കടക്കെണിയില്‍ ചങ്ങനാശേരി കെഎസ്ആര്‍ടിസി ടെര്‍മിനല്‍; ചൈനക്കാരോട് വരെ കടം പറഞ്ഞു: ഒടുവില്‍ നിര്‍മാണം പൂര്‍ണമായും നിലച്ചു

കടക്കെണിയില്‍ ചങ്ങനാശേരി കെഎസ്ആര്‍ടിസി ടെര്‍മിനല്‍; ചൈനക്കാരോട് വരെ കടം പറഞ്ഞു: ഒടുവില്‍ നിര്‍മാണം പൂര്‍ണമായും നിലച്ചു

ചങ്ങനാശേരി: കോടികളുടെ വികസന പ്രഖ്യാപനങ്ങള്‍ ചുവപ്പുനാടയില്‍ കുരുങ്ങിയപ്പോള്‍ ചങ്ങനാശേരി കെഎസ്ആര്‍ടിസി ടെര്‍മിനലിന്റെ നിര്‍മാണം പൂര്‍ണമായും നിലച്ചു. ആദ്യ ഘട്ട ജോലികള്‍ റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കിയ കരാര്‍ കമ്പനിയായ ഊരാളുങ്കല്‍ സൊസൈറ്റിക്ക് ഒരൊറ്റ രൂപ പോലും സര്‍ക്കാര്‍ അനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.

പണി തീര്‍ത്ത വകയില്‍ ലഭിക്കാനുള്ള 2.5 കോടി രൂപയുടെ ബില്ലുകള്‍ മാസങ്ങളായി പാസാകാതെ കിടക്കുന്നതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. ഇതിനിടെ ടെര്‍മിനല്‍ സൗന്ദര്യ വല്‍ക്കരണത്തിനായി ചൈനയില്‍ നിന്ന് സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ കുടിശിക വന്നതോടെ ചൈനീസ് കമ്പനിയോട് വരെ കടം പറയേണ്ടി വന്ന നാണക്കേടിലാണ് അധികൃതര്‍.

യാത്രക്കാര്‍ക്കുള്ള ആധുനിക വിശ്രമ കേന്ദ്രം, ശുചിമുറി കോംപ്ലക്‌സ്, ഡോര്‍മട്രി, കോഫി ഷോപ്പ്, ക്ലോക്ക് റൂം, സ്റ്റേഷന്‍ മാസ്റ്റര്‍ റൂം തുടങ്ങിയ പ്രധാന സൗകര്യങ്ങളെല്ലാം ഇനി രണ്ടാം ഘട്ടത്തിലാണ് പൂര്‍ത്തിയാകേണ്ടത്. പദ്ധതിക്കായി മൊത്തം ഏഴ് കോടി അഞ്ച് ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നെങ്കിലും ആറ് കോടി 23 ലക്ഷം രൂപയ്ക്കാണ് ഊരാളുങ്കല്‍ സൊസൈറ്റി ടെന്‍ഡര്‍ ഏറ്റെടുത്തത്.

ടെര്‍മിനലിനെ കൂടുതല്‍ മനോഹരമാക്കാന്‍ ലക്ഷ്യമിട്ടുള്ള സ്റ്റീല്‍ നിര്‍മിത കുട രൂപത്തിലുള്ള മേല്‍ക്കൂരയ്ക്കായി ചൈനയില്‍ നിന്നാണ് സാധനങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടത്. ഇതിനായി 14 ലക്ഷം രൂപ ഇതിനകം നല്‍കിയിട്ടുണ്ടെങ്കിലും ബാക്കി തുകയായ 35 ലക്ഷം രൂപ കൂടി നല്‍കിയാല്‍ മാത്രമേ ചൈനയില്‍ നിന്നുള്ള ഇറക്കുമതി സാധ്യമാകൂ. ഫണ്ട് പ്രതിസന്ധി കാരണം ചൈനീസ് കമ്പനിയോട് വരെ കടം പറയേണ്ടി വന്ന അവസ്ഥയിലാണ് നിലവില്‍ അധികൃതര്‍.

2025 ഏപ്രില്‍ രണ്ടിനാണ് നവീകരണത്തിനായി ചങ്ങനാശേരി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് അടച്ചിട്ടത്. ഒരു വര്‍ഷത്തിനുള്ളില്‍ പണി തീര്‍ക്കുമെന്ന കരാറിലായിരുന്നു ഇതെങ്കിലും ബില്ലുകള്‍ മാറാത്തത് കാരണം ജനങ്ങള്‍ ഇപ്പോഴും പെരുവഴിയിലാണ്. വിഷയം വിനു ജോബ് എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ചതിനെ തുടര്‍ന്ന്, സ്ഥലം നേരിട്ട് സന്ദര്‍ശിച്ച് ആവശ്യമായ തീരുമാനമെടുക്കുമെന്ന് മന്ത്രി സി.പി ജോണ്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.