ജോര്‍ജ് കുര്യന് രാജ്യസഭാ സീറ്റില്ല; കേന്ദ്രമന്ത്രിസ്ഥാനം നഷ്ടമായേക്കുമെന്ന് സൂചന

ജോര്‍ജ് കുര്യന് രാജ്യസഭാ സീറ്റില്ല; കേന്ദ്രമന്ത്രിസ്ഥാനം നഷ്ടമായേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യനെ ബിജെപിയുടെ പുതിയ രാജ്യസഭാ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കി. ജൂണ്‍ 21-ഓടെ അദേഹത്തിന്റെ രാജ്യസഭാ കാലാവധി അവസാനിക്കാനിരിക്കെയാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ണായക തീരുമാനം. ഇതോടെ വരാനിരിക്കുന്ന മന്ത്രിസഭാ പുനസംഘടനയില്‍ അദേഹത്തിന് കേന്ദ്ര സഹമന്ത്രിസ്ഥാനം നഷ്ടമായേക്കുമെന്ന സൂചനകള്‍ ശക്തമായി.

നിലവില്‍ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം, ന്യൂനപക്ഷകാര്യം എന്നീ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയാണ് ജോര്‍ജ് കുര്യന്‍. 2024 ജൂണില്‍ മന്ത്രിയായി ചുമതലയേറ്റതിനെത്തുടര്‍ന്ന് ഓഗസ്റ്റിലാണ് അദ്ദേഹം മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. മധ്യപ്രദേശില്‍ ഒഴിഞ്ഞുകിടക്കുന്ന രണ്ട് സീറ്റുകളിലേക്ക് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ്, സംസ്ഥാന നേതാവ് രജനീഷ് അഗര്‍വാള്‍ എന്നിവരെയാണ് പാര്‍ട്ടി ഔദ്യോഗിക സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചിരിക്കുന്നത്. ജോര്‍ജ് കുര്യന് പുറമെ മറ്റൊരു പ്രമുഖ കേന്ദ്രമന്ത്രിയായ രവ്നീത് സിംഗ് ബിട്ടുവിനും ഇത്തവണ രാജ്യസഭാ പട്ടികയില്‍ ഇടം ലഭിച്ചിട്ടില്ല.

ബിജെപിയുടെ ദീര്‍ഘകാലത്തെ വിശ്വസ്തനായ ക്രൈസ്തവ മുഖമെന്ന നിലയിലാണ് ജോര്‍ജ് കുര്യനെ കേന്ദ്രമന്ത്രിസഭയിലേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ജനവിധി തേടിയ അദ്ദേഹത്തിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. കേന്ദ്രമന്ത്രിയെന്ന പദവിയുണ്ടായിട്ടുകൂടി, 2021-ല്‍ ഇതേ മണ്ഡലത്തില്‍ അല്‍ഫോണ്‍സ് കണ്ണന്താനം നേടിയ വോട്ടുവിഹിതത്തേക്കാള്‍ കുറഞ്ഞ വോട്ടുകള്‍ മാത്രമാണ് ജോര്‍ജ് കുര്യന് നേടാനായത്. ഈ തിരഞ്ഞെടുപ്പ് പരാജയവും പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് കാരണമായതായാണ് വിലയിരുത്തല്‍.

പാര്‍ലമെന്റ് അംഗത്വം നിലനിര്‍ത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍, വരാനിരിക്കുന്ന കാബിനറ്റ് പുനസംഘടനയോടെ അദേഹം മന്ത്രിസ്ഥാനം ഒഴിഞ്ഞേക്കുമെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള രാഷ്ട്രീയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.