ശിശുക്കടത്ത് കേസ്: എട്ട് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ മിഷനറീസ് ഓഫ് ചാരിറ്റി കുറ്റവിമുക്തർ; സിസ്റ്റർ കോൺസിലിയ അടക്കമുള്ളവർക്ക് നീതി

ശിശുക്കടത്ത് കേസ്: എട്ട് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ മിഷനറീസ് ഓഫ് ചാരിറ്റി കുറ്റവിമുക്തർ; സിസ്റ്റർ കോൺസിലിയ അടക്കമുള്ളവർക്ക് നീതി

റാഞ്ചി: 2018 ൽ രാജ്യമൊട്ടാകെ വലിയ കോളിളക്കം സൃഷ്ടിച്ച റാഞ്ചിയിലെ ശിശുക്കടത്ത് കേസിൽ നിർണായക വിധി. പ്രമുഖ സന്യാസ സമൂഹമായ മിഷനറീസ് ഓഫ് ചാരിറ്റിക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങൾ വ്യാജമെന്ന് കണ്ടെത്തിയ റാഞ്ചി സിവിൽ കോടതി കേസിൽ പ്രതിചേർക്കപ്പെട്ട സിസ്റ്റർ കോൺസിലിയയെയും മറ്റ് രണ്ടുപേരെയും കുറ്റവിമുക്തരാക്കി. നീണ്ട എട്ട് വർഷത്തെ നിയമ പോരാട്ടത്തിന് ശേഷമാണ് ഈ ചരിത്രവിധി പുറത്തുവരുന്നത്.

2018 ൽ റാഞ്ചിയിൽ മിഷനറീസ് ഓഫ് ചാരിറ്റി നടത്തുന്ന നിർമൽ ഹൃദയ് എന്ന ഷെൽട്ടർ ഹോമിൽ നിന്ന് 14 ദിവസം പ്രായമുള്ള ഒരു കുഞ്ഞിനെ 50,000 രൂപയ്ക്ക് അനധികൃതമായി വിറ്റുവെന്നായിരുന്നു ആരോപണം. തുടർന്ന് സിസ്റ്റർ കോൺസിലിയ അറസ്റ്റിലാവുകയും ജാമ്യം ലഭിക്കും വരെ മൂന്ന് വർഷക്കാലം ജയിൽവാസം അനുഭവിക്കുകയും ചെയ്തു. ഈ സംഭവത്തിന് പിന്നാലെ ഝാർഖണ്ഡിലുടനീളമുള്ള മിഷനറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപനങ്ങൾക്കെതിരെ വ്യാപകമായ പരിശോധനകൾ നടക്കുകയും ഹിനൂവിലുള്ള മറ്റൊരു ഭവനം അധികൃതർ അടച്ചു പൂട്ടുകയും ചെയ്തിരുന്നു.

വിധിയിൽ പ്രതികരിച്ചുകൊണ്ട് സിബിസിഐ മുൻ സെക്രട്ടറി ജനറലും ഡാൽട്ടൻഗഞ്ച് ബിഷപ്പുമായ ബിഷപ്പ് തിയോഡോർ മസ്കറേനാസ് ആശ്വാസം പ്രകടിപ്പിച്ചു. "ഇത് സത്യത്തിന്റെയും അചഞ്ചലമായ വിശ്വാസത്തിന്റെയും വിജയമാണ്. വ്യാജ ആരോപണങ്ങൾ സന്യാസ സമൂഹത്തിന്റെ നിസ്വാർത്ഥ സേവനങ്ങളെ സാരമായി ബാധിച്ചിരുന്നു," ബിഷപ്പ് പറഞ്ഞു.

കത്തോലിക്കാ സഭ സമീപകാലത്ത് നേരിട്ട ഏറ്റവും വേദനാജനകമായ നിയമ നടപടികളിൽ ഒന്നായിരുന്നു ഇത്. എട്ടു വർഷത്തെ നീണ്ട വിചാരണയ്ക്കും വേദനകൾക്കുമൊടുവിൽ സന്യാസ സമൂഹത്തിന്റെ നിരപരാധിത്വം തെളിയിക്കപ്പെട്ടത് സഭയ്ക്കും വിശ്വാസികൾക്കും വലിയ ആശ്വാസമാണ് നൽകുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.