സ്ഥാനാര്‍ഥികളുടെ നെഞ്ചിടിപ്പുയര്‍ത്തുന്ന ആ അഞ്ച് മണ്ഡലങ്ങള്‍...

സ്ഥാനാര്‍ഥികളുടെ നെഞ്ചിടിപ്പുയര്‍ത്തുന്ന ആ അഞ്ച് മണ്ഡലങ്ങള്‍...

കൊച്ചി: സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് ഇടതുപക്ഷവും ഭരണം തിരിച്ചു പിടിക്കാന്‍ യുഡിഎഫും ഒന്നില്‍ നിന്ന് മുന്നേറാന്‍ എന്‍ഡിഎയും രംഗത്തിറങ്ങുമ്പോള്‍ സ്ഥാനാര്‍ഥികളുടെയും മുന്നണികളുടെയും നെഞ്ചിടിപ്പ് ഒരുപോലെ ഉയര്‍ത്തുന്ന ചില മണ്ഡലങ്ങളുണ്ട്. നേരിയ ഭൂരിപക്ഷത്തിന് കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം പിടിച്ചെടുക്കാന്‍ എതിരാളികളും വിജയം ഉറപ്പിച്ച് ഭൂരിപക്ഷം ഉയര്‍ത്താന്‍ കഴിഞ്ഞ തവണത്തെ വിജയികളും ശ്രമിക്കുന്ന ഇത്തരം മണ്ഡലങ്ങള്‍ ഇക്കുറിയും നിര്‍ണായകമാണ്. ആയിരത്തില്‍ താഴെ ഭൂരിപക്ഷമുള്ള അഞ്ച് മണ്ഡലങ്ങളാണ് 2016ല്‍ ഉണ്ടായിരുന്നത്.

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട, ഇടുക്കിയിലെ പീരുമേട്, തൃശൂരിലെ വടക്കാഞ്ചേരി, മലപ്പുറത്തെ പെരിന്തല്‍മണ്ണ, കോഴിക്കോട്ടെ കൊടുവള്ളി എന്നീ മണ്ഡലങ്ങളില്‍ നിന്നുള്ള എംഎല്‍എമാര്‍ക്കാണ് ആയിരത്തില്‍ താഴെ ഭൂരിപക്ഷമുള്ളത്. ഇതിന് പുറമെ 2016ലെ തെരഞ്ഞെടുപ്പില്‍ കാസര്‍കോട്ടെ മഞ്ചേശ്വരത്ത് ലീഗ് പ്രതിനിധി പിബി അബ്ദുള്‍ റസാഖ് 89 വോട്ടിനായിരുന്നു വിജയിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് 2019ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എംസി കമറുദ്ദീന്‍ 7,923 വോട്ടുകളുടെ ഭൂരിപക്ഷം ഇവിടെ നിന്ന് നേടിയിരുന്നു. രണ്ട് തവണയും ബിജെപി സ്ഥാനാര്‍ഥികളായിരുന്നു ഇവിടെ രണ്ടാമതെത്തിയത്.

കാട്ടാക്കട
കട്ടാക്കടയില്‍ 849 വോട്ടിനാണ് ഐ.ബി സതീഷ് വിജയിച്ചത്. 2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 12,916 വോട്ടുകള്‍ക്ക് എന്‍.ശക്തന്‍ വിജയിച്ച മണ്ഡലമാണ് 2016ല്‍ ഐ.ബി സതീഷിലൂടെ സിപിഎം പിടിച്ചെടുത്തത്. സിറ്റിംഗ് എംഎല്‍എയായിരുന്ന കോണ്‍ഗ്രസ് നേതാവ് എന്‍.ശക്തന്‍ 50,765 വോട്ടുകള്‍ നേടിയപ്പോള്‍ സിപിഎം സ്ഥാനാര്‍ഥിയായ സതീഷിന് 51,614 വോട്ടുകളാണ് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ഥി പികെ കൃഷ്ണദാസിന് 38,700 വോട്ടുകളും കിട്ടി.

അതേസമയം 2019 ല്‍ നടന്ന ആറ്റിങ്ങല്‍ ലോക് സഭ തെരഞ്ഞെടുപ്പില്‍ കാട്ടാക്കടയില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന അടൂര്‍ പ്രകാശിന് 6140 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചതെന്നതും ശ്രദ്ധേയമാണ്. ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന ഇടതുമുന്നണി ഇത്തവണയും ഐ.ബി സതീഷിനെ തന്നെയാണ് കാട്ടാക്കടയില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

പീരുമേട്
പീരുമേട്ടില്‍ നിന്ന് സിപിഐ നേതാവ് ഇ.എസ് ബിജിമോള്‍ 314 വോട്ടുകളുടെ ഭൂരിപക്ഷവുമായാണ് 2016ല്‍ നിയമസഭയിലെത്തിയത്. കോണ്‍ഗ്രസിലെ സിറിയക് തോമസിനെ പരാജയപ്പെടുത്തിയായിരുന്നു ഇത്. മൂന്നു തവണ മത്സരിച്ചതിനാല്‍ ബിജിമോള്‍ക്ക് ഇത്തവണ സീറ്റില്ല. 2011ല്‍ കോണ്‍ഗ്രസിലെ ഇ.എം അഗസ്തിയെ 4,777 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയ ബിജിമോളുടെ ഭൂരിപക്ഷമാണ് 2016ല്‍ 314 ആയി കുറഞ്ഞത്.

വടക്കാഞ്ചേരി
സംസ്ഥാനത്ത് കഴിഞ്ഞ തവണ ഏറ്റവും ശക്തമായ പോരാട്ടം നടന്ന മണ്ഡലമായിരുന്നു വടക്കാഞ്ചേരി. 2016ല്‍ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷവുമായാണ് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര വിജയിച്ചത്. സിപിഎമ്മിലെ മേരി തോമസിനോടായിരുന്നു അനില്‍ അക്കരയുടെ മത്സരം.

കഴിഞ്ഞതവണത്തെ ഭൂരിപക്ഷത്തിന് പുറമെ ലൈഫ് മിഷന്‍ വിവാദത്തില്‍ ഉള്‍പ്പെട്ട മണ്ഡലമാണെന്നതും വടക്കാഞ്ചേരിയെ ഇത്തവണ ശ്രദ്ധാകേന്ദ്രമാക്കുന്നു. കോണ്‍ഗ്രസിനായി അനില്‍ അക്കര തന്നെയാകും ഇത്തവണ ഇവിടെ സ്ഥാനാര്‍ഥി, സിപിഎം സേവ്യര്‍ ചിറ്റിലപ്പള്ളിയെയാണ് മണ്ഡലം പിടിച്ചെടുക്കാന്‍ നിയോഗിച്ചിരിക്കുന്നത്.

പെരിന്തല്‍മണ്ണ
ഇത്തവണ മലപ്പുറം ജില്ലയില്‍ ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നായിരിക്കും പെരിന്തല്‍മണ്ണ. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 579 വോട്ടുകള്‍ക്കാണ് ലീഗ് പ്രതിനിധി മഞ്ഞളാംകുഴി അലി ഇവിടെ നിന്ന് വിജയിച്ചത്. 1970ന് ശേഷം പെരിന്തല്‍മണ്ണയില്‍ നിന്ന് ഒരുതവണ മാത്രമാണ് ഇടതു സ്ഥാനാര്‍ഥി വിജയിച്ചിട്ടുള്ളത്. 2006ലായിരുന്നു ഇത്. അന്ന് ഹമീദ് മാസ്റ്ററെ തോല്‍പ്പിച്ച് വി ശശികുമാര്‍ പെരിന്തല്‍മണ്ണ പിടിച്ചെടുത്തപ്പോള്‍ വര്‍ഷങ്ങള്‍ നീണ്ട ലീഗ് ആധിപത്യമായിരുന്നു അവസാനിച്ചത്.

എന്നാല്‍ തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ ശശികുമാറിനെ പരാജയപ്പെടുത്തിയാണ് മഞ്ഞളാംകുഴി അലി മണ്ഡലം തിരിച്ച് പിടിച്ചത്. 2011ല്‍ 9589 വോട്ടിന്റെ ലീഡ് നേടിയെങ്കിലും 2016ല്‍ ശശികുമാറിലൂടെ സിപിഎം വീണ്ടും ശക്തമായ പോരാട്ടം കാഴ്ചവെച്ചതോടെ ലീഗിന്റെ ലീഡ് കുറയുകയായിരുന്നു. കെ പി മുഹമ്മദ് മുസ്തഫയാണ് ഇത്തവണ ഇടതുപക്ഷ സ്ഥാനാര്‍ഥി.

കൊടുവള്ളി
സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന കാരാട്ട് റസാഖ് 573 വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലമാണ് കൊടുവള്ളി. ഇത്തവണയും റസാഖിനെ തന്നെയാണ് മണ്ഡലം നിലനിര്‍ത്താന്‍ സിപിഎം നിയോഗിച്ചിരിക്കുന്നത്. കൊടുവള്ളി നിയമസഭ മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഇതുവരെ രണ്ട് തവണയാണ് ഇടതുപക്ഷത്തിന് ഇവിടെ വിജയിക്കാനായത്. 2006ല്‍ പിടിഎ റഹീം, 2016ല്‍ കാരാട്ട് റസാഖ് എന്നിവരിലൂടെ. രണ്ട് പേരും മുന്‍ ലീഗ് നേതാക്കള്‍.

മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറിയായിരുന്ന എം.എ റസാഖിനെ 573 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കാരാട്ട് റസാഖ് കഴിഞ്ഞതവണ ഇടതുപക്ഷത്തിനായി കൊടുവള്ളി മണ്ഡലം പിടിക്കുന്നത്. ഇത്തവണ ഇവിടെ ലീഗ് സ്ഥാനാര്‍ഥിയായി ആര് എത്തുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.