സംസ്ഥാനത്ത് ഷിഗെല്ല വ്യാപനം ശക്തമാകുന്നു: ഇന്ന് 10 പേര്‍ക്ക് കൂടി രോഗബാധ; വിമാനത്താവളങ്ങളില്‍ എബോള ജാഗ്രത

സംസ്ഥാനത്ത് ഷിഗെല്ല വ്യാപനം ശക്തമാകുന്നു: ഇന്ന് 10 പേര്‍ക്ക് കൂടി രോഗബാധ; വിമാനത്താവളങ്ങളില്‍ എബോള ജാഗ്രത

തിരുവനന്തപുരം: കോവിഡിനും നിപയ്ക്കും പിന്നാലെ സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയും എബോള ഭീഷണിയും ഉയര്‍ത്തി ആരോഗ്യ വകുപ്പിന്റെ കടുത്ത ജാഗ്രതാ നിര്‍ദേശം. ഇന്ന് മാത്രം സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. നാല് ജില്ലകളിലാണ് ഇന്ന് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഈ വര്‍ഷം കേരളത്തില്‍ ഷിഗെല്ല ബാധിച്ചവരുടെ ആകെ എണ്ണം 226 ആയി ഉയര്‍ന്നു.

ജൂണ്‍ മാസം മാത്രം സംസ്ഥാനത്ത് 150 പേര്‍ക്ക് രോഗം ബാധിക്കുകയും ആറ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. രോഗ വ്യാപനം അനിയന്ത്രിതമായ സാഹചര്യത്തില്‍ നിലവില്‍ നാല് ജില്ലകളില്‍ ആരോഗ്യ വകുപ്പ് ഔദ്യോഗികമായി ഔട്ട്ബ്രേക്ക് (രോഗവ്യാപന അടിയന്തരാവസ്ഥ) പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് (49), വയനാട് (20), തൃശൂര്‍ (12), ആലപ്പുഴ (3) എന്നിവയാണ് ഈ ജില്ലകള്‍.

ഇതിനുപുറമേ, ജൂണ്‍ മാസത്തില്‍ മലപ്പുറം (21), തിരുവനന്തപുരം (17), കണ്ണൂര്‍ (10), കൊല്ലം (9), ഇടുക്കി (3), എറണാകുളം (3), പാലക്കാട് (3) എന്നിവിടങ്ങളിലും ഷിഗെല്ല കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ശുചിത്വക്കുറവിലൂടെയും മലിനമായ വെള്ളത്തിലൂടെയും പകരുന്ന രോഗമായതിനാല്‍ കര്‍ശനമായ വകുപ്പുതല ഏകോപനത്തോടെയാണ് താലൂക്ക് തലങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

ആഫ്രിക്കന്‍ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാന്‍ എന്നിവിടങ്ങളില്‍ എബോള റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേരളത്തിലും അതീവ ജാഗ്രത ഉറപ്പാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് പ്രതിരോധ നടപടികള്‍.

സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും പ്രധാന തുറമുഖങ്ങളിലും എബോള ബാധിത രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ നിരീക്ഷിക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാരെ നിയോഗിച്ചു. യാത്രക്കാരുടെ സമ്പര്‍ക്ക ചരിത്രവും രോഗലക്ഷണങ്ങളും കൃത്യമായി പരിശോധിക്കും. ഇവര്‍ക്ക് 21 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്താനും, വീട്ടിലെത്തിയാല്‍ പ്രാദേശിക പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ കര്‍ശന നിരീക്ഷണത്തിലാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.