തിരുവനന്തപുരം: സംസ്ഥാനത്ത് പോളിയോ തുള്ളി മരുന്ന് ആവശ്യമായ അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും വന്‍ കുറവ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വാക്‌സിനേഷന്‍ പട്ടികയില്‍ ഉള്‍പ്പെടുന്ന കുട്ടികളുടെ എണ്ണത്തില്‍ 6.2 ലക്ഷത്തിന്റെ കുറവാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. കേരളത്തിലെ ജനന നിരക്കില്‍ പ്രകടമാകുന്ന വലിയ ഇടിവാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
2016 ല്‍ സംസ്ഥാനത്ത് അഞ്ച് വയസില്‍ താഴെയുള്ള 26 ലക്ഷം കുട്ടികളെയാണ് പോളിയോ വാക്‌സിനേഷനായി പരിഗണിച്ചിരുന്നത്. എന്നാല്‍ 2026 ലേക്ക് എത്തുമ്പോള്‍ ഈ സംഖ്യ 19.8 ലക്ഷമായി ചുരുങ്ങി. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 2018 മുതലാണ് കുട്ടികളുടെ എണ്ണത്തിലെ ഈ കുറവ് വ്യക്തമായി പ്രകടമാകാന്‍ തുടങ്ങിയത്. ആരോഗ്യ വകുപ്പ് തയ്യാറാക്കുന്ന ലക്ഷ്യ വിവരങ്ങളില്‍ 88 മുതല്‍ 96 ശതമാനം വരെ കുട്ടികള്‍ നിശ്ചിത ദിവസം തന്നെ തുള്ളി മരുന്ന് സ്വീകരിക്കാറുണ്ട്. ബാക്കി വരുന്നവര്‍ക്ക് തൊട്ടടുത്ത ദിവസങ്ങളില്‍ വീടുകളില്‍ എത്തിയാണ് വാക്‌സിന്‍ ഉറപ്പാക്കുന്നത്.
കാരണങ്ങളില്‍ ഒരു കുട്ടി മതി എന്ന ചിന്തയും പ്രവാസവും
കേരളത്തിലെ പുതുതലമുറ ദമ്പതിമാരുടെ ചിന്താഗതിയിലുണ്ടായ വലിയ മാറ്റമാണ് ജനനനിരക്ക് കുറയാന്‍ കാരണമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു കുട്ടി മാത്രം മതി എന്ന നിലപാടിലേക്ക് ഭൂരിഭാഗം പേരും മാറിയിട്ടുണ്ട്. ചിലര്‍ കുട്ടികള്‍ വേണ്ടെന്ന തീരുമാനമെടുക്കുമ്പോള്‍, വിവാഹ ജീവിതത്തോട് തന്നെ താല്‍പര്യമില്ലാത്തവരുടെ എണ്ണവും വര്‍ധിക്കുകയാണ്. ഇതിനുപുറമേ ഉന്നത വിദ്യാഭ്യാസത്തിനും ജോലിക്കുമായി വിദേശത്തേക്ക് പോകുന്ന യുവാക്കള്‍ അവിടെത്തന്നെ സ്ഥിരതാമസമാക്കുന്നതും കേരളത്തിലെ കുട്ടികളുടെ എണ്ണം കുറയാന്‍ ഇടയാക്കുന്നു.
സര്‍ക്കാരിന് സാമ്പത്തിക ലാഭം
കുട്ടികളുടെ എണ്ണം കുറഞ്ഞതോടെ വാക്‌സിനേഷന്‍ യജ്ഞത്തിനായി സര്‍ക്കാരിന് വരുന്ന വലിയൊരു തുക ലാഭിക്കാന്‍ സാധിക്കുന്നുണ്ട്. ഒരു വയല്‍ വാക്‌സിന്‍ ഉപയോഗിച്ച് ശരാശരി 18 മുതല്‍ 20 കുട്ടികള്‍ക്ക് വരെ തുള്ളി മരുന്ന് നല്‍കാന്‍ സാധിക്കും. 2016 ല്‍ 26 ലക്ഷം കുട്ടികള്‍ക്കായി 1.30 ലക്ഷം വയല്‍ വാക്‌സിന്‍ വേണ്ടിയിരുന്ന സ്ഥാനത്ത് നിലവില്‍ ഒരു ലക്ഷം വയല്‍ വാക്‌സിന്‍ മാത്രമാണ് സര്‍ക്കാരിന് ആവശ്യമായി വരുന്നത്. ഇതിലൂടെ ഏതാണ്ട് 30,000 വയല്‍ വാക്‌സിന്റെ വലിയൊരു കുറവാണ് സര്‍ക്കാരിന്റെ ബാധ്യതയില്‍ ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ പത്ത് വര്‍ഷത്തെ കുട്ടികളുടെ കണക്ക് ഇങ്ങനെ (ലക്ഷത്തില്‍)
വര്‍ഷം കുട്ടികളുടെ എണ്ണം
2016 26
2017 26.16
2018 24.5
2019 24.5
2020 24.5
2021 24.49
2022 24.36
2023 19.8
2024 21
2025 21.11
2026 19.8
കുട്ടികളുടെ എണ്ണത്തിലുണ്ടായ ഈ കുറവ് വരും വര്‍ഷങ്ങളില്‍ കേരളത്തിന്റെ സാമൂഹിക, വിദ്യാഭ്യാസ മേഖലകളില്‍ വലിയ പ്രതിഫലനങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.