പരീക്ഷാ മാഫിയക്കെതിരെ 'പാറ്റ'കളുടെ പടയൊരുക്കം; ജന്തര്‍മന്തറില്‍ ഇന്ന് രാജ്യം ഉറ്റുനോക്കുന്ന യുവജന പ്രക്ഷോഭം

പരീക്ഷാ മാഫിയക്കെതിരെ 'പാറ്റ'കളുടെ പടയൊരുക്കം; ജന്തര്‍മന്തറില്‍ ഇന്ന് രാജ്യം ഉറ്റുനോക്കുന്ന യുവജന പ്രക്ഷോഭം

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച, പരീക്ഷാ ക്രമക്കേടുകള്‍ എന്നിവയില്‍ പ്രതിഷേധിച്ച് രാജ്യം കണ്ട ഏറ്റവും വലിയ ഡിജിറ്റല്‍ യുവജന മുന്നേറ്റം തെരുവിലേക്ക്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ അടിയന്തര രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി ആഹ്വാനം ചെയ്ത വന്‍ ജനകീയ പ്രക്ഷോഭം ഇന്ന് ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ അരങ്ങേറും.

നിര്‍ഭയ പ്രക്ഷോഭത്തിനും അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ സമരത്തിനും ശേഷം ഡല്‍ഹിയെ പിടിച്ചുകുലുക്കാന്‍ പോന്ന ഒരു യുവജന മുന്നേറ്റത്തിനാണ് ജന്തര്‍മന്തര്‍ വേദിയാകുന്നത്.

അമേരിക്കയില്‍ നിന്ന് സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദീപ്കെ ശനിയാഴ്ച രാവിലെ എട്ടോടെ ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങും. പ്രമുഖ പരിസ്ഥിതി-വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ സോനം വാങ്ചുക് അദേഹത്തെ വിമാനത്താവളത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് ഒന്‍പതോടെ ഇവര്‍ ജന്തര്‍മന്തറിന് സമീപമുള്ള പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി സമരത്തിനുള്ള ഔദ്യോഗിക അനുമതി തേടും.

കൈയ്യില്‍ പുസ്തകവും ദേശീയ പതാകയുമാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ അണികള്‍ സമരത്തിനെത്തുന്നത്. സമരം പൂര്‍ണ്ണമായും സമാധാന പരമായിരിക്കുമെന്ന് സി.ജെ.പി വക്താക്കളായ സൗരവ് ദാസും അശുതോഷ് രാങ്കയും വ്യക്തമാക്കി. സമര ഭൂമിയില്‍ സുരക്ഷയൊരുക്കുന്ന പൊലീസ് സേനാംഗങ്ങള്‍ക്ക് സമാധാനത്തിന്റെ സന്ദേശമായി നല്‍കാന്‍ കയ്യില്‍ പൂക്കളുമായി വരണമെന്നാണ് സോനം വാങ്ചുക് യുവാക്കളോട് ആഹ്വാനം ചെയ്തിരിക്കുന്നത്.

കൂടാതെ ഡല്‍ഹിയിലെ കടുത്ത ചൂട് പ്രതിരോധിക്കാന്‍ തൊപ്പിയും സണ്‍സ്‌ക്രീനും കരുതാനും അണികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വന്‍ ജനക്കൂട്ടം എത്തിയാല്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നതിനാല്‍ വിമാനത്താവളത്തിലേക്ക് ആരും വരരുതെന്ന് പാര്‍ട്ടി പ്രത്യേകം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രി ജൂണ്‍ അഞ്ചിനകം രാജിവെച്ചില്ലെങ്കില്‍ സമരത്തില്‍ പങ്കാളിയാകുമെന്ന് വാങ്ചുക് പ്രഖ്യാപിച്ചിരുന്നു.

രാജ്യത്തെ കോടിക്കണക്കിന് വരുന്ന വിദ്യാര്‍ത്ഥികളുടെ ഭാവി തകരുന്നതില്‍ പ്രതിഷേധിച്ചാണ് താന്‍ ഈ യുവജന കൂട്ടായ്മയ്ക്ക് പിന്തുണ നല്‍കുന്നതെന്ന് അദേഹം വ്യക്തമാക്കി. ട്രോളുകളിലൂടെയും മീമുകളിലൂടെയും സോഷ്യല്‍ മീഡിയയില്‍ കോളിളക്കം സൃഷ്ടിച്ച ഈ പ്രസ്ഥാനത്തിന് രാഷ്ട്രീയ ഭേദമന്യേ വന്‍ പിന്തുണയാണ് ലഭിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.