പ്രതിരോധ കയറ്റുമതിയില്‍ റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യ; മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 62.66 ശതമാനം വര്‍ധനവ്

പ്രതിരോധ കയറ്റുമതിയില്‍ റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യ; മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 62.66 ശതമാനം വര്‍ധനവ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 38,424 കോടി രൂപയിലെത്തി. 23,622 കോടി രൂപയായിരുന്നു മുന്‍ സാമ്പത്തിക വര്‍ഷത്തെ കയറ്റുമതി. ഈ സാമ്പത്തിക വര്‍ഷം 62.66 ശതമാനത്തിന്റെ വന്‍ വര്‍ധനവാണുണ്ടായത്.

ഒരു വര്‍ഷത്തിനിടെ 14,802 കോടി രൂപയുടെ അധിക കയറ്റുമതി നേടിയത് ഇന്ത്യയുടെ പ്രതിരോധ വ്യവസായ ചരിത്രത്തിലെ ഏറ്റവും വലിയ വാര്‍ഷിക വളര്‍ച്ചയായി മാറിയിരിക്കുകയാണ്. പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തെ പ്രതിരോധ ഉല്‍പാദനവും റെക്കോര്‍ഡ് നേട്ടത്തിലെത്തി. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ആകെ പ്രതിരോധ ഉല്‍പാദനം 1.78 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.

കയറ്റുമതിയില്‍ പൊതുമേഖലയും സ്വകാര്യ മേഖലയും നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങള്‍ മൊത്തം കയറ്റുമതിയുടെ 54.84 ശതമാനവും സ്വകാര്യ മേഖല 45.16 ശതമാനവും സംഭാവന ചെയ്തു.

പൊതുമേഖലാ സ്ഥാപനങ്ങളുടെ കയറ്റുമതി ഒരു വര്‍ഷത്തിനിടെ 151 ശതമാനം ഉയര്‍ന്നപ്പോള്‍ സ്വകാര്യ മേഖലയുടെ വളര്‍ച്ച 14 ശതമാനമായിരുന്നു. ഇന്ത്യയുടെ പ്രതിരോധ രംഗത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും ഒരുപോലെ വലിയ പങ്ക് വഹിക്കാന്‍ കഴിയുന്നുവെന്നതിന്റെ തെളിവായാണ് ഈ കണക്കുകള്‍ വിലയിരുത്തപ്പെടുന്നത്.

പ്രതിരോധ മേഖലയില്‍ നടക്കുന്ന മാറ്റം കയറ്റുമതി കണക്കുകളേക്കാള്‍ വലുതാണെന്ന് വ്യവസായ രംഗത്തെ പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നു. ആധുനിക യുദ്ധങ്ങള്‍ അതിവേഗവും സാങ്കേതിക വിദ്യയെ ആശ്രയിച്ചുള്ളതുമായ രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന് ആര്‍മറി സ്ഥാപകനായ അമര്‍ദീപ് സിങ് പറഞ്ഞു.

ഡ്രോണുകള്‍, സൈബര്‍ സംവിധാനങ്ങള്‍, കൃത്രിമ ബുദ്ധി അടിസ്ഥാനമാക്കിയ നിരീക്ഷണ സംവിധാനങ്ങള്‍, ഇലക്ട്രോണിക് യുദ്ധോപകരണങ്ങള്‍, ആളില്ലാത്ത സൈനിക സംവിധാനങ്ങള്‍ എന്നിവയാണ് യുദ്ധങ്ങളുടെ ഭാവിയെന്നും അദേഹം അഭിപ്രായപ്പെട്ടു.

സ്വദേശീയ പ്രതിരോധ ശേഷി വികസിപ്പിക്കുന്നത് ഒരു തന്ത്രപരമായ തിരഞ്ഞെടുപ്പിനുപരി ദേശത്തിന്റെ ആവശ്യകതയായി മാറിയിരിക്കുകണ്. രൂപകല്‍പന, എഞ്ചിനീയറിംഗ്, സോഫ്‌റ്റ്വെയര്‍, സെന്‍സറുകള്‍, ഇലക്ട്രോണിക് സംവിധാനങ്ങള്‍, യുദ്ധസജ്ജമായ പ്ലാറ്റ്ഫോമുകള്‍ എന്നിവയിലുടനീളം ഇന്ത്യ സ്വതന്ത്ര ശേഷി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അമര്‍ദീപ് സിങ് വ്യക്തമാക്കി.

പ്രതിരോധ മേഖലയിലെ ഈ വളര്‍ച്ചയ്ക്ക് പിന്നില്‍ സ്വകാര്യ വ്യവസായങ്ങളുടെ വര്‍ധിച്ച പങ്കാളിത്തമാണെന്ന് കൃഷ്ണ ഡിഫന്‍സ് ആന്‍ഡ് അലൈഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ അങ്കുര്‍ ഷാ വ്യക്തമാക്കി. ഏതാനും വലിയ കമ്പനികളുടെ നിയന്ത്രണത്തിലായിരുന്ന മേഖല ഇന്ന് സ്റ്റാര്‍ട്ടപ്പുകള്‍, എംഎസ്എംഇകള്‍, സാങ്കേതിക സ്ഥാപനങ്ങള്‍, ഗവേഷണ കേന്ദ്രങ്ങള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ കൂടുതല്‍ ശക്തിപ്പെട്ടിരിക്കുകയാണെന്നും അദേഹം പറഞ്ഞു.

പ്രതിരോധ സാങ്കേതിക വിദ്യയില്‍ ഇന്ത്യയുടെ മുന്നേറ്റത്തിന്റെ ഉദാഹരണമായി അമേരിക്കന്‍ കമ്പനിയായ ഷീല്‍ഡ് എഐയും ഇന്ത്യയിലെ ജെഎസ്ഡബ്ല്യു ഡിഫന്‍സും തമ്മിലുള്ള സഹകരണ പദ്ധതിയെ ചൂണ്ടിക്കാണിക്കാം. ഹൈദരാബാദില്‍ ആളില്ലാ യുദ്ധവിമാന സംവിധാനമായ വി-ബാറ്റിന്റെ നിര്‍മ്മാണവും പരിപാലനവും പ്രാദേശികവല്‍ക്കരിക്കുന്നതിനായി 90 ദശലക്ഷം ഡോളറിന്റെ നിക്ഷേപമാണ് ഈ പദ്ധതിക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിലെ പ്രതിരോധ സാങ്കേതികവിദ്യ ആവാസ വ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

സ്വദേശീയ പ്രതിരോധ ശേഷിയുടെ നേട്ടങ്ങള്‍ സാമ്പത്തിക രംഗത്തും പ്രകടമാണ്. സൈന്യത്തിന്റെ സാരഥ് ഇന്‍ഫന്‍ട്രി കോംബാറ്റ് വാഹനത്തിനായി നിര്‍ണായക ഘടകങ്ങള്‍ ഇന്ത്യയില്‍ തന്നെ വികസിപ്പിച്ചെടുത്തതിലൂടെ 34 വര്‍ഷമായി റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്ന ഭാഗങ്ങളുടെ ആശ്രയത്വം അവസാനിപ്പിക്കാന്‍ കഴിഞ്ഞതായി വ്യവസായ രംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കുന്നു. ഇതിലൂടെ പ്രതിവര്‍ഷം 10.5 കോടി രൂപയുടെ ലാഭവും രാജ്യത്തിന് നേടാനായിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ഏകദേശം മൂന്നിരട്ടിയായി ഉയര്‍ന്നു. 2021-22ല്‍ 12,800 കോടി രൂപയിലേറെ ഉണ്ടായിരുന്ന കയറ്റുമതി ഇന്ന് 38,424 കോടി രൂപയിലെത്തി. പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്ന രാജ്യത്തില്‍ നിന്ന് അവ രൂപകല്‍പന ചെയ്ത് നിര്‍മ്മിച്ച് ലോകത്തിന് കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ഇനി മുന്നിലുള്ള വെല്ലുവിളി ഉല്‍പാദനത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നതിലല്ല, മറിച്ച് ലോകോത്തര സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിലാണെന്ന് പ്രതിരോധ വ്യവസായ രംഗം അഭിപ്രായപ്പെടുന്നു. സ്വദേശീയ രൂപകല്‍പന, ഉയര്‍ന്ന നിലവാരത്തിലുള്ള എഞ്ചിനീയറിംഗ്, നൂതന വസ്തുക്കളുടെ വികസനം, അടുത്ത തലമുറ പ്രതിരോധ സാങ്കേതികവിദ്യകള്‍ എന്നിവയിലാണ് ഇന്ത്യ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.