ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ നിര്‍ണായക രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടയില്‍ ഇന്ത്യ കേന്ദ്രീകരിച്ച് അന്താരാഷ്ട്ര നയതന്ത്ര നീക്കങ്ങള്‍ ശക്തമാകുന്നു. ഇറാന്‍ പ്രസിഡന്റ് ഡോ. മസൂദ് പെസഷ്‌കിയാനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയിലേക്ക് ക്ഷണിച്ചു. ഇരു നേതാക്കളും തമ്മില്‍ നടത്തിയ ടെലിഫോണ്‍ ചര്‍ച്ചയിലാണ്, ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന വരാനിരിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി ഔദ്യോഗിക ക്ഷണം കൈമാറിയത്.
പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും ശാശ്വത സമാധാനം ഉറപ്പാക്കാനും പ്രധാനമന്ത്രി മോഡി വ്യക്തിപരമായി നടത്തുന്ന ഇടപെടലുകളെ ഇറാന്‍ പ്രസിഡന്റ് അഭിനന്ദിച്ചു. അന്താരാഷ്ട്ര കപ്പല്‍ ഗതാഗത സുരക്ഷയും വ്യാപാര സ്വാതന്ത്ര്യവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ചര്‍ച്ചയില്‍ മോഡി എടുത്ത് പറഞ്ഞു. അമേരിക്കയുമായി ഇറാന്‍ ഒപ്പുവെച്ച സമീപകാല ധാരണകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുമായുള്ള ഊര്‍ജ്ജ-വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ഇരു രാജ്യങ്ങളും താല്‍പര്യം പ്രകടിപ്പിച്ചു.
അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ സന്ദര്‍ശനം അടുത്ത വര്‍ഷം ആദ്യ പകുതിയിലുണ്ടാകുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കി. വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസിന്‌നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് റൂബിയോ ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ഈ വര്‍ഷം അവസാനത്തോടെ താന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് റൂബിയോ അറിയിച്ചു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിര്‍ണായക വ്യാപാര കരാര്‍ അവസാന ഘട്ടത്തിലാണെന്നും ക്വാഡ് സഖ്യത്തിന്റെ അടുത്ത യോഗത്തിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി മോഡിയും ട്രംപും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദം ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ഉയരങ്ങളിലെത്തിക്കുമെന്നും യു.എസ് പ്രത്യാശ പ്രകടിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.