ബേൺ: തലശേരി ആൽഫ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആൻഡ് സയൻസിന്റെ കീഴിൽ മാസ്റ്റർ ഓഫ് തിയോളജി (എംടിഎച്ച്), ബാച്ചിലർ ഓഫ് തിയോളജി (ബിടിഎച്ച്) പഠനം പൂർത്തിയാക്കിയ വിദ്യാർഥികളുടെ കോൺവൊക്കേഷൻ സ്വിറ്റ്സർലൻഡിലെ സെന്റ് ആൻഡ്രിയാസ് ദേവാലയത്തിൽ നടന്നു. സ്വിറ്റ്സർലൻഡിൽ ആദ്യമായാണ് ഇത്തരമൊരു ബിരുദദാന ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്.
ജൂൺ ആറിന് രാവിലെ പത്ത് മണിക്ക് നടന്ന ദിവ്യബലിയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തലശേരി അതിരൂപതാ അധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനി, അപ്പസ്തോലിക് വിസിറ്റർ സ്റ്റീഫൻ ചിറപ്പനത്ത് എന്നിവരുടെ മുഖ്യ കാർമികത്വത്തിലായിരുന്നു ദിവ്യബലി. ഫാ. സെബാസ്റ്റ്യൻ തയ്യിൽ, ഫാ. ഫിലിപ്പ് കവിയൽ, ഫാ. ജോസ് പാരിയത്ര എന്നിവർ സഹകാർമികരായി.
ദിവ്യബലി സന്ദേശത്തിൽ ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പരിശുദ്ധാത്മാവിന്റെ സഹായത്താൽ പരസ്പര സ്നേഹം വളർത്താനും ജീവിതത്തിലെ വിമർശനങ്ങളെയും വെല്ലുവിളികളെയും അതിജീവിക്കാനുമാകുമെന്ന് ഓർമ്മിപ്പിച്ചു.
തുടർന്ന് പരിശുദ്ധാത്മാവിന്റെ ഗാനത്തോടുകൂടി കോൺവൊക്കേഷൻ സംഘം കോൺവക്കൻസ് ഹാളിലേക്ക് പ്രവേശിച്ചു. സ്വിറ്റ്സർലൻഡിൽ നിന്നുള്ള 14 അൽമായരും ജർമ്മനി, ഓസ്ട്രിയ, റോം എന്നിവിടങ്ങളിൽ നിന്നുള്ള 20 സന്ന്യസ്തരുമുൾപ്പെടെ ആകെ 34 പേർക്കാണ് എംടിഎച്ച്, ബിടിഎച്ച് ദൈവശാസ്ത്ര ബിരുദങ്ങൾ സമ്മാനിച്ചത്.
സിസ്റ്റേഴ്സിന്റെ പ്രാർത്ഥനാ ഗാനത്തിന് ശേഷം ജോസ് ഇടശേരി സ്വാഗതം ആശംസിച്ചു. വിശിഷ്ടാതിഥികൾ നിലവിളക്ക് തെളിയിച്ച് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
പ്രസിഡൻഷ്യൽ സന്ദേശത്തിൽ മാർ സ്റ്റീഫൻ ചിറപ്പണത്ത് സഭയെ ദൈവം സ്ഥാപിച്ച ഏദൻ തോട്ടത്തോട് ഉപമിച്ചു. പ്രാർത്ഥന, പ്രബോധനം (കാറ്റിക്കിസം), പ്രഘോഷണം (കൂദാശകളും വിശുദ്ധ കുർബാനയും), ജീവിക്കുന്ന വിശ്വാസം (പത്ത് കല്പനകളും തിരുസഭയുടെ അഞ്ച് പ്രമാണങ്ങളും) എന്നീ നാല് അടിസ്ഥാന ഘടകങ്ങളിലൂടെ പരിശുദ്ധാത്മാവ് സഭാമക്കളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നുവെന്ന് അദേഹം പറഞ്ഞു.
ഉദ്ഘാടന പ്രസംഗത്തിൽ ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി തിരുസഭാചരിത്ര പഠനം സഭയെ കൂടുതൽ സ്നേഹിക്കാനും ആ അറിവ് മറ്റുള്ളവരിലേക്ക് പകരാനും പ്രചോദനമാകണമെന്ന് ആഹ്വാനം ചെയ്തു.
കോൺവൊക്കേഷൻ സന്ദേശത്തിൽ ഫാ. ഫിലിപ്പ് കവിയൽ, കാറ്റിക്കിസം ഓഫ് ദി കാത്തലിക് ചർച്ച് ആദ്യ അധ്യായം ഉദ്ധരിച്ച് ദൈവത്തെ അറിയാനുള്ള മനുഷ്യന്റെ അദമ്യമായ ആഗ്രഹത്തിന് ദൈവശാസ്ത്ര പഠനം കൂടുതൽ ആക്കം നൽകുന്നുവെന്ന് പറഞ്ഞു. ബിരുദദാന ചടങ്ങുകൾക്ക് ശേഷം യുവജനങ്ങളുടെ ഭക്തിഗാനവും മാർഗംകളിയും അരങ്ങേറി. റവ. ഡോ. സെബാസ്റ്റ്യൻ തയ്യിൽ, റവ. ഫാ. സ്റ്റെഫാൻ കെംലർ, റവ. ഡോ. ജോസഫ് പള്ളിയോടീൽ എന്നിവർ ആശംസകൾ നേർന്നു.
ബിടിഎച്ച് വിദ്യാർഥികളായ ജോസ് പുതിയീടം, സിസ്റ്റർ ബെറ്റ്സി ഫ്രാൻസിസ്, എംടിഎച്ച് വിദ്യാർഥിനി ഫിലോമിന കൊട്ടണാൽ എന്നിവർ പഠനാനുഭവങ്ങൾ പങ്കുവെച്ചു. നന്ദിപ്രസംഗം ബിടിഎച്ച് വിദ്യാർഥി ജെയിസ് ചിറപ്പുറത്ത് നിർവഹിച്ചു.
സിസ്റ്റേഴ്സിന്റെ പാപ്പൽ ആന്തത്തോടെയാണ് പരിപാടികൾ സമാപിച്ചത്. റോസിലി പുതിയീടവും നിർമല വാളിപ്ലാക്കലും പരിപാടികൾ നിയന്ത്രിച്ചു. പാരിഷ് കൗൺസിൽ അംഗങ്ങൾ, ബന്ധുമിത്രാദികൾ, വിശ്വാസികൾ തുടങ്ങിയവരുടെ സാന്നിധ്യവും സഹകരണവും ചടങ്ങിനെ ശ്രദ്ധേയമാക്കി. ബിരുദധാരികളെ അനുമോദിച്ചും പ്രോത്സാഹിപ്പിച്ചും നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
സെന്റ് ആന്റണീസ് പള്ളിയിലെ പാരിഷ് കൗൺസിൽ അംഗങ്ങൾ വളരെ നന്നായി സഹകരിച്ചു. ട്രസ്റ്റി മിസ്റ്റർ അഗസ്റ്റിൻ മാളിയേക്കൽ എല്ലാ ബിരദധാരികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.