മാർപ്പാപ്പയുടെ ഇറാഖ് സന്ദർശനത്തിൽ സുന്നി ഷിയാ സമതുലനവും ലക്‌ഷ്യം

മാർപ്പാപ്പയുടെ ഇറാഖ് സന്ദർശനത്തിൽ സുന്നി ഷിയാ സമതുലനവും ലക്‌ഷ്യം

ബാഗ്ദാദ്: രണ്ട് വർഷം മുമ്പ് അബുദാബിയിൽ പോപ്പ് ഫ്രാൻസിസും പ്രമുഖ സുന്നി പുരോഹിതനുമായ ഷെയ്ഖ് അഹമ്മദ് അൽ തയ്ബും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയുടെ തുടർച്ചയായിട്ടാണ് ഷിയാ പുരോഹിതനായ ഗ്രാൻഡ് അയത്തൊള്ള  അലി സിസ്താനിയുമായി കൂടിക്കാഴ്ച നടത്തുന്നത്.

ലോകത്തെ മുസ്‌ലിംകളിൽ 90 ശതമാനവും സുന്നികളാണ്, ഷിയകൾ 10 ശതമാനം മാത്രമാണുള്ളത് എന്നാൽ ഇറാനിലെയും ഇറാഖിലെയും ഭൂരിപക്ഷ ജനത ഷിയാകളാണ്. ഇറാഖിലെ ജനസംഖ്യയുടെ 60 ശതമാനം ഷിയകളും 37 ശതമാനം സുന്നികളുമാനുള്ളത്. നാലാമത്തെ ഇസ്ലാമിക ഖലീഫയും മുഹമ്മദ് നബിയുടെ ബന്ധുവുമായ ഇമാം അലിയെ സംസ്‌കരിച്ച ദേവാലയ നഗരമായ നജാഫിലെ അദ്ദേഹത്തിന്റെ വീട്ടിൽ മാർപ്പാപ്പ സന്ദർശിക്കും.ഷിയാകളുടെ പ്രധാനമായ ഒരു ആരാധനാ കേന്ദ്രമാണിത്.

ഷിയാ ഉന്നത പുരോഹിതനായ 90 വയസുള്ള സിസ്താനി സന്ദർശകരെ വളരെ അപൂർവ്വമായി മാത്രമേ സ്വീകരിക്കാറുള്ളു.അദ്ദേഹം ഒരിക്കലും പൊതു സ്ഥലത്ത് പ്രത്യക്ഷപ്പെടാറുമില്ല. പോപ്പ് ഫ്രാൻസിസ്  തന്റെ മുൻഗാമികൾ മുന്നോട്ടുവച്ച ദൈവശാസ്ത്രപരമായ സൂക്ഷ്മതകളെക്കുറിച്ച് ചിന്തിക്കാതെ, സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും പ്രതീകങ്ങളായ അന്തർ-മത സംഭാഷണത്തിനു കൂടുതൽ ഊന്നൽ കൊടുക്കുന്നതായി കാണാം.

എട്ടുവർഷം മുമ്പ് മാർപ്പാപ്പ സ്ഥാനം രാജിവച്ച ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പയുടെ നിലപാടുകളിൽ നിന്നും വ്യത്യസ്തമായി മുസ്ളീം ലോകവുമായി പോപ്പ് ഫ്രാൻസിസ് മികച്ച ബന്ധം പുലർത്തി . ഇതിന്റെ ഭാഗമായി രണ്ട് വർഷം മുമ്പ് അബുദാബിയിൽ ഫ്രാൻസിസും പ്രമുഖ സുന്നി പുരോഹിതനുമായ ഷെയ്ഖ് അഹമ്മദ് അൽ തയ്ബും തമ്മിൽ നടന്ന കൂടിക്കാഴചയിൽ “ലോകസമാധാനത്തിനായുള്ള മനുഷ്യ സാഹോദര്യം” എന്ന ഒരു രേഖയിൽ ഒപ്പിടുകയുണ്ടായി. വിശ്വാസ സ്വാതന്ത്ര്യത്തിനായി അവർ സംയുക്തമായി ആഹ്വാനംചെയ്യുകയും ചെയ്തു.

നജാഫ് സന്ദർശനവും ഷിയാ പുരോഹിതൻ സിസ്താനിയുമായുള്ള കൂടിക്കാഴ്ചയോടും കൂടി , മാർപ്പാപ്പ ഇസ്‌ലാമിന്റെ മറ്റൊരു പ്രധാന ശാഖയായ ഷിയാകളിലേക്ക് കരങ്ങൾ നീട്ടുകയാണ്. നജാഫ് കേന്ദ്രീകരിച്ചുള്ള ചിന്താ ധാര 2003 ൽ അമേരിക്ക നയിക്കുന്ന ഇറാഖ് അധിനിവേശത്തിന്റെയും ഷിയകളും സുന്നികളും തമ്മിലുള്ള രക്തരൂക്ഷിതമായ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മറ്റുമതങ്ങളുമായുള്ള മതാന്തര സംവാദത്തിന് താല്പര്യം കാട്ടുന്നു. മറ്റുള്ളവരെ കൊന്നൊടുക്കുന്നതിൽ നിന്ന് മുസ്ലീങ്ങൾക്ക് വിലക്കുണ്ടെന്ന് സിസ്താനി ആവർത്തിച്ചു പറയുന്നു. എന്നിരുന്നാലും, 2014 ൽ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് ബാഗ്ദാദിനെ സമീപിച്ചപ്പോൾ ജിഹാദികളെ തുരത്താൻ ആയുധമെടുക്കാൻ അദ്ദേഹം ഇറാഖികളോട് ആവശ്യപ്പെട്ടിരുന്നു .

മാർപ്പാപ്പയുടെ ഈ സന്ദർശനം ഇറാഖികളുടെ പ്രതിരോധവുമായി വളരെയധികം ബന്ധമുള്ള ഇറാന് ശക്തമായ ഒരു രാഷ്ട്രീയ സന്ദേശം നൽകുന്നു. ആധുനിക ഷിയ മതത്തിന്റെ രണ്ട് പ്രവാഹങ്ങളിലൊന്ന് സിസ്താനി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയവും മതവും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുന്ന നജാഫ് ചിന്ത ധാരയാണ് .ഇതിനു വിപരീതമാണ് , ഇറാനിലെ പരമോന്നത നേതാവ് അയത്തൊള്ള  അലി ഖമേനിയുടെ മാതൃക പിന്തുടർന്ന് ഇറാനിയൻ നഗരമായ ഖോമിനെ ചുറ്റിപ്പറ്റിയുള്ള വിദ്യാലയം. ഉന്നത മതനേതാവിനാലും ഇസ്ലാമിക ഭരണകൂടത്താലും ഭരിക്കണമെന്ന് വിശ്വസിക്കുന്ന ചിന്താധാര.

നജാഫ് ചിന്താധാരയെ (ഇറാഖിലെ ഷിയകൾ ) വിഴുങ്ങുവാൻ ആഗ്രഹിക്കുന്ന ഇറാന്റെ പിടിയിൽ നിന്നും രക്ഷപെടുവാൻ വത്തിക്കാനും പാശ്ചാത്യ ലോകവും തങ്ങളെ പിന്തുണയ്ക്കണമെന്ന് ആഗ്രഹിക്കുന്നു. അതിനാൽ തന്നെ മാർപ്പാപ്പയുടെ സന്ദർശനം പ്രഖ്യാപിച്ചതുമുതൽ, അതിൽ നജാഫിലേക്കുള്ള ഒരു യാത്ര ഉൾപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ഷിയാ പുരോഹിതന്മാർ കഠിനമായി പരിശ്രമിക്കുകയും ചെയ്തു.

ഇസ്ലാമിക് ഖാലിഫേറ്റ് ഭരണകാലത്ത് ന്യൂനപക്ഷമായിരുന്ന ക്രിസ്ത്യാനികളെ സഹായിക്കുന്നതിൽ സിസ്താനിയുടെ അനുയായികൾ ശ്രമിച്ചിരുന്നു. ഷിയാ ചിന്ത ധാരയിൽ ഭൂരിപക്ഷം ഇറാനിൽ നിന്നുള്ള തീരുമാനങ്ങൾക്കാണ് ചെവികൊടുക്കുന്നത് എന്നതിനാൽ സിസ്താനി മാർപ്പാപ്പയ്ക്ക് നൽകുന്ന ഉറപ്പുകൾക്ക് വലിയ മൂല്യമുണ്ടാകില്ല എന്ന് നിരീക്ഷകർ കരുതുന്നു.

ഫ്രാൻസിസ് മാർപ്പാപ്പയുടെ അബുദാബി സന്ദർശനത്തതിനത്തിൽ ഒപ്പുവച്ച അബുദാബി പ്രമാണത്തിന്റെ ബാക്കി പത്രമായി ഫ്രാറ്റെല്ലി തുത്തി എന്ന ചാക്രിക ലേഖനം വരെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും അത്തരം ഒരു പ്രമാണവും നജാഫിൽ ഒപ്പിടുമെന്ന് പ്രതീക്ഷിക്കുന്നില്ല.

ഇസ്ലാമിക ലോകവുമായി ചർച്ചകൾക്ക് വാതിൽ തുറന്നിടുകയാണ് പോപ്പ് ഫ്രാൻസിസ് . അക്രമത്തിന്റെ പാതയിലൂടെ സമാധാനം കൈ വരിക്കാനാവില്ല എന്ന് വിളിച്ചു പറയുകയാണ് അദ്ദേഹം . മത സമൂഹങ്ങളിലേക്ക് കടന്ന് ചെന്നുകൊണ്ട് നല്ല ചിന്താ ധാരകളെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരുകയാണ് ക്രിസ്തുവിന്റെ പ്രതി പുരുഷൻ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.