'വൊസീഞ്ഞയുടെ പിതാവാണെന്നറിയാതെ ചോദ്യം; മറുപടി കേട്ട് അത്ഭുതപ്പെട്ട് മാധ്യമ പ്രവര്‍ത്തകന്‍

'വൊസീഞ്ഞയുടെ പിതാവാണെന്നറിയാതെ ചോദ്യം; മറുപടി കേട്ട് അത്ഭുതപ്പെട്ട് മാധ്യമ പ്രവര്‍ത്തകന്‍

മയാമി: ശനിയാഴ്ച നടന്ന അര്‍ജന്റീന-കേപ് വെര്‍ദേ മത്സരത്തിന് തൊട്ടുമുന്‍പ് മയാമി സ്റ്റേഡിയത്തിന് മുന്നില്‍ കേപ് വെര്‍ദേയുടെ പതാക പുതച്ചെത്തിയ ആളോട് ബ്രസീലിയന്‍ ടിവി റിപ്പോര്‍ട്ടര്‍ മത്സരത്തില്‍ എന്തു സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചോദിച്ചു. ഫലമെന്തായാലും ഞങ്ങള്‍ക്ക് നല്ലതു തന്നെ എന്നായിരുന്നു അദേഹത്തിന്റെ മറുപടി.

'വൊസീഞ്ഞ പെനാല്‍റ്റികള്‍ തടുക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ'?.. റിപ്പോര്‍ട്ടറുടെ അടുത്ത ചോദ്യം. 'ഉണ്ട്' എന്ന് മറുപടി. 'അങ്ങനെ തോന്നാന്‍ കാരണം'?.. മൂന്നാമത്തെ ചോദ്യം. 'അവന്‍ എന്റെ മകനാണ്' എന്നായിരുന്നു മറുപടി. അതുകേട്ട് റിപ്പോര്‍ട്ടര്‍ ഒരു നിമിഷം അമ്പരന്നു പോയി.

ലോകകപ്പില്‍ തോറ്റെങ്കിലും ഇതിനോടകം തരംഗമായി മാറിയ കേപ് വെര്‍ദേ എന്ന ചെറിയ ദ്വീപ് രാജ്യത്തിന്റെ സൂപ്പര്‍ ഗോളി വൊസീഞ്ഞയുടെ പിതാവ് ഹോസെ പെദ്രോ ഡയസുമായുള്ള മാധ്യമ പ്രവര്‍ത്തകന്റെ അപ്രതീക്ഷിത അഭിമുഖം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

അര്‍ജന്റീനയോട് പൊരുതിത്തോറ്റെങ്കിലും ലോകകപ്പ് ഫുട്‌ബോളിലെ പുതിയ ഹീറോയായി മാറിയിരിക്കുകയാണ് കേപ് വെര്‍ദേയുടെ നാല്‍പതുകാരനായ ഗോള്‍ കീപ്പര്‍ വൊസീഞ്ഞ.

'ഞാന്‍ മാറ്റാരെക്കാളും അവനെ ഓര്‍ത്ത് അഭിമാനിക്കുന്നു. ഇത് അത്ഭുതമാണ്. അതല്ലാതെ മത്സരത്തെ വിശേഷിപ്പിക്കാന്‍ മറ്റു വാക്കുകളില്ല. എല്ലാം ദൈവത്തിന്റെ അനുഗ്രഹംകൊണ്ടാണ്'- പിതാവ് പറഞ്ഞു. സ്റ്റേഡിയത്തിന് പുറത്തുവച്ച് ഒരു സാധാരണ കേപ് വെര്‍ദേ ആരാധകനാണെന്ന് കരുതിയാണ് മാധ്യമ പ്രവര്‍ത്തകന്‍ വൊസീഞ്ഞയുടെ കഴിവിനെ കുറിച്ച് പിതാവ് ഹോസെ പെദ്രോ ഡയസിനോട് ചോദിച്ചത്.

ശനിയാഴ്ച നടന്ന പ്രീക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ മുള്‍മുനയില്‍ നിര്‍ത്തിയ പ്രകടത്തിന് ശേഷമാണ് കേപ് വെര്‍ദേ 3-2 ന് കീഴടങ്ങിയത്. എന്നാല്‍ കളിക്കളത്തില്‍ ഇതിഹാസ താരം ലയണല്‍ മെസിയുടെ തകര്‍പ്പന്‍ ഫ്രീകിക്ക് അടക്കം എട്ടോളം നിര്‍ണായകമായ സേവുകളുമായി പ്രതിരോധംതീര്‍ത്ത വൊസീഞ്ഞ ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളുടെ മനസില്‍ ഇടം നേടിക്കഴിഞ്ഞു.

ഗ്രൂപ്പ് ഘട്ടത്തില്‍ സ്‌പെയിനെതിരെ ഏഴ് തകര്‍പ്പന്‍ സേവുകള്‍ നടത്തി 'പ്ലെയര്‍ ഓഫ് ദി മാച്ച്' പുരസ്‌കാരം നേടിയതോടെയാണ് വൊസീഞ്ഞയും കേപ് വെര്‍ദേയും ആദ്യമായി ലോക ശ്രദ്ധ നേടിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.