ദമാം: സൗദി അറേബ്യയിലെ ഹഫൂഫ് കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സാപ്പിഴവിനെത്തുടർന്ന് രോഗി മരിച്ച സംഭവത്തിൽ മലയാളി നഴ്സിനും ഈജിപ്ഷ്യൻ ഡോക്ടർക്കും കോടതി പിഴ ചുമത്തി. മൂന്ന് ലക്ഷം റിയാൽ (ഏകദേശം 66 ലക്ഷം രൂപ) നഷ്ടപരിഹാരമായി നൽകാനാണ് റിയാദ് അപ്പീൽ കോടതിയുടെ വിധി.
കടുത്ത ശാരീരിക വേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഈജിപ്ഷ്യൻ സ്വദേശിക്കാണ് ചികിത്സാപ്പിഴവുണ്ടായത്. രോഗിക്ക് ശസ്ത്രക്രിയ നിർദേശിച്ച ഡോക്ടർ അതിനു മുന്നോടിയായി ആന്റിബയോട്ടിക്കും വേദനസംഹാരിയും നൽകാൻ നിർദേശിക്കുകയായിരുന്നു. എന്നാൽ രോഗിയുടെ അലർജി ചരിത്രം പരിശോധിക്കാൻ ഡോക്ടർ തയ്യാറായില്ല.
മെഡിക്കൽ റെക്കോർഡിൽ അലർജിയുള്ള വിവരം ഉണ്ടായിരുന്നിട്ടും അത് ശ്രദ്ധിക്കുന്നതിൽ നഴ്സിങ് സ്റ്റാഫും പരാജയപ്പെട്ടു. കുത്തിവയ്പ്പിന് പിന്നാലെ കടുത്ത അലർജിയുണ്ടാവുകയും രോഗി മരണപ്പെടുകയുമായിരുന്നു.
കോടതി വിധി പ്രകാരം ചികിത്സാപിഴവിൽ ഡോക്ടർക്കാണ് 80 ശതമാനം ഉത്തരവാദിത്തവും മലയാളി നഴ്സിന് 20 ശതമാനം ഉത്തരവാദിത്തവും നിശ്ചയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ വയനാട് മാനന്തവാടി സ്വദേശിനിയായ നഴ്സ് 60,000 റിയാൽ പിഴയും 1,000 റിയാൽ കോടതിച്ചിലവും അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു. ഡോക്ടർ 2,40,000 റിയാൽ നഷ്ടപരിഹാരം നൽകാനും നിർദേശിച്ചു. ആരോഗ്യ പ്രൊഫഷണൽ പ്രാക്ടീസ് നിയമത്തിലെ വിവിധ വകുപ്പുകൾ ലംഘിച്ചതായി വിദഗ്ധ മെഡിക്കൽ കമ്മിറ്റി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
കേസിന്റെ വിചാരണാ വേളയിൽ നഴ്സ് ഹാജരായിരുന്നില്ല. തനിക്ക് മൊബൈലിൽ ലഭിച്ച അറബിയിലുള്ള ഔദ്യോഗിക സന്ദേശങ്ങൾ ശ്രദ്ധിക്കാത്തതാണ് നഴ്സിന് വിനയായത്. കോടതി യാത്രാവിലക്ക് ഏർപ്പെടുത്തുകയും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തപ്പോഴാണ് നഴ്സ് സംഭവം അറിയുന്നത്. 2023 ൽ തന്നെ വിധി വന്നിരുന്നെങ്കിലും നിയമ നടപടികളെക്കുറിച്ചുള്ള അറിവില്ലായ്മ കാരണം ഇവർക്ക് കൃത്യസമയത്ത് പ്രതികരിക്കാനായില്ല.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബാംഗമായ നഴ്സിന് ഈ തുക കണ്ടെത്തുക അസാധ്യമാണ്. ഇവരെ സഹായിക്കാൻ അൽ അഹ്‌സ നഴ്സസ് അസോസിയേഷനും സുഹൃത്തുക്കളും രംഗത്തെത്തിയിട്ടുണ്ട്. ഔദ്യോഗിക പ്ലാറ്റ്ഫോമുകളിൽ നിന്നും ഫോണിലേക്ക് വരുന്ന സന്ദേശങ്ങൾ പ്രവാസികൾ ഗൗരവമായി കാണണമെന്നും നിയമപരമായ അറിയിപ്പുകൾ അവഗണിക്കുന്നത് വലിയ പ്രതിസന്ധികൾക്ക് കാരണമാകുമെന്നും സാമൂഹ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.