പ്രപഞ്ചോത്പത്തിക്ക് കാരണമായ മഹാ വിസ്‌ഫോടനം പുനസൃഷ്ടിച്ച് ദൈവ കണത്തെ കണ്ടെത്തി; സ്വിറ്റ്‌സര്‍ലന്‍ഡിലെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിന് ഇനി താല്‍ക്കാലിക വിശ്രമം

പ്രപഞ്ചോത്പത്തിക്ക് കാരണമായ മഹാ വിസ്‌ഫോടനം പുനസൃഷ്ടിച്ച് ദൈവ കണത്തെ കണ്ടെത്തി; സ്വിറ്റ്‌സര്‍ലന്‍ഡിലെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിന് ഇനി താല്‍ക്കാലിക വിശ്രമം

ജനീവ: കണികാ പരീക്ഷണത്തിന് വേണ്ടി നിര്‍മ്മിച്ച സ്വിറ്റ്‌സര്‍ലന്‍ഡിലെ പ്രശസ്തമായ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (എല്‍.എച്ച്.സി) നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി താത്കാലികമായി അടച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് എല്‍.എച്ച്.സി അടച്ചത്. ഇനി 2030 ലേ പ്രവര്‍ത്തനം പുനരാരംഭിക്കൂ.

പഴയ യന്ത്രങ്ങള്‍ മാറ്റി കാന്തിക ശക്തി വര്‍ധിപ്പിക്കുന്നതിനും പ്രധാന ഡിറ്റക്ടറുകളുടെ ഭാഗങ്ങള്‍ പരിഷ്‌കരിക്കുന്നതിനും വേണ്ടിയാണ് കൊളൈഡറിന് വിശ്രമം അനുവദിച്ചിരിക്കുന്നത്. നവീകരണ പ്രവര്‍ത്തനങ്ങളോടെ കൂടുതല്‍ കരുത്ത് നേടുന്ന എല്‍.എച്ച്.സി 'ഹൈ ലൂമിനോസിറ്റി ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (എച്ച്.എല്‍ - എല്‍.എച്ച്.സി) എന്ന് അറിയപ്പെടും.

ലോകത്തെ ഏറ്റവും വലിയ ശാസ്ത്ര പരീക്ഷണ ശാലയെന്ന് അറിയപ്പെടുന്ന യന്ത്രമാണ് എല്‍.എച്ച്.സി. മനുഷ്യന്‍ നിര്‍മ്മിച്ച ഏറ്റവും വലിയ യന്ത്രവും ഇതു തന്നെ. ജനീവയ്ക്കടുത്ത് സ്വിറ്റ്‌സര്‍ലന്‍ഡിന്റെയും ഫ്രാന്‍സിന്റെയും അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ 175 മീറ്റര്‍ വരെ ആഴത്തില്‍ 27 കിലോ മീറ്റര്‍ ചുറ്റളവിലാണ് എല്‍.എച്ച്.സിയുള്ളത്. പത്ത് വര്‍ഷം കൊണ്ട് പതിനായിരത്തിലേറെ ഗവേഷകരുടെ സഹകരണത്തോടെ നിര്‍മ്മിച്ച ഇവിടെ 2010 മുതലാണ് പരീക്ഷണങ്ങള്‍ തുടങ്ങിയത്.

പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളുടെയും സൃഷ്ടിക്കു പിന്നില്‍ 'ദൈവകണം' എന്ന അദൃശ്യ കണികയാണെന്ന വിഖ്യാത ഗവേഷകന്‍ പീറ്റര്‍ ഹിഗ്‌സിന്റെ പ്രവചനം തെളിയിക്കാന്‍ യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് ആണ് ഇത് നിര്‍മ്മിച്ചത്.

പ്രപഞ്ചോത്പത്തിക്ക് കാരണമായ മഹാ വിസ്‌ഫോടനം എല്‍.എച്ച്.സില്‍ പുനസൃഷ്ടിച്ചു. ഉഗ്ര ഊര്‍ജ്ജമുള്ള പ്രോട്ടോണ്‍ കണികകളെ പ്രകാശ വേഗതയില്‍ വിപരീത ദിശകളില്‍ കൂട്ടിയിടിപ്പിച്ചു. അതിശക്തമായ ആഘാതത്തില്‍ ദൈവ കണങ്ങള്‍ പിറവിയെടുക്കുന്നതായി 2012 ല്‍ കണ്ടെത്തി. കണത്തിന് 'ഹിഗ്‌സ് ബോസോണ്‍' എന്നാണ് പേരിട്ടത്.

ഓരോ സെക്കന്‍ഡിലെയും കണികകളുടെ കൂട്ടിയിടി നിരക്ക് കൂട്ടുകയാണ് നവീകരണത്തിന്റെ ലക്ഷ്യം. 'ഡാര്‍ക്ക് മാറ്റര്‍' അടക്കം ഭൗതികശാസ്ത്ര രഹസ്യങ്ങളുടെ ചുരുളഴിയിക്കാന്‍ ഇത് സഹായിക്കുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ വിലയിരുത്തല്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.