ന്യൂഡല്‍ഹി: ഫോണ്‍ നമ്പര്‍ വെളിപ്പെടുത്താതെ യൂസര്‍ നെയിം മാത്രം ഉപയോഗിച്ച് ചാറ്റ് ചെയ്യാന്‍ അനുവദിക്കുന്ന വാട്സ് ആപ്പിന്റെ പുതിയ ഫീച്ചറിന് കേന്ദ്ര സര്‍ക്കാരിന്റെ താല്‍കാലിക വിലക്ക്. വ്യാജ അക്കൗണ്ടുകള്‍ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ക്കും ആള്‍മാറാട്ടത്തിനും ഈ സംവിധാനം കാരണമായേക്കുമെന്ന ശക്തമായ സുരക്ഷാ ആശങ്കയെത്തുടര്‍ന്നാണ് കേന്ദ്ര ഇലക്ട്രോണിക്‌സ്-വിവര സാങ്കേതിക മന്ത്രാലയത്തിന്റെ ഇടപെടല്‍.
വിഷയത്തില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നത് വരെ ഇന്ത്യയില്‍ ഈ ഫീച്ചര്‍ അവതരിപ്പിക്കരുതെന്ന് മെറ്റാ ഉടമസ്ഥതയിലുള്ള വാട്സ് ആപ്പിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സംവിധാനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ഒരുക്കിയിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും മൂന്ന് ദിവസത്തിനകം വിശദമായ മറുപടി നല്‍കാന്‍ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
പ്രധാന ആശങ്കകള്‍
ആള്‍മാറാട്ട സാധ്യത: ഔദ്യോഗിക സ്ഥാപനങ്ങളുടെയോ, പ്രമുഖ വ്യക്തികളുടെയോ പേരിനോട് സാദൃശ്യമുള്ള യൂസര്‍നെയിമുകള്‍ നിര്‍മിച്ച് തട്ടിപ്പുകാര്‍ ജനങ്ങളെ പറ്റിക്കാന്‍ സാധ്യതയുണ്ടെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
അന്വേഷണങ്ങളിലെ പ്രതിസന്ധി: നിലവില്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നത്. എന്നാല്‍ നമ്പര്‍ മറച്ചുവെച്ച് പ്ലാറ്റ്ഫോം നിയന്ത്രിക്കുന്ന യൂസര്‍നെയിമിലേക്ക് മാറുമ്പോള്‍, കുറ്റവാളികളെ കണ്ടെത്താന്‍ നിയമപാലകര്‍ക്ക് ബുദ്ധിമുട്ട് നേരിട്ടേക്കാം.
ഉത്തരവാദിത്തം പ്ലാറ്റ്ഫോമുകള്‍ക്ക്: പുതിയ അപ്ഡേറ്റുകള്‍ സൈബര്‍ തട്ടിപ്പുകള്‍ക്ക് വഴിമാറിയാല്‍ അതിന്റെ പൂര്‍ണമായ നിയമപരമായ ഉത്തരവാദിത്തം മെസേജിങ് ആപ്പുകള്‍ക്കായിരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വര്‍ധിക്കുമ്പോള്‍ സൈബര്‍ ആക്രമണ സാധ്യതകളും കൂടും. സുരക്ഷ എന്നത് സംവിധാനങ്ങള്‍ രൂപകല്‍പന ചെയ്യുമ്പോള്‍ തന്നെ ഉള്‍പ്പെടുത്തേണ്ട ഒന്നാണ്, അല്ലാതെ പിന്നീട് ആലോചിക്കേണ്ട കാര്യമല്ല. ആപ്പുകളുടെ ഘടന ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് കമ്പനികള്‍ ഉറപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
യൂസര്‍മാരുടെ സ്വകാര്യത കൂടുതല്‍ ശക്തമാക്കാനാണ് ഫോണ്‍ നമ്പര്‍ മറച്ചുവെയ്ക്കാന്‍ സഹായിക്കുന്ന ഈ ഫീച്ചര്‍ കൊണ്ടുവന്നതെന്നാണ് വാട്സ്ആപ്പിന്റെ വിശദീകരണം. ആള്‍മാറാട്ടം തടയാന്‍ പ്രത്യേക സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും പ്രമുഖ വ്യക്തികളുടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പേരുകള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്ത് സംരക്ഷിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കൂടാതെ ഒരാളെ ആദ്യമായി കോണ്‍ടാക്ട് ചെയ്യാന്‍ കൃത്യമായ യൂസര്‍നെയിം അറിഞ്ഞിരിക്കണമെന്നും ഇതിനായി പബ്ലിക് ഡയറക്ടറി ഉണ്ടാകില്ലെന്നും വാട്സ്ആപ്പ് വ്യക്തമാക്കുന്നു.
എങ്കിലും 50 കോടിയിലധികം ഉപയോക്താക്കളുള്ള ഇന്ത്യയില്‍, പൂര്‍ണമായ സുരക്ഷ ഉറപ്പാക്കാതെ ഈ ഫീച്ചര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.