ബാഗ്ദാദ്: ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖ് സന്ദർശനം ലോകമെമ്പാടും, ഇറാഖിലും അക്രമങ്ങൾക്ക് ഇരകളായവരോടുള്ള ഐക്യദാർഢ്യത്തിന്റെ സന്ദേശമാണെന്ന് 'മുസ്‌ലിം കൗൺസിൽ ഓഫ് എൽഡേഴ്‌സ്'.

'മാർപാപ്പയുടെ ഇറാഖ് സന്ദർശനം സമാധാനത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്. വർഷങ്ങൾ നീണ്ട യുദ്ധത്തിനും അത് വിതച്ച നാശത്തിനും ശേഷം ഇറാഖി ജനതയുടെ മുറിവുകൾ സുഖപ്പെടുത്താൻ സന്ദർശനം സഹായിക്കുമെന്ന് തങ്ങൾ വിശ്വസിക്കുന്നു. അതേസമയം ഇറാഖിന് ശോഭനമായ ഭാവി ലഭിക്കുമെന്ന പ്രതീക്ഷയ്ക്കും ഈ സന്ദർശനം കാരണമാകുന്നു'.- കൗൺസിലിന്റെ സന്ദേശത്തിൽ പറയുന്നു.

നിരവധി വെല്ലുവിളികൾക്കിടയിലും സന്ദർശനം നടത്താൻ ഫ്രാൻസിസ് മാർപാപ്പ എടുത്ത തീരുമാനം മനുഷ്യ സാഹോദര്യത്തിലുള്ള അദ്ദേഹത്തിന്റെ സമ്പൂർണ്ണ വിശ്വാസത്തിന്റെ പ്രതിഫലനമാണ്. വിദ്വേഷം, വിഭാഗീയത, സംഘർഷം എന്നിവയ്ക്കിടയിലും സമത്വം ഉയർത്തിപ്പിടിക്കാനുള്ള അദ്ദേഹത്തിന്റെ സന്നദ്ധതയാണ് ഇതിലൂടെ പ്രകടമാകുന്നത്.

ഫ്രാൻസിസ് മാർപാപ്പയുടെ സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങൾ വിദ്വേഷത്തെയും തീവ്രവാദത്തെയും നേരിടുന്നതിലും സമാധാനം, സഹവർത്തിത്വം, സാമുദായിക ബഹുമാനം എന്നിവ പ്രചരിപ്പിക്കുന്നതിലുമുള്ള മുസ്‌ലിം കൗൺസിലിന്റെ കാഴ്ചപ്പാടിനോട് ചേർന്ന് നിൽക്കുന്നതാണ് എന്നും കൗൺസിൽ പ്രസ്താവനയിൽ പറയുന്നു.

ഫ്രാൻസിസ് മാർപാപ്പയുടെ മുസ്‌ലിം ലോകത്തെ സന്ദർശനങ്ങൾ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങൾ തമ്മിലുള്ള സൗഹൃദവും ശക്തിപ്പെടുത്തുന്നതിന് സഹായിച്ചിട്ടുണ്ടെന്ന് മുസ്‌ലിം കൗൺസിൽ ഓഫ് എൽഡേഴ്‌സ് സെക്രട്ടറി ജനറൽ ഡോ. സുൽത്താൻ അൽ റെമിതി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.