കോവിഡാനന്തര കാലഘട്ടത്തിൽ പുതിയ അജപാലന രീതികൾ സ്വീകരിക്കണം: ബിഷപ് ഡോ. ജോസഫ് കരിയിൽ

കോവിഡാനന്തര കാലഘട്ടത്തിൽ പുതിയ അജപാലന രീതികൾ സ്വീകരിക്കണം: ബിഷപ് ഡോ. ജോസഫ് കരിയിൽ

കൊച്ചി: കോവിഡാനന്തര കാലഘട്ടത്തിൽ ജീവിതം പുതുവഴികളിലാകുമ്പോൾ പുതിയ അജപാലന രീതികൾ വേണ്ടിവരുമെന്ന് കേരള റീജ്യൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി) പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയിൽ പറഞ്ഞു. കെആർഎൽസിസിയുടെ 36-മത് ദിദ്വിന ജനറൽ അസംബ്ലി ഇടക്കൊച്ചി ആൽഫ പാസ്റ്ററൽ സെന്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേവാലയങ്ങളിൽ ഇപ്പോൾ വരാത്തവരെ അന്വേഷിച്ച് ചെല്ലണം. ജീവിതം അപ്രകാരം മാറ്റിയെടുക്കാൻ ശ്രമിക്കണം. പുതിയ സഹോദര്യ കൂട്ടായ്മ ലോകത്തുണ്ടാകണമെന്നാണ് ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്തത്.


ജീവന്റെ ഗുണമേന്മയിൽ ഉണ്ടായ തരം തിരിവാണ് കോവിഡ് സൃഷ്ടിച്ച വ്യതിയാനങ്ങളിലൊന്ന്. കൂടുതൽ ഉപയോഗമുള്ളവരും ഉപയോഗമില്ലാത്തവരുമായി മനുഷ്യൻ തരം തിരിക്കപ്പെട്ടു. ഉപയോഗമില്ലാത്തവരെ മരണത്തിനു വിട്ടുകൊടുത്തു. പ്രായമായവർക്ക് പാരസെറ്റമോളും പ്രായം കുറഞ്ഞവർക്ക് വെന്റിലേറ്ററുമായിരുന്നു യൂറോപ്യൻ രാജ്യങ്ങളിൽ നൽകിയിരുന്നത്. വയോജന വസതികളിൽ കുറേപേർ മരിച്ചതോടെ അവിടെ ഉപയോഗിച്ചുകൊണ്ടിരുന്ന ഫണ്ട്‌ ആരോഗ്യമേഖലയിൽ ഉപയോഗിക്കാനായി എന്നതാണ് നേട്ടമായി പറഞ്ഞത്. ജീവനോടു കാണിച്ച് വലിയ അവഗണനയായിരുന്നു അത്. എല്ലാ ജീവികൾക്കും ഒരേ വിലയാണെന്നും അടിസ്ഥാനതത്വം മറന്നുവെന്നും ബിഷപ് ജോസഫ് കരിയിൽ പറഞ്ഞു.


നമ്മുടെ തീരങ്ങൾ കവർന്നെടുക്കാൻ ഏറെക്കാലമായി രാജ്യാന്തര ഗൂഢാലോചന നടക്കുന്നുണ്ട്. എന്നാൽ കര മാത്രമല്ല കടലും കൂടി നമ്മളിൽ നിന്ന് അപഹരിക്കുവാനുള്ള ശ്രമമാണ് നടക്കുന്നത്. നമ്മളോടുള്ള ചതിപ്രയോഗമായിരുന്നു അത്. കടൽ വിൽക്കുന്നതിനുള്ള ശ്രമം ആകുലതയോടെ വേണം നാം മനസിലാക്കാൻ. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പറഞ്ഞത് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. ഈ വിഷയത്തിൽ വ്യവസായ വകുപ്പും ഫിഷറീസ് വകുപ്പും എന്താണ് ചെയ്തത്? ഒന്നും ചെയ്തില്ല. ഫയലുകളൊന്നും കണ്ടില്ലെന്ന് പറഞ്ഞവർ പിന്നീട് കണ്ടെന്നു പറഞ്ഞു. ഒരു കരാർ ഉണ്ടാക്കിയിട്ടില്ലെന്നു പറഞ്ഞവർ എല്ലാ കരാറും റദ്ദാക്കിയെന്നു പറയുന്നു. സംഭവത്തിൽ ഗൂഢാലോചന നടന്നെന്നാണ് ഇപ്പോൾ പറയുന്നത്. ഇങ്ങനെയെല്ലാം നടന്നതിൽ തെളിവ് വേണം എന്നാണ് ഫിഷറീസ് മന്ത്രി പ്രതിപക്ഷ നേതാവിനോട് പറയുന്നത്. പ്രതിപക്ഷ നേതാവിന്റെ കയ്യിലിരിക്കുന്ന തെളിവ് വ്യക്തിപരമായ കാര്യമാണ്. പക്ഷേ മന്ത്രിയുടെ കയ്യിലിരിക്കുന്ന തെളിവ് എല്ലാവർക്കും കാണേണ്ടതാണ് - ബിഷപ് ജോസഫ് കരിയിൽ പറഞ്ഞു.


400 ട്രോളറുകളും രണ്ട് മദർഷിപ്പുകളും ഉണ്ടാക്കാനായിരുന്നു പദ്ധതി. ഇപ്പോൾതന്നെ ബോട്ടുകളും വള്ളങ്ങളും കടലിൽ കൂടുതലാണ്. ഏതു വലയിലേക്കാണ് കയറേണ്ടതെന്നറിയാതെ മത്സ്യങ്ങൾ അന്തംവിട്ടു നിൽക്കുകയാണ്. മത്സ്യസമ്പത്ത് ശോഷിച്ചു കൊണ്ടിരിക്കുകയാണ്. നാളെ ഇതുണ്ടാകില്ല. രാജ്യത്തിന് കയറ്റുമതി ഇനത്തിൽ വലിയ തോതിൽ വിദേശനാണ്യം നേടിക്കൊടുക്കുന്നതാണ് നമ്മുടെ മത്സ്യസമ്പത്ത്. ആ വിദേശനാണയം കിട്ടാതാകും. മത്സ്യബന്ധനത്തോടനുബന്ധിച്ച് ധാരാളംപേർ അനുബന്ധ തൊഴിലുകളിൽ ഏർപ്പെട്ടിട്ടുണ്ട്. അവരുടെ തൊഴിലെല്ലാം നഷ്ടപ്പെട്ടു. ഇത്രയും വലിയ പ്രത്യാഘാതമുണ്ടാക്കുന്ന പ്രശ്നത്തെ വളരെ ലാഘവത്തോടെയാണ് അധികൃതർ കാണുന്നത്. ഉത്തരവാദപ്പെട്ടവർ നമ്മെ വിൽക്കാൻ ശ്രമിച്ചു. നിതാന്ത ജാഗ്രതയോടെ നമുക്ക് താല്പര്യങ്ങളുടെ മേഖലകളെ നാം കാണണം. ശബ്ദിക്കുന്നവനേ അധികാരമുള്ളൂ.

കേരളത്തിൽ ഏറ്റവും കടം കുറഞ്ഞ സമൂഹം ലത്തീൻകാരുടെതാണ്. കാരണം ലത്തീൻകാർക്ക് ആർക്കും കടം തരില്ല. കടമില്ല എന്നതിനർത്ഥം ബാങ്കിൽ നിക്ഷേപമുണ്ട് എന്നുമല്ല. ദാരിദ്ര്യത്തിൽ നിന്ന് ദാരിദ്രത്തിലേക്ക് പതിക്കുന്ന സമൂഹമാണ് നമ്മുടേത് എന്ന് ബിഷപ് കരിയിൽ പറഞ്ഞു.

ചടങ്ങിൽ കെആർഎൽസിസി വൈസ് പ്രസിഡന്റ് ബിഷപ് ഡോ. വിൻസെന്റ് സാമുവൽ അധ്യക്ഷത വഹിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ സമ്മേളനത്തിൽ 12 ലത്തീൻ രൂപതകളിലെ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.

ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, സെക്രട്ടറി ആന്റണി ആൽബർട്ട്, ട്രഷറർ ആന്റണി നൊറോണ എന്നിവർ പ്രസംഗിച്ചു. 'കോവിഡാനന്തര കാലത്തെ സമൂഹ നിർമ്മിതി' എന്ന വിഷയമാണ് സമ്മേളനത്തിൽ ചർച്ച ചെയ്തത്. ഡോ. മാർട്ടിൻ പാട്രിക് ഈ വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. തുടർന്ന് നടന്ന പാനൽ ചർച്ചയിൽ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ മോഡറേറ്ററായിരുന്നു. ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപറമ്പിൽ, ഷാജി ജോർജ്ജ്, ജെയിൻ ആൻസിൽ ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.

നാളെ ചേരുന്ന സമാപന സമ്മേളനത്തിൽ വാർഷിക പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിലും രാഷ്ട്രീയ പ്രമേയം ബെന്നി പാപ്പച്ചനും സാമ്പത്തിക റിപ്പോർട്ട് ആന്റണി നോറോണയും അവതരിപ്പിക്കും. അടുത്ത മൂന്ന് വർഷത്തേക്കുള്ള കെആർഎൽസിസി ഭാരവാഹികളെ ഈ സമ്മേളനത്തിൽ തിരഞ്ഞെടുക്കും. കുടുംബവർഷം ഉദ്ഘാടനവും ലാറ്റിൻ മാട്രിമോണിയൽ മാര്യേജ് ബ്യൂറോയുടെ ഉദ്ഘാടനവും നടക്കും. മതബോധന പ്രസംഗ മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. സമ്മേളനത്തിനുശേഷം ഉച്ചയ്ക്ക് 1 30 ന് ബിഷപ് ഡോ. ജോസഫ് കരിയിലിന്റെ വാർത്താ സമ്മേളനവുമുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.