ഇടത് സര്‍ക്കാര്‍ ഒപ്പു വച്ച സാഹചര്യത്തില്‍ പിഎം ശ്രീ തുടരേണ്ടി വരുമെന്ന് മുഖ്യമന്ത്രി; കൂടുതല്‍ പഠനത്തിന് നാലംഗ ഉപസമിതി

ഇടത് സര്‍ക്കാര്‍ ഒപ്പു വച്ച സാഹചര്യത്തില്‍ പിഎം ശ്രീ തുടരേണ്ടി വരുമെന്ന് മുഖ്യമന്ത്രി; കൂടുതല്‍ പഠനത്തിന് നാലംഗ ഉപസമിതി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ഇടത് സര്‍ക്കാര്‍ ഒപ്പു വച്ച സാഹചര്യത്തില്‍ നിലവില്‍ കേരളവും പങ്കാളിയാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. അതേസമയം, പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാരിനോട് ഇളവ് ആവശ്യപ്പെടുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ അദേഹം പറഞ്ഞു.

പദ്ധതിയില്‍ ഏതു സ്‌കൂളുകളെ ഉള്‍പ്പെടുത്തണമെന്നത് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കും. ഒരു വര്‍ഗീയ അജണ്ടയും നടപ്പാക്കാന്‍ സമ്മതിക്കാതെ കരിക്കുലത്തില്‍ പൂര്‍ണ സ്വാതന്ത്ര്യം ലഭിക്കും വിധത്തില്‍ മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോവുകയുള്ളൂ. ഇതുസംബന്ധിച്ച നിലപാട് രൂപീകരിക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

പദ്ധതി വേണ്ടെന്ന് വയ്ക്കാന്‍ ഇടതു സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കിയിട്ടില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് 92 കോടി രൂപയിലധികം മുന്‍ സര്‍ക്കാര്‍ വാങ്ങി. ഇത് കൂടാതെ 106 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അതിനാല്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായെന്നും വി.ഡി സതീശന്‍ പറഞ്ഞു. സംസ്ഥാന അവകാശങ്ങളെ ഹനിക്കാതെ പദ്ധതി തുടരാനാണ് ശ്രമമെന്നും പിഎം ശ്രീയില്‍ ബിജെപി ഇതര സംസ്ഥാനങ്ങളുമായി ഒരുമിച്ച് നീങ്ങുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

നാലംഗ ഉപസമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കുക. മന്ത്രിമാരായ എന്‍. ഷംസുദീന്‍, റോജി എം. ജോണ്‍, പി.സി വിഷ്ണുനാഥ്, എം. ലിജു എന്നിവരാണ് ഉപസമിതി അംഗങ്ങള്‍. പദ്ധതിയുടെ നിലവിലെ അവസ്ഥ സംബന്ധിച്ച റിപ്പോര്‍ട്ട് വിദ്യാഭ്യാസ മന്ത്രി ഇതിനോടകം മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.

മുന്‍ സര്‍ക്കാര്‍ പിഎം ശ്രീയുമായി ബന്ധപ്പെട്ട കരാറുകള്‍ മരവിപ്പിച്ച നടപടിക്ക് നിയമപരമായ സാധുതയില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ ഉപസമിതിയെ നിയോഗിച്ച് വിഷയം വിശദമായി പരിശോധിക്കാന്‍ തീരുമാനിച്ചത്. അതേസമയം സര്‍ക്കാരിന്റെ ആദ്യ നൂറ് ദിന കര്‍മ്മ പദ്ധതി ജൂലൈ ഒന്ന് മുതല്‍ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.