കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മണലൂര്‍ എം.എല്‍.എയുമായ പി.എ മാധവന്‍ (80) അന്തരിച്ചു. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രി 11:14 ഓടെയായിരുന്നു അന്ത്യം.
കഴിഞ്ഞ ഫെബ്രുവരിയില്‍ തൃശൂര്‍ മുണ്ടൂര്‍ ഒളരിക്ക് സമീപമുണ്ടായ വാഹനാപകടത്തിലാണ് അദേഹത്തിന് ഗുരുതരമായി പരിക്കേറ്റത്. അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് കുടുംബം നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടന്നുവരികയാണ്.
ജനകീയനായ രാഷ്ട്രീയ നേതാവ്
13 ാം വയസില്‍ വിമോചന സമരത്തിലൂടെ വിദ്യാര്‍ഥി രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന പി.എ മാധവന്‍ തൃശൂരിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ശക്തനായ തൂണുകളിലൊന്നായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ജില്ലാ ജനറല്‍ സെക്രട്ടറി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം തൃശൂര്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയായും തുടര്‍ന്ന് ഡി.സി.സി വൈസ് പ്രസിഡന്റ്, ഡി.സി.സി പ്രസിഡന്റ് എന്നീ നിലകളിലും മികച്ച സംഘാടകനായി തിളങ്ങി. 2011 മുതല്‍ 2016 വരെയുള്ള കാലയളവില്‍ മണലൂര്‍ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് അദേഹം നിയമസഭയിലെത്തി. നിലവില്‍ കെ.പി.സി.സി നിര്‍വാഹക സമിതി അംഗമാണ്.
രാഷ്ട്രീയത്തിന് പുറമെ സഹകരണ മേഖലയിലും തൊഴിലാളി യൂണിയന്‍ രംഗത്തും അദേഹം സജീവമായിരുന്നു. സീതാറാം സ്പിന്നിങ് മില്‍ ഡയറക്ടര്‍, മാലാ കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മില്‍ ചെയര്‍മാന്‍, തൃശൂര്‍ ജില്ലാ മത്സ്യ വിപണന തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൂടാതെ കെ.എസ്.ഇ.ബി തൊഴിലാളി യൂണിയന്‍, റെയില്‍വേ ഗുഡ്സ് ഷെഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ എന്നിവയുടെ നേതൃത്വത്തിലും ഉണ്ടായിരുന്നു. 1967 മുതല്‍ ലൈസന്‍സുള്ള ഒരു ആധാരമെഴുത്തുകാരന്‍ കൂടിയായിരുന്നു അദേഹം.
മലമേല്‍പ്പാട്ടിയത്ത് അച്യുതന്‍ നായരുടെയും പാര്‍വതി അമ്മയുടെയും മകനാണ് മുണ്ടൂര്‍ സ്വദേശിയായ പി.എ മാധവന്‍. ഭാര്യ സാവിത്രി. മക്കള്‍ സമീര്‍, സാമോദ്.
സംസ്‌കാര ചടങ്ങുകള്‍ പിന്നീട് തീരുമാനിക്കും. അദേഹത്തിന്റെ വിയോഗത്തില്‍ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.