മുംബൈ: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയില്‍ (യു.ബി.ടി) പിളര്‍പ്പ്. പാര്‍ട്ടിയുടെ ഒമ്പത് ലോക്സഭാംഗങ്ങളില്‍ ആറുപേര്‍ പ്രത്യേക ഗ്രൂപ്പായി പിരിഞ്ഞ് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്ത് നല്‍കി.
ഇവര്‍ ഇന്ന് സ്പീക്കറെ കണ്ട് കത്ത് സമര്‍പ്പിച്ചതായാണ് വിവരം. ലോക്സഭയില്‍ തങ്ങളുടെ ഗ്രൂപ്പിന് പ്രത്യേക ബ്ലോക്കായി സ്പീക്കര്‍ ഓം ബിര്‍ള അംഗീകാരം നല്‍കിയതായും വിമതര്‍ അവകാശപ്പെട്ടു. ഈ ആറ് എംപിമാരും ഏകനാഥ് ഷിന്ദേ നയിക്കുന്ന ശിവസേനയില്‍ ചേരുമെന്നാണ് സൂചന.
ലോക്സഭയില്‍ ശിവസേന യു.ബി.ടിക്ക് ആകെ ഒമ്പത് എംപിമാരാണുള്ളത്. ഇതില്‍ അരവിന്ദ് സാവന്ത്, അനില്‍ ദേശായി, രാജാഭൗ വാജെ എന്നിവരൊഴികെയുള്ള ബാക്കി എല്ലാ എംപിമാരും പുതിയ ഗ്രൂപ്പില്‍ ചേര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ വിമത എംപിമാര്‍ രൂപീകരിച്ച ഒരു ഗ്രൂപ്പിനും അംഗീകാരം നല്‍കരുതെന്ന് ആവശ്യപ്പെട്ട് സഞ്ജയ് റാവത്ത്, അരവിന്ദ് സാവന്ത്, അനില്‍ ദേശായി എന്നിവരടങ്ങുന്ന മുതിര്‍ന്ന യു.ബി.ടി നേതാക്കള്‍ സ്പീക്കറെ കണ്ടു.
പിളര്‍പ്പ് വാര്‍ത്തകള്‍ സജീവമായ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച രാവിലെ 11 ന് ഡല്‍ഹിയില്‍ ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് നിര്‍ദേശിച്ച് പാര്‍ട്ടി എംപിമാര്‍ക്ക് വിപ്പ് നല്‍കി.
പാര്‍ട്ടിയുടെ ലോക്സഭയിലെ ചീഫ് വിപ്പ് അനില്‍ ദേശായിയാണ് വിപ്പ് പുറപ്പെടുവിച്ചത്. ഇതിനിടെ എംപിമാരെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ഡല്‍ഹിയിലെത്തിയേക്കുമെന്നും വ്യാഴാഴ്ചത്തെ യോഗത്തില്‍ അദേഹം പങ്കെടുത്തേക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
ചൊവ്വാഴ്ച രാത്രി ശിവസേന യു.ബി.ടി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അരവിന്ദ് സാവന്ത് സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തയച്ചിരുന്നു. പാര്‍ട്ടി വിട്ടുപോകുന്ന എംപിമാര്‍ പ്രത്യേക ഗ്രൂപ്പായി അംഗീകരിക്കണമെന്നോ മറ്റ് രാഷ്ട്രീയ പാര്‍ട്ടിയില്‍ ലയിക്കണമെന്നോ ആവശ്യപ്പെട്ട് നടത്തുന്ന ഒരു അവകാശവാദവും അംഗീകരിക്കരുതെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.