'നാവികര്‍ക്ക് ഭയമില്ലാതെ ജോലി ചെയ്യാനാകണം'; ട്രംപിനെ സാക്ഷി നിര്‍ത്തി ജി7 ഉച്ചകോടിയില്‍ നിലപാട് കടുപ്പിച്ച് മോഡി

'നാവികര്‍ക്ക് ഭയമില്ലാതെ ജോലി ചെയ്യാനാകണം'; ട്രംപിനെ സാക്ഷി നിര്‍ത്തി ജി7 ഉച്ചകോടിയില്‍ നിലപാട് കടുപ്പിച്ച് മോഡി

പാരീസ്: ആഗോള സമുദ്ര പാതകളിലെ സുരക്ഷ ഉറപ്പാക്കാന്‍ ലോക രാഷ്ട്രങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് ജി7 ഉച്ചകോടിയില്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അന്താരാഷ്ട്ര വ്യാപാരത്തിന്റെ നട്ടെല്ലായ നാവികര്‍ക്ക് യാതൊരുവിധ ഭയവുമില്ലാതെ തങ്ങളുടെ കടമകള്‍ നിര്‍വഹിക്കാന്‍ സാധിക്കണമെന്നും അതിനായി സമുദ്ര സഞ്ചാരം പൂര്‍ണമായും സുരക്ഷിതമാക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. ഫ്രാന്‍സിലെ എവിയനില്‍ നടക്കുന്ന 52-ാമത് ജി7 ഉച്ചകോടിയുടെ ഔട്ട്‌റീച്ച് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള ആഗോള നേതാക്കള്‍ പങ്കെടുത്ത വേദിയിലാണ് മോഡി ഇന്ത്യയുടെ ശക്തമായ ആശങ്ക അറിയിച്ചത്. കഴിഞ്ഞ ആഴ്ച ഒമാന്‍ തീരത്ത് ചരക്കുകപ്പലിന് നേരെയുണ്ടായ യു.എസ് സൈനിക ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ രാജ്യത്ത് വലിയ പ്രതിഷേധം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഈ നിര്‍ണായക ഇടപെടല്‍.

ലോകത്ത് നിലനില്‍ക്കുന്ന ഏത് വലിയ പ്രതിസന്ധികള്‍ക്കും ശാശ്വതമായ പരിഹാരം കണ്ടെത്തേണ്ടത് യുദ്ധത്തിലൂടെയല്ല, മറിച്ച് നയതന്ത്ര ചര്‍ച്ചകളിലൂടെയും അന്താരാഷ്ട്ര സഹകരണത്തിലൂടെയും മാത്രമായിരിക്കണം. ഹോര്‍മുസ് കടലിടുക്കിലുണ്ടായ സംഘര്‍ഷങ്ങളും നാവിക വ്യാപാര തടസങ്ങളും ആഗോള സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളില്‍ ഇന്ത്യയുടെ സുഹൃദ് രാജ്യങ്ങള്‍ക്ക് വലിയ നാശനഷ്ടമുണ്ടായതിനൊപ്പം നിരവധി ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെടേണ്ടി വന്നതായും മോഡി ചൂണ്ടിക്കാട്ടി.

ട്രംപുമായുള്ള ഉഭയകക്ഷി ചര്‍ച്ച നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് മോഡി ജി7 കൂട്ടായ്മയ്ക്ക് മുന്നില്‍ ഈ വിഷയം ഉന്നയിച്ചത് എന്നത് ശ്രദ്ധേയമാണ്. ഒമാന്‍ തീരത്തെ ആക്രമണം നടത്തിയത് യു.എസ് അല്ലെന്നും ഇറാനാണെന്നുമാണ് ട്രംപ് അവകാശപ്പെടുന്നത്. ഇരു നേതാക്കളും തമ്മിലുള്ള ചര്‍ച്ചയില്‍ ഈ വിഷയം പ്രധാന ചര്‍ച്ചയാകും.

തുടര്‍ച്ചയായ എട്ടാം തവണയാണ് ഇന്ത്യ ജി7 ഉച്ചകോടിയിലേക്ക് ക്ഷണം ലഭിക്കുന്നത്. യു.എസ്, ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍ എന്നി വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ ജി7 ഉച്ചകോടിയില്‍, പശ്ചിമേഷ്യന്‍ യുദ്ധവും പുതിയ വ്യാപാര നികുതികളും സംബന്ധിച്ച് ട്രംപും മറ്റ് നേതാക്കളും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് യോഗം നടക്കുന്നത്. നാല് വര്‍ഷമായി തുടരുന്ന ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കാനും ഉച്ചകോടി തീരുമാനിച്ചിട്ടുണ്ട്. ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയും പ്രത്യേക ക്ഷണിതാവായി സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.