അമേരിക്കൻ വിദ്യാലയങ്ങളിൽ ഇനി ബൈബിൾ പാഠങ്ങളും; ക്രിസ്ത്യൻ മൂല്യങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി ടെക്സസ്

അമേരിക്കൻ വിദ്യാലയങ്ങളിൽ ഇനി ബൈബിൾ പാഠങ്ങളും; ക്രിസ്ത്യൻ മൂല്യങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി ടെക്സസ്

ടെക്സസ്: അമേരിക്കൻ പബ്ലിക് സ്കൂൾ വിദ്യാഭ്യാസ രംഗത്ത് ചരിത്രപരമായ തീരുമാനവുമായി ടെക്സസ് വിദ്യാഭ്യാസ ബോർഡ്. വിദ്യാലയങ്ങളിലെ നിർബന്ധിത വായനാ ലിസ്റ്റിൽ ബൈബിൾ ഭാഗങ്ങളും ഉൾപ്പെടുത്താൻ ബോർഡ് ഔദ്യോഗികമായി അനുമതി നൽകി.

ക്രിസ്ത്യൻ മൂല്യങ്ങളും ബൈബിൾ അധിഷ്ഠിത പാഠങ്ങളും പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾക്ക് ഇതോടെ വലിയൊരു പടി കൂടി കടന്നുകയറാൻ കഴിഞ്ഞു.

ചാൾസ് ഡിക്കൻസിന്റെ 'ഗ്രേറ്റ് എക്സ്പെക്ടേഷൻസ്', ജെയ്ൻ ഓസ്റ്റന്റെ 'പ്രൈഡ് ആൻഡ് പ്രിജുഡിസ്' തുടങ്ങിയ സാഹിത്യ കൃതികൾക്കൊപ്പം പുതിയ നിയമത്തിലെ ബൈബിൾ ഭാഗങ്ങളും നിർബന്ധിത പാഠങ്ങളാകും.

എലിമെന്ററി തലം മുതൽ ഹൈസ്കൂൾ തലം വരെ ബൈബിൾ കഥകൾ ഉൾപ്പെടുത്തും. ഡേവിഡ് ആൻഡ് ഗോലിയാത്ത്, ഡാനിയൽ ആൻഡ് ദ ലയൺസ് ഡെൻ തുടങ്ങിയ ബൈബിൾ കഥകളും യേശുവിന്റെ സുവിശേഷ പ്രസംഗങ്ങളും പാഠ്യപദ്ധതിയുടെ ഭാഗമാകും. 2030 മുതൽ ഘട്ടംഘട്ടമായിട്ടായിരിക്കും ഈ മാറ്റങ്ങൾ വിദ്യാലയങ്ങളിൽ നടപ്പിലാക്കി തുടങ്ങുക.

അമേരിക്കൻ രാഷ്ട്രത്തിന്റെ അടിത്തറ തന്നെ ജൂത-ക്രിസ്ത്യൻ മൂല്യങ്ങളാണെന്നും ആ പാരമ്പര്യം വരുംതലമുറകൾ പഠിച്ചിരിക്കണമെന്നും ഈ തീരുമാനത്തെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെ 250 വർഷത്തെ ചരിത്രം ക്രിസ്ത്യൻ മൂല്യങ്ങളിൽ അധിഷ്ഠിതമാണെന്നും അത് വിദ്യാലയങ്ങളിൽ പ്രതിഫലിക്കണമെന്നുമുള്ള ആവശ്യം ഏറെക്കാലമായി ഉയരുന്നുണ്ടായിരുന്നു.

വിദ്യാഭ്യാസ രംഗത്ത് മതപരമായ വിഷയങ്ങൾ ഉൾപ്പെടുത്തുന്നതിനെതിരെ ചില കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും തങ്ങളുടെ വിശ്വാസവും പൈതൃകവും പുതിയ തലമുറയിലേക്ക് എത്തിക്കാൻ ഈ തീരുമാനം വലിയൊരു സഹായമാകുമെന്ന വിശ്വാസത്തിലാണ് ക്രിസ്ത്യൻ സമൂഹം. സ്കൂളുകളിൽ ചാപ്ലിൻമാരെ നിയമിക്കാനും പത്ത് കൽപ്പനകൾ പ്രദർശിപ്പിക്കാനും നേരത്തെ ടെക്സസിൽ അനുമതി ലഭിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ബൈബിൾ വായനയും നിർബന്ധമാക്കുന്നത്.

അമേരിക്കൻ ചരിത്രത്തെയും ക്രിസ്ത്യൻ വേദപുസ്തകത്തെയും തമ്മിൽ ആഴത്തിൽ ബന്ധിപ്പിക്കുന്ന രീതിയിലാണ് സോഷ്യൽ സ്റ്റഡീസ് പാഠ്യപദ്ധതിയും രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിദ്യാലയങ്ങളിൽ ക്രിസ്ത്യൻ മൂല്യങ്ങൾ തിരിച്ചെത്തുന്നത് വരും തലമുറയുടെ ധാർമ്മികവും ആത്മീയവുമായ വളർച്ചയ്ക്ക് കരുത്തേകുമെന്നാണ് ഈ മാറ്റത്തെ പിന്തുണയ്ക്കുന്നവരുടെ പക്ഷം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.