റോം രൂപതയുടെ മുൻ വികാരി ജനറൽ കർദിനാൾ കാമില്ലോ റൂയിനി അന്തരിച്ചു; വിടവാങ്ങിയത് സഭയുടെ കരുത്തുറ്റ ശബ്ദം

റോം രൂപതയുടെ മുൻ വികാരി ജനറൽ കർദിനാൾ കാമില്ലോ റൂയിനി അന്തരിച്ചു; വിടവാങ്ങിയത് സഭയുടെ കരുത്തുറ്റ ശബ്ദം

വത്തിക്കാൻ: വിശുദ്ധ ജോൺ പോൾ രണ്ടാമൻ, ബെനഡിക്ട് പതിനാറാമൻ എന്നീ മാർപാപ്പമാരുടെ വിശ്വസ്ത സഹകാരിയും ഇറ്റാലിയൻ സഭയുടെ കരുത്തുറ്റ ശബ്ദവുമായിരുന്ന കർദിനാൾ കാമില്ലോ റൂയിനി അന്തരിച്ചു. സഭയുടെയും വിശ്വാസത്തിന്റെയും കാവലാളായി പതിറ്റാണ്ടുകളോളം സേവനമനുഷ്ഠിച്ച കർദ്ദിനാളിന്റെ വിയോഗം കത്തോലിക്കാ ലോകത്തിന് വലിയ നഷ്ടമാണ്.

1991 മുതൽ 2007 വരെ ഇറ്റാലിയൻ മെത്രാൻ സമിതിയുടെ പ്രസിഡന്റായും 1991 മുതൽ 2008 വരെ റോം രൂപതയുടെ വികാരി ജനറലായും സേവനമനുഷ്ഠിച്ച കർദിനാൾ വത്തിക്കാനിലെയും ഇറ്റലിയിലെയും നിർണായകമായ പല തീരുമാനങ്ങളിലും പങ്കുവഹിച്ചു. ലാറ്ററൻ ബസിലിക്കയുടെ ആർച്ച് പ്രീസ്റ്റ് എന്ന നിലയിലും മെഡ്ജുഗോറിയ മരിയൻ തീർത്ഥാടന കേന്ദ്രത്തെക്കുറിച്ചുള്ള കമ്മീഷന്റെ തലവൻ എന്ന നിലയിലും കർദിനാൾ നൽകിയ സേവനങ്ങൾ ഏറെ ശ്രദ്ധേയമാണ്.

"സത്യം നിങ്ങളെ സ്വതന്ത്രരാക്കും" എന്നതായിരുന്നു കർദിനാൾ റൂയിനിയുടെ ജീവിത മുദ്രാവാക്യം. കത്തോലിക്കാ മൂല്യങ്ങൾ അടിയറവ് വെക്കാതെ സംരക്ഷിക്കുന്നതിലും പ്രതിരോധിക്കുന്നതിലും അദേഹം കാണിച്ച നിശ്ചയദാർഢ്യം സഭയ്ക്കുള്ളിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. യാഥാസ്ഥിതിക മെത്രാന്മാരുടെ പ്രധാന ശബ്ദങ്ങളിലൊന്നായിരുന്ന കർദിനാളിനെ സഭയോടുള്ള സമർപ്പിത സേവനത്തിന്റെ പേരിലാണ് ചരിത്രം ഓർക്കുക.

കർദിനാളിന്റെ മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് വൈകുന്നേരം 4.30 ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടക്കും. ലിയോ പതിനാലാമൻ മാർപാപ്പ സംസ്കാര ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.