ഭക്ഷണ വില കുറയുമോ? പശ്ചിമേഷ്യന്‍ പ്രതിസന്ധിക്ക് അയവ്; വാണിജ്യ സിലിണ്ടറുകള്‍ക്ക് 183 രൂപയോളം കുറച്ച് കേന്ദ്ര സര്‍ക്കാര്‍

ഭക്ഷണ വില കുറയുമോ? പശ്ചിമേഷ്യന്‍ പ്രതിസന്ധിക്ക് അയവ്; വാണിജ്യ സിലിണ്ടറുകള്‍ക്ക് 183 രൂപയോളം കുറച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഹോട്ടല്‍, റെസ്റ്റോറന്റ്, കാറ്ററിങ് മേഖലകള്‍ക്ക് ആശ്വാസം പകര്‍ന്ന് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറുകളുടെ വില കേന്ദ്ര സര്‍ക്കാര്‍ കുത്തനെ കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ 183.50 രൂപയുടെ ഇളവാണ് വരുത്തിയിട്ടുള്ളത്. പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.

ഇതോടെ തലസ്ഥാനമായ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 2,930 രൂപയായി കുറഞ്ഞു. കൊല്‍ക്കത്തയില്‍ 174 രൂപ കുറഞ്ഞ് 3,081.50 രൂപയും, പട്‌നയില്‍ 173 രൂപ കുറഞ്ഞ് 3,227 രൂപയുമാണ് പുതിയ നിരക്ക്. എന്നാല്‍ പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന 14.2 കിലോഗ്രാം ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ ഇത്തവണ മാറ്റമില്ല.

പശ്ചിമേഷ്യയില്‍ നിലനിന്നിരുന്ന യുദ്ധ സാഹചര്യങ്ങള്‍ക്ക് താല്‍കാലിക ശമനമുണ്ടായതാണ് ആഗോള വിപണിയിലും അതിന്റെ പ്രതിഫലനമായി ആഭ്യന്തര വിപണിയിലും വില കുറയാന്‍ കാരണം. യു.എസും ഇറാനും തമ്മില്‍ 60 ദിവസത്തെ താല്‍കാലിക വെടിനിര്‍ത്തല്‍ കരാര്‍ നീട്ടിയതോടെ രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയും വാതക വിലയും വലിയ തോതില്‍ ഇടിഞ്ഞു. ഇറാനെതിരായ ഇസ്രയേല്‍-യു.എസ് നീക്കങ്ങളെ തുടര്‍ന്ന് ലോകത്തെ 20 ശതമാനത്തോളം എണ്ണ-വാതക വിതരണം നടക്കുന്ന ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ തടസപ്പെടുത്തിയിരുന്നു. നിലവില്‍ ഇവിടുത്തെ കപ്പല്‍ സര്‍വീസുകള്‍ പുനസ്ഥാപിക്കപ്പെട്ടത് ആഗോളതലത്തിലെ ഇന്ധന വിതരണ പ്രതിസന്ധി പൂര്‍ണമായി ഒഴിവാക്കിയിരിക്കുകയാണ്.

ലോജിസ്റ്റിക്‌സ് പ്രതിസന്ധി രൂക്ഷമായ സമയത്ത് രാജ്യത്തെ കുടുംബങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനായി വാണിജ്യ എല്‍പിജി വിതരണത്തിന് കേന്ദ്ര സര്‍ക്കാര്‍ ചില താല്‍കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വിപണിയിലെ വിതരണ ശൃംഖല സാധാരണ നിലയിലായതിനെ തുടര്‍ന്ന് ഈ നിയന്ത്രണങ്ങള്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും നീക്കം ചെയ്തു. വാണിജ്യ സിലിണ്ടറുകള്‍ക്ക് വില കുറഞ്ഞതോടെ വിപണിയില്‍ ഹോട്ടല്‍ ഭക്ഷണ സാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

അതിനിടെ രാജ്യാന്തര വിപണിയിലെ മാറ്റങ്ങള്‍ കണക്കിലെടുത്ത് നയാര എനര്‍ജി പോലുള്ള സ്വകാര്യ കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വിലകളില്‍ നേരിയ കുറവ് വരുത്തിയിട്ടുണ്ടെങ്കിലും പൊതുമേഖലാ കമ്പനികളുടെ ഇന്ധന വിലയില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് ഔദ്യോഗിക നിര്‍ദേശങ്ങളൊന്നും നിലവില്‍ വന്നിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.