്ധതികളുടെ തത്സമയ വിവരങ്ങള്‍ മുഖ്യമന്ത്രിക്ക് നേരിട്ട് വിലയിരുത്താനാകും.
വകുപ്പ് സെക്രട്ടറിമാര്‍ക്കും സ്‌പെഷ്യല്‍ സെക്രട്ടറിമാര്‍ക്കും മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കുന്നതിനായി ദിവസവും രാവിലെ 10 മുതല്‍ 11 വരെ ഒരു മണിക്കൂര്‍ സമയം മാറ്റിവെച്ചിട്ടുണ്ട്. ഇതിനായി തലേദിവസം തന്നെ അപ്പോയിന്റ്മെന്റ് എടുക്കണമെന്ന നിബന്ധനയും ഉണ്ട്.
സെക്രട്ടേറിയറ്റിലും നിയമസഭയിലും നിലവിലുള്ള അമിത തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശനമായ പ്രവേശന ക്രമീകരണങ്ങളും ഇതോടൊപ്പം നടപ്പിലാക്കുന്നുണ്ട്. നിലവില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളില്‍ അനുഭവപ്പെടുന്ന വന്‍ ജനത്തിരക്ക് ദൈനംദിന ഓഫീസ് പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. സര്‍ക്കാരിന്റെ ആദ്യ നാളുകളായതിനാലാണ് ഇതുവരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താതിരുന്നത്.
പുതിയ ക്രമീകരണം അനുസരിച്ച് പൊതുജനങ്ങള്‍ക്ക് ഉച്ചയ്ക്ക് മൂന്ന് മുതല്‍ അഞ്ച് വരെ ആയിരിക്കും സെക്രട്ടേറിയറ്റിലേക്ക് പ്രവേശനം അനുവദിക്കുക. വരാനിരിക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ഈ നിര്‍ദേശങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.