'ഭക്ഷണത്തേക്കാള്‍ വേഗത്തില്‍ ആയുധങ്ങള്‍ അതിര്‍ത്തികള്‍ കടന്നെത്തുന്നു; ഇത് വേദനാജനകമായ വൈരുദ്ധ്യം': മാര്‍പാപ്പ

'ഭക്ഷണത്തേക്കാള്‍ വേഗത്തില്‍ ആയുധങ്ങള്‍ അതിര്‍ത്തികള്‍ കടന്നെത്തുന്നു; ഇത് വേദനാജനകമായ വൈരുദ്ധ്യം': മാര്‍പാപ്പ

റോം: ലോകത്ത് ഭക്ഷണത്തേക്കാള്‍ വേഗത്തില്‍ ആയുധങ്ങള്‍ അതിര്‍ത്തികള്‍ കടന്നെത്തുന്നു എന്നത് വേദനാജനകമായ ഒരു വൈരുദ്ധ്യമാണെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. റോമില്‍ നടന്ന ഐക്യരാഷ്ട്ര സഭയുടെ ലോക ഭക്ഷ്യ പദ്ധതിയുടെ വാര്‍ഷിക യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദേഹം.

രാജ്യങ്ങള്‍ തമ്മിലുള്ള അവിശ്വാസം വര്‍ധിക്കുന്നതും സൈനിക ചിലവുകള്‍ക്കായി വിഭവങ്ങള്‍ വക മാറ്റുന്നതും പട്ടിണി വിരുദ്ധ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് പറഞ്ഞ മാര്‍പാപ്പ, മനുഷ്യന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കാനും അയല്‍ക്കാരനെ സ്‌നേഹിക്കാനുമുള്ള സുവിശേഷ സന്ദേശം സഭയുടെയും ലോക ഭക്ഷ്യ പദ്ധതിയുടെയും ദൗത്യങ്ങളില്‍ ഒരുപോലെ പ്രതിഫലിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.

രാഷ്ട്രീയവും സാമ്പത്തികവുമായ താല്‍പര്യങ്ങള്‍ക്കുപരിയായി മാനുഷിക മൂല്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ ആഗോള സമൂഹം തയാറാകണമെന്നും ഐക്യദാര്‍ഢ്യമെന്നത് കേവലം ചുവപ്പു നാടകളില്‍ കുടുങ്ങിക്കിടക്കുന്ന ഒന്നാകരുതെന്നും പാപ്പ പറഞ്ഞു.

ദാരിദ്ര്യ നിര്‍മാര്‍ജനം ലോകത്തിന്റെ ഉത്തരവാദിത്വമാണ്. പട്ടിണിയും പോഷകാഹാരക്കുറവും നേരിടുന്നതിനൊപ്പം അവയുടെ അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്താനും പരിഹരിക്കാനും ലോകരാജ്യങ്ങള്‍ ഒന്നിക്കണം.

സംഘര്‍ഷങ്ങള്‍ക്കിടയിലും പ്രകൃതി ദുരന്തങ്ങള്‍ക്കിടയിലും ജീവന് സംരക്ഷണമൊരുക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യ കാര്‍ഷിക സംഘടന നടത്തുന്ന പ്രവര്‍ത്തനങ്ങളെ അദേഹം പ്രശംസിച്ചു.

ഭക്ഷണം, വെള്ളം, ആരോഗ്യം എന്നിവ വിപണിയിലെ കച്ചവടച്ചരക്കുകളല്ല, മറിച്ച് ഓരോ മനുഷ്യന്റെയും മൗലികാവകാശമാണ്. സര്‍ക്കാരുകള്‍ക്കും അന്താരാഷ്ട്ര ഏജന്‍സികള്‍ക്കും കടന്നു ചെല്ലാന്‍ ബുദ്ധിമുട്ടുള്ള മേഖലകളില്‍ കത്തോലിക്കാ സഭയുടെ കീഴിലുള്ള ഇടവകകളും കാരിത്താസ് പോലുള്ള സന്നദ്ധ സംഘടനകളും നടത്തുന്ന സേവനങ്ങളെ അദേഹം എടുത്തു പറഞ്ഞു.

ഇത്തരം പ്രാദേശിക പങ്കാളികളുമായി സഹകരിക്കുന്നത് സഹായങ്ങള്‍ അര്‍ഹരായവരിലേക്ക് നേരിട്ട് എത്തിക്കാന്‍ സഹായിക്കും. പട്ടിണി നിര്‍മാര്‍ജനം ചെയ്യുന്നത് കേവലം ഒരു കാരുണ്യ പ്രവര്‍ത്തനമല്ല, മറിച്ച് ലോകത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും അത്യന്താപേക്ഷിതമായ കാര്യമാണെന്നും ആഗോള കത്തോലിക്ക സഭാ തലവന്‍ ഓര്‍മിപ്പിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.