ദുക്റാന തിരുനാളിനും സഭാദിനാഘോഷത്തിനും കാക്കനാട് മൗണ്ട് സെന്റ് തോമസ് ഒരുങ്ങി

ദുക്റാന തിരുനാളിനും സഭാദിനാഘോഷത്തിനും കാക്കനാട് മൗണ്ട് സെന്റ് തോമസ് ഒരുങ്ങി

കൊച്ചി: വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വ ദിനമായ ജൂലൈ മൂന്ന് വെള്ളിയാഴ്ച സീറോ മലബാർ സഭയുടെ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ ദുക്റാന തിരുനാളും സഭാദിനാഘോഷവും വിപുലമായി ആചരിക്കുന്നു. രാവിലെ 8.30 ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പതാക ഉയർത്തുന്നതോടെ ആഘോഷങ്ങൾക്ക് തുടക്കമാകും.

തുടർന്ന് 8.45ന് മേജർ ആർച്ച് ബിഷപ്പിന്റെ മുഖ്യകാർമ്മികത്വത്തിൽ റാസ കുർബാന അർപ്പിക്കും. ബിഷപ്പ് എമിരിറ്റസ് മാർ ബോസ്കോ പുത്തൂർ വചന സന്ദേശം നൽകും.

രാവിലെ 11 ന് നടക്കുന്ന പൊതുസമ്മേളനത്തിൽ മന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും. സണ്ണി ജോസഫ്, മോൻസ് ജോസഫ്, റോജി എം. ജോൺ, ചീഫ് വിപ്പ് അപു ജോൺ ജോസഫ് എന്നിവർ ചടങ്ങിൽ അതിഥികളായെത്തും. സീറോ മലബാർ സഭാംഗവും പ്രവാസി വ്യവസായിയുമായ ഷെവലിയർ ഡേവിസ് എടക്കളത്തൂരിനെ ചടങ്ങിൽ പ്രത്യേകമായി ആദരിക്കും.

2026 ഒക്ടോബറിൽ റോമിൽ നടക്കുന്ന കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ മീറ്റിന് മുന്നോടിയായി 40 രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്ന പതാക പ്രയാണത്തിന്റെ ഉദ്ഘാടനം മേജർ ആർച്ച് ബിഷപ്പ് നിർവഹിക്കും. ഗ്ലോബൽ പ്രസിഡന്റ് പ്രൊഫസർ രാജീവ് കൊച്ചുപറമ്പിലിന് പതാക കൈമാറിക്കൊണ്ടാണ് ഔദ്യോഗിക ഉദ്ഘാടനം.

"ഹിസ്റ്ററി ഓഫ് ക്രിസ്ത്യാനിറ്റി ഇൻ ഇന്ത്യ" പുസ്തക പരമ്പരയിലെ രണ്ടാമത്തെ വാല്യം പ്രകാശനം ചെയ്യും. ബിഷപ്പ് മാർ ടോണി നീലങ്കാവിൽ, റവ. ഡോ. പയസ് മലേക്കണ്ടത്തിൽ എന്നിവർ ചടങ്ങിൽ സംസാരിക്കും.

മാർതോമാ നസ്രാണികളുടെ വിശ്വാസ പൈതൃകം വിളിച്ചോതുന്ന ഈ മഹാസംഗമത്തിൽ സഭയുടെ വിവിധ രൂപതകളിൽ നിന്നുള്ള വൈദികരും സമർപ്പിതരും അല്മായ പ്രതിനിധികളും സംബന്ധിക്കും


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.